Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കിന്റെ ദുര്‍ഗന്ധം നാടിനെ നാണം കെടുത്തുന്നു: മന്ത്രിക്കെതിരെ മഞ്ജു വാര്യര്‍

manju-mani

പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച വൈദ്യുതി മന്ത്രി എം. എം. മണിക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി നടി മഞ്ജു വാരിയര്‍ രംഗത്ത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നതെന്നും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്നും മഞ്ജു പറഞ്ഞു.

മ​ഞ്ജു വാരിയറുടെ കുറിപ്പ് വായിക്കാം–

സ്ത്രീകൾക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തിൽ കുറേപ്പേർക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോൾ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രി എം.എം.മണിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. 

രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേർ ഒപ്പം നിൽക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയിൽ പരിഹസിച്ചതിലൂടെയും പ്രവർത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. 

ആർക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകൾ തന്നിൽ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തിൽ പെമ്പിളൈ ഒരുമയ്ക്കൊപ്പം....