Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി പറഞ്ഞതും പ്രഭാസ് ചെയ്തതും

prabhas-prithvi

ബാഹുബലി 2– ദ കൺക്ലൂഷൻ ദൃശ്യവിസ്മയം കൊണ്ടുമാത്രമല്ല, മൂല്യങ്ങൾ കൊണ്ടും ഉയർന്നതാണ്. സ്ത്രീ വിരുദ്ധതയുടെ അംശം ലവലേശമില്ല എന്നതാണ് ബാഹുബലി 2–നെ വീണ്ടും ഔന്നിത്യത്തിലേയ്ക്ക് ഉയർത്തുന്ന ഘടകം. ബാഹുബലി 1–ന് നേരെ ഉയർന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ അവന്തിക എന്ന കഥാപാത്രത്തെ നായകന് ചുറ്റും കറങ്ങുന്ന നായികയാക്കി ഒതുക്കിയത്. ആ പേരുദോഷം എല്ലാരീതിയിലും തീർക്കുന്നതാണ് രണ്ടാംഭാഗം. ശിവഗാമി, ദേവസേന എന്നീ രണ്ടുസ്ത്രീകഥാപാത്രങ്ങൾ ഒരിടത്തുപോലും നായകന്റെ നിഴലിലായിപ്പോകുന്നില്ല. നായകന് എത്രമാത്രം പ്രധാന്യമുണ്ടോ അത്രമാത്രം പ്രധാന്യം തന്നെ ഈ രണ്ടുപേർക്കുമുണ്ട് ചിത്രത്തിൽ.

സ്വന്തം വ്യക്തിത്വവും അഭിപ്രായങ്ങളും യാതൊരു മടിയുമില്ലാതെ തുറന്നുപറയാൻ ധൈര്യമുള്ളവരാണ് ശിവഗാമിയും ദേവസേനയും. മഹിഷ്മതിയുടെ ഭാവിരാജ്ഞിക്ക് സൗന്ദര്യം മാത്രമല്ല വ്യക്തിത്വവും വീര്യവും അനിവാര്യമാണെന്ന രാജമാതാവ് ശിവഗാമിയുടെ വാചകങ്ങളിൽ നിന്നു തന്നെ തുടങ്ങുന്നു സിനിമയിലെ നായിക നായകന് ചുറ്റും ഉപഗ്രഹമാകേണ്ടവൾ അല്ല എന്നുള്ളതിനുള്ളിലുള്ള തെളിവുകൾ. എത്ര വീരനാണെന്ന് പറഞ്ഞാലും സ്വന്തം വ്യക്തിത്വം അംഗീകരിച്ചില്ലെങ്കിൽ കൂടെ വരാൻ കൂട്ടാക്കാത്ത ദേവസേനയും മഹിഷ്മതിയുടെ മരുമകൾക്ക് അഹങ്കാരം ഒരു അലങ്കാരമാണെന്ന് പറയുന്ന ശിവഗാമിയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ പ്രകാശിക്കുന്നു.

സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗിൽ സ്ത്രീവിരുദ്ധതയില്ല എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്. വില്ലനായ ബൽവാൽ ദേവൻ (റാണ ദഗുബതി) പോലും സ്ത്രീവിരുദ്ധത സംസാരിക്കുന്നില്ല. സ്ത്രീയുടെ ദേഹത്ത് അനുവാദമില്ലാതെ തൊടുന്നവന്റെ വിരൽ അല്ല വെട്ടേണ്ടത് തലയാണെന്ന് നായകൻ അമരേന്ദ്രബാഹുബലി പറയുമ്പോൾ തിയറ്റർ ഒന്നടങ്കമാണ് കൈയടിക്കുന്നത്. ഇത് മനസുകൊണ്ടെങ്കിലും സ്ത്രീകളുടെ ശരീരത്തിൽ അനുവാദമില്ലാതെ കടന്നു കയറുന്നവരുടെ ഹൃദയത്തിലേയ്ക്ക് എയ്യുന്ന അമ്പുകളിലൊന്നാണ്.

നടൻ പൃഥ്വിരാജ് സ്ത്രീവിരുദ്ധതയുള്ള കഥാപാത്രങ്ങൾ ചെയ്യില്ല എന്ന അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെ ബാഹുബലിയിലൂടെ അക്ഷരാർഥത്തിൽ പ്രഭാസ് പ്രാവർത്തികമാക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് ഭാര്യയെ വീട്ടിലിരുത്തി തനിയെ ഷൂട്ടിന് പോയ ഭർത്താവല്ല സംവിധായകനായ രാജമൗലി. സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർ രാജമൗലിയുടെ ഭാര്യ രമ രാജമൗലിയാണ്. രാജമൗലിയോടൊപ്പം ബാഹുബലിയെന്ന സിനിമയ്ക്കുവേണ്ടി അഞ്ചുവർഷങ്ങൾ രമയും മാറ്റിവച്ചു. രാജമൗലി ജീവിതത്തിൽ പാലിക്കുന്ന മൂല്യങ്ങളുടെ ലാഞ്ചനകൾ തന്നെയാണ് സിനിമയിലും പ്രതിഫലിച്ചത്.