Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജിത്തിന്റെ ഏദൻതോട്ടം

ramante-edan-thottam-ranjith-sankar

മെന്റലിസത്തിലൂടെചിരിപ്പിച്ച പ്രേതത്തിനു ശേഷം രാമന്റെ ഏദൻതോട്ടം എന്ന ചിത്രവുമായി രഞ്ജിത് ശങ്കറർ വരികയാണ്. ഇൗ ചിത്രത്തിലേക്കെത്തിയതിനെക്കുറിച്ച് കുറിച്ചൊരു കഥ തന്നെ പറയാനുണ്ട് രഞ്ജിത്തിന്. പാസഞ്ചർ എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യണമെന്നു വിചാരിച്ച പ്രമേയമാണ് രാമന്റെ ഏദന്‍തോട്ടത്തിന്റേത്. ആ സമയത്ത്  നെല്ലിയാമ്പതിയിലേക്കു പോയ യാത്രയിലാണ് രാമന്റെ ഏദൻതോട്ടം മനസിൽ വിരിയുന്നത്. നെല്ലിയാമ്പതിയിലെ റിസോർട്ടും ജീപ്പ് യാത്രയും അവിടെ കണ്ട രണ്ടു മനുഷ്യരുമൊക്കെയാണ് രാമന്റെ ഏദൻതോട്ടത്തിന്റെ സൃഷ്ടിയിലേക്കെത്തിച്ചതെന്ന് രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

നെല്ലിയാമ്പതിയിലെ കാഴ്ചകളിലെല്ലാം പ്രണയമായിരുന്നു. ഒരു പ്രണയാർദ്ര ചിത്രം ഈ കാഴ്ചകളിലൂടെ അവതരിപ്പിക്കണമെന്ന് അന്നേ തീരുമാനിച്ചതാണ്. അന്ന് അവിടെ താമസിച്ച റിസോർട്ട് അത്രയേറെ മനോഹരമായിരുന്നു. സ്വർഗം പോലൊരിടം. അവിടത്തെ പുലരികളും സായാഹ്നങ്ങളും മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത അനുഭൂതിയായിരുന്നു മനസിൽ നിറച്ചത്. നെല്ലിയാമ്പതി യാത്ര കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ മനസ്സിൽ ഉറപ്പിച്ചതാണീ ചിത്രം. 

കടുവകളെയും ആനകളെയുമൊക്കെ ഓടിക്കാനുളള വലിയൊരു വടിയുമൊക്കെയായി റിസോർട്ടിനടുത്തെ മാമ്പറയിലേക്ക് പോയ ജീപ്പ് ഓടിച്ച ഡ്രൈവറും റിസോർട്ടിലെ ഉടമസ്ഥനുമൊക്കെയാണ് രാമന്‍ എന്ന കഥാപാത്രമായി മാറിയത്. സിനിമയുടെ ലൊക്കേഷനായി അന്നേ നെല്ലിയാമ്പതിയിലെ റിസോർട്ടും പരിസര പ്രദേശവും ഉറപ്പിച്ചതുമാണ്. പാലക്കാട് വഴി എന്നു പോയാലും അവിടെ കയറാതിരുന്നിട്ടേയില്ല. പക്ഷേ രാമന്റെ ഏദൻതോട്ടം മനസിലൊരു സ്വപ്നമായി മാത്രം നിൽക്കുകയായിരുന്നു. കുറേ കാലമായി മനസിലുള്ള, ഹൊറർ ചിത്രമെന്ന സ്വപ്നത്തിലേക്കു പോയി. പ്രേതം കഴിഞ്ഞപ്പോൾ എനിക്കു മനസിലായി ഇനിയും ഈ പ്രമേയം നീട്ടിവച്ചാൽ എനിക്കൊരിക്കലും ചെയ്യാനാകില്ല എന്ന്.

ലൊക്കേഷനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമേയില്ലായിരുന്നു. നെല്ലിയാമ്പതിയിലേക്കു പോയത് ആ പ്രതീക്ഷയിലായിരുന്നു. പക്ഷേ ആ പഴയ രീതിയിലായിരുന്നില്ല റിസോർട്ട്. എന്റെ മനസിലുള്ള കഥയ്ക്ക് യോജിച്ചതായിരുന്നില്ല അത്. ബിജിബാലാണ് വാഗമൺ കുന്നുകളെ കുറിച്ചു പറഞ്ഞു തന്നത്. 

ലൊക്കേഷനു വേണ്ടിയുള്ള അന്വേഷണം പോലെ തന്നെ ശ്രമകരമായിരുന്നു നായികയെ കണ്ടെത്താനുള്ളതും. നൂറോളം പുതുമുഖങ്ങളെ കണ്ടെങ്കിലും കഥാപാത്രമായ മാലിനിയ്ക്ക് ഇണങ്ങുന്നവരായിരുന്നില്ല അവരാരും. ഷൂട്ടിങ് ആരംഭിക്കുന്നതിനു ദിവസങ്ങൾക്കു മുൻപാണ് അനു സിത്താരയെ തീരുമാനിച്ചത്. രഞ്ജിത് ശങ്കര്‍ പറയുന്നു.

മെയ് 12നാണ് രാമന്റെ ഏദൻതോട്ടം റിലീസ് ചെയ്യുന്നത്. രഞ്ജിത് തന്നെ നിർമാണവും വിതരണവും നടത്തുന്ന ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.