Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം വരവിലുമുണ്ട് ആ കുഞ്ഞുബാഹുബലി

akshita-baahubali അച്ഛനും അമ്മയ്ക്കും സഹോദനുമൊപ്പം അക്ഷിത

ബാഹുബലിയില്‍ ശിവഗാമിയുടെ വീറും വാശിയും തണുക്കുന്നത് ബാഹുബലി എന്ന പൈതലിനെ മാറോടു ചേര്‍ക്കുമ്പോഴാണ്. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവഗാമിയുടെ കൈകളില്‍ കിടന്ന കൈക്കുഞ്ഞ് ഒരു മലയാളിക്കുട്ടിയാണെന്നത് അധികമാര്‍ക്കുമറിയില്ല.

അക്ഷിത എന്ന ഒന്നര വയസ്സുകാരിയോട് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് ചോദിച്ചാൽ ഇത് എന്റെ സിനിമയാണെന്ന്  അവൾ  കൊഞ്ചിപ്പറയും. അതെ, റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ബാഹുബലിയില്‍  ഈ കൊച്ചു മിടുക്കിയും അംഗമാണ്. ഇപ്പോൾ പുറത്തിറങ്ങിയ ബാഹുബലി 2 വിലും അക്ഷിത അഭിനയിച്ച ഭാഗങ്ങൾ ഉണ്ട് എന്നുള്ളതാണ് കൊച്ചുമിടുക്കിക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം. ആദ്യഭാഗത്തിലെ ചില പ്രധാനഭാഗങ്ങൾ രണ്ടാം ഭാഗത്തിലും പുനരവതരിപ്പിക്കുന്നുണ്ട്.

വെറും പതിനെട്ട് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അക്ഷിത ചിത്രത്തിന്റെ ഭാഗമായത്. കാലടി നീലേശ്വരം സ്വദേശിയായ വത്സന്റെയും സ്മിതയുടെയും മകളാണ് അക്ഷിത.

കുഞ്ഞിനെ സിനിമയുടെ ഭാഗമാക്കിയപ്പോള്‍ ഇതൊരു ചരിത്ര സിനിമയാകുമെന്ന് അക്ഷിതയുടെ മതാപിതാക്കളും പ്രതീക്ഷിച്ചില്ല. അക്ഷിതയെ ഇത്രയേറെ സീനുകളിൽ കാണാന്‍ കഴിയുമെന്നും അവര്‍ കരുതിയില്ല. അതിനാൽ തന്നെ ചിത്രത്തിൽ അഭിനയിച്ചു എന്ന കാര്യം വീട്ടുകാര്‍ അയല്‍ക്കാരെയോ മറ്റു ബന്ധുക്കളെയോ അറിയിച്ചിരുന്നുമില്ല.

മൂന്നു വർഷം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിങ് അതിരപ്പിള്ളിയിൽ നടക്കുമ്പോൾ യാദൃശ്ചികമായാണ് അക്ഷിത സിനിമയുടെ ഭാഗമാകുന്നത്.  സിനിമയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവായിരുന്നു അക്ഷിതയുടെ അച്ഛൻ വത്സൻ.

ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ്  വത്സനും ഭാര്യ സ്മിതയും കുട്ടിയെ അഭിനയിപ്പിക്കാന്‍ തയാറായത്. അഞ്ചു ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.  അക്ഷിത വീണ്ടും അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ അക്ഷിതയുടെ അച്ഛന്റെ മറുപടി ഇങ്ങനെ: ‘അപ്രതീക്ഷിതമായാണ് അക്ഷിത സിനിമയിലെത്തിയത്. ഇനിയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അക്ഷിതയെ വീണ്ടും സിനിമയിൽ കാണാം.’