Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുസാൽക്ക് കാസ്രോട്; ഉസാർക്ക് മമ്മൂക്ക

mammootty-ranjith

കുമ്മട്ടിക്കാ ജ്യൂസ് മാത്രമല്ല, മമ്മൂട്ടിക്കാക്ക് ഇഷ്ടമുള്ള ഒരുഗ്രൻ പ്രയോഗവുമുണ്ട്. ‘ഉസാർക്ക് മുന്ത്രിങ്ങ, കുസാൽക്ക് നാരങ്ങ’.ഉഷാറാക്കി, കുശാലാക്കി എന്നെല്ലാം പറഞ്ഞ് ആകെ മൊത്തം ഗംഭീരമാക്കിയെന്ന് പറയാൻ കാസർകോടുകാർ താളാത്മകമായി പറയുന്ന ഡയലോഗ്.

‘ഇടയ്ക്കിടെ നീയിതു പറഞ്ഞോ, സംഗതി ജോറായിനി’– കാസർകോടൻ ശൈലി പറഞ്ഞു കൊടുത്ത തിരക്കഥാകൃത്ത് പി.വി. ഷാജികുമാറിനോടു കാസ്രോട് ശൈലിയിൽ മമ്മൂട്ടി നിർദേശിച്ചതും ആ ഇഷ്ടം കൊണ്ടാവുമല്ലോ? ആദ്യ കേൾവിയിൽ ചിരിച്ചെങ്കിലും മനസ്സു കൊണ്ട് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു കാസർകോടൻ ഭാഷ. ഇപ്പോഴിതാ മമ്മൂട്ടിയുടെ കാസർകോടൻ ഭാഷ സിനിമാ പ്രേമികളും സ്വീകരിച്ചിരിക്കുന്നു.

Puthan Panam || Official Trailer || Mammootty, Ranjith || Manorama Online

‘പുത്തൻപണം കലക്ഷൻ റെക്കോർഡുകൾ തിരുത്തും. കാരണം കാസർകോടൻ ഭാഷ മനസ്സിലാവണമെങ്കിൽ ചിത്രം രണ്ടു മൂന്നു തവണ കാണേണ്ടി വരും!’ – മലയാളത്തിന് അത്ര പരിചിതമല്ലാത്ത കാസർകോടൻ ഭാഷയുമായി തിയറ്ററുകളിലെത്തിയ പുത്തൻപണത്തെക്കുറിച്ചുള്ള ആദ്യ ട്രോളുകൾ ഇങ്ങനെയായിരുന്നു.

എന്നാൽ, സിനിമ തിയറ്ററുകളിലെത്തിയതോടെ ‘കാസർകോടൻ ഭാഷ’ തന്നെയാണ് ചർച്ചകളിലെങ്ങും.‘ഫ്രണ്ട്സുമ്മാറ് തമ്മാത്തമ്മില് കൊറേക്കയ്ഞ്ഞിറ്റ് കാണുമ്പോ ഒന്ന് മജയാക്കിറ്റില്ലേല്ല് എന്ത്ന്ന് പാങ്ങ്’ – പുത്തൻ പണത്തിലെ ഡയലോഗ് പോലെ തന്നെയാണ് ആ ഭാഷയും. പറയുന്നതിലും ഒരു മജ(ഭംഗി) വേണം.

പൂർണമായും കാസർകോട് ഭാഷയിൽ ഒരു മമ്മൂട്ടി കഥാപാത്രം ആദ്യമായി സംസാരിക്കുന്നുവെന്നതാണ് പുത്തൻപണത്തിന്റെ പ്രത്യേകത. കാസർകോട് തന്നെ പല ഭാഷശൈലികളുണ്ട് എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് സംവിധായകൻ രഞ്ജിത്തിനൊപ്പം തിരക്കഥയിൽ പങ്കാളിയായ പി.വി.ഷാജികുമാർ പറയുന്നു. നേരം സന്ധ്യയായൽ മോന്തി എന്നാവും കാസർകോടുകാർ പറയുക. ചൗട്ട് മാറിയെങ്ക് ആനയും ബൂഉം– അടി തെറ്റിയാൽ ആനയും വീണു പോകുന്ന ഈ ഭാഷയിലാണ് കുമ്പളക്കാരൻ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി കസറുന്നത്.

‘‘മേങ്ങാതെ മോങ്ങിട്ട് മടങ്ങാൻ ഷേണായി ബേറെ ജനിക്കണം, നീയെന്ത് ബിചാരിച്ചിനി. കുമ്പളക്കാരൻ നിത്യാനന്ദ ഷേണായി ബെറും ബഗഡനാന്ന...’’

എങ്ങും മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകൾ മുഴങ്ങുമ്പോൾ ഈനപ്രം ന്തന്ന് പറയാൻ?