Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ ആരും കത്തിമുനയിൽ നിർത്തിയിട്ടില്ല; വിശദീകരണവുമായി മഞ്ജു വാര്യർ

manju-warrier

തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ മഞ്ജു വാര്യരെ തടഞ്ഞുവെന്നും നടിക്ക് നേരെ വധഭീഷണി ഉണ്ടായെന്നും വാർത്ത വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ച് മഞ്ജു പത്രക്കുറിപ്പ് ഇറക്കി. 

മഞ്ജുവിന്റെ വിശദീകരണം വായിക്കാം–

എന്റെ പുതിയ ചിത്രമായ 'ഉദാഹരണം സുജാത'യുടെ ചിത്രീകരണം രണ്ടാഴ്ചയായി തിരുവനന്തപുരത്തെ ചെങ്കൽച്ചൂളയിൽ നടക്കുകയാണ്. ആദ്യ ദിവസം മുതൽ ഞങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് ചെങ്കൽച്ചൂള നിവാസികൾ ഒപ്പമുണ്ട്. അവരിലാരും വാക്കു കൊണ്ടു പോലും എന്നെ വേദനിപ്പിച്ചിട്ടില്ല. നിറയെ സ്നേഹവും ബഹുമാനവും നല്കി പ്രോത്സാഹിപ്പിച്ചിട്ടേ യുള്ളൂ. അതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. 

എന്നാൽ ചെങ്കൽച്ചൂള നിവാസികളെ മോശമായി ചിത്രീകരിക്കാനും അവരെ ഞങ്ങൾക്കെതിരാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി ചില ഓൺലൈൻ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ലൊക്കേഷനിലുണ്ടായ തീർത്തും നിസ്സാരമായ സംഭവത്തെ പെരുപ്പിച്ചു കാട്ടിയും അതിലേക്ക് ചെങ്കൽച്ചൂളയിലുള്ളവരെ വലിച്ചിഴച്ചുമാണ് ഈ പ്രചാരണം. 

എന്താണ് ഇത്തരം വാർത്തകളുടെ ലക്ഷ്യമെന്ന് അറിയില്ല. എന്നെ ഒരു പുസ്തക വിതരണച്ചടങ്ങിലേക്ക് ക്ഷണിക്കാനായി ചെങ്കൽച്ചൂളയ്ക്ക് പുറത്തു നിന്നുള്ള ചിലർ ലൊക്കേഷനിലെത്തിയിരുന്നു. കഥാപാത്രത്തിനുള്ള മേക്കപ്പ് ദിവസംമുഴുവൻ സൂക്ഷിക്കേണ്ടതിനാൽ ചടങ്ങിനെത്താനുളള അസൗകര്യം അണിയറ പ്രവർത്തകർ മുഖേനയും, ഞാൻ നേരിട്ടും അവരെ അറിയിച്ചിരുന്നു. വരണമെന്ന് അവർ ആദ്യം  നിർബന്ധം പിടിക്കുകയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ ശാന്തരായി മടങ്ങുകയും ചെയ്തു. 

ഇതിനെയാണ് കത്തിമുനയിൽ നിർത്തി എനിക്കെതിരായി വധഭീഷണി മുഴക്കിയെന്ന വാർത്തയാക്കി മാറ്റിയത്. സിനിമയിലുളള ചിലരുടെ ക്വട്ടേഷനാണെന്ന നിറം പിടിപ്പിച്ച നുണ കൂടി അതിനൊപ്പം ചേർത്തു.  എന്നെ ആരും കത്തിമുനയിൽ നിർത്തിയിട്ടില്ല.  വധഭീഷണിയുമുണ്ടായിട്ടില്ല. സിനിമയിലുള്ള സഹപ്രവർത്തകർക്കെതിരായ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ വേദനാജനകമാണ്. എന്നിലൂടെ ചെങ്കൽച്ചൂള നിവാസികൾക്ക് എന്തെങ്കിലും മനോവിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു.