Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2 കണ്ട സെൻസർ ബോർഡ് അംഗം പറയുന്നു

baahubali-first

ബാഹുബലി 2 പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. എല്ലാവർക്കും അറിയേണ്ടതും ഒറ്റ ചോദ്യത്തിനുത്തരം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഇപ്പോഴിതാ സിനിമ കണ്ട സെൻസർ ബോർഡ് അംഗത്തിന്റെ പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. 

നൂറില്‍ നൂറും നല്‍കാവുന്ന ബാഹുബലി രണ്ടാം ഭാഗത്തിനെ ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളില്‍ ഉള്ള ഒരു സിനിമയോ ആയി വിലയിരുത്താമെന്ന് യുഎഇ, യുകെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ഉമൈര്‍ സന്ധു പറയുന്നു. ബാഹുബലിയുടെ ആദ്യ പ്രദർശനം യുഎയിൽ നടന്നിരുന്നു. ഇത് കണ്ട ശേഷമാണ് ഉമൈർ സന്ധു പ്രതികരിച്ചത്. ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളിൽ ഒന്നായിരിക്കും ബാഹുബലി എന്നും ഉമൈര്‍ പറയുന്നു.

‘ഒന്നാം ഭാഗത്തിന് മുകളില്‍ നില്‍ക്കുന്നതാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ചിത്രത്തിന് ദൈര്‍ഘ്യവും കൂടുതലാണ്. മൂന്ന് മണിക്കൂര്‍ നീളുന്ന ഈ ചിത്രം ഒരിക്കലും മടുപ്പിക്കുകയില്ല. ഒരു രംഗവും അനാവശ്യമായി തോന്നിയില്ല. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഹോളിവുഡിനോട് കിടപിടിക്കുന്നതാണ്. റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ എ ബ്രിഡ്ജ് ടൂ ഫാര്‍, മെല്‍ഗിബ്‌സന്റെ ഹാക്‌സോ റിഡ്ജ് എന്നീ ചിത്രങ്ങളിലേതുപോലെ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളാണ് ബാഹുബലിയുള്ളത്’–ഉമൈര്‍ പറഞ്ഞു.

നാളെയാണ് ചിത്രത്തിന്റെ ഇന്ത്യൻ റിലീസ്. ഇന്ത്യയിലെ റിലീസിനേക്കാളും ഒരു ദിവസം മുന്നേയാണ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്. ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്‌സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈർ സന്ധു ഉപമിച്ചിരിക്കുന്നത്.

ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും സിനിമയിലെ താരങ്ങളെല്ലാം ഉജ്ജ്വല പ്രകടനമാണ്  കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രഭാസ് ആണ് അതിൽ ഏറ്റവും മികച്ചതെന്നും ഉമൈർ പറയുന്നു. തിരക്കഥയും ഗ്രാഫിക്സും എല്ലാം ആദ്യഭാഗത്തേക്കാൾ മികച്ചതാണെന്നാണ് ഉമൈർ പറയുന്നത്.