Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സീൻ കണ്ട് ഞാൻ അമ്പരന്ന് പോയി; എഡിറ്റർ പറഞ്ഞു, ലാൽ സാറ്‌ പൊളിച്ചൂട്ടോ

villain

സംവിധായകരെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുന്ന മോഹൻലാൽ മാജിക് വില്ലൻ എന്ന സിനിമയിലും ഉണ്ടെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. മോഹന്‍ലാലിന് പിറന്നാൾ ആശംസകള്‍ നൽകിക്കൊണ്ട് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വായിക്കാം–

മണി 12 ആയിട്ടില്ല. എങ്കിലും, ഒരൽപ്പം നേരത്തെ, എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‌ ജന്മദിനാശംസകൾ നേരുന്നു. മോഹൻലാലിന്‌ പിറന്നാൾ ആശംസകൾ നേരുകയെന്നാൽ, എന്നെപ്പോലെ ഇപ്പോൾ മധ്യവയസ്സിലെത്തിനിൽക്കുന്ന ഒരു മലയാളി തിരിഞ്ഞ്‌ നിന്ന് സ്വന്തം ജീവിതത്തിൽ താൻ താണ്ടിയ ദൂരങ്ങളെ, ഇന്നേവരെ താനനുഭവിച്ച വൈകാരിക സൂക്ഷ്മതകളെ, തിരസ്ക്കാരങ്ങളെ, വേദനകളെ, ഹർഷോന്മാദങ്ങളെ, പ്രണയ സുഗന്ധങ്ങളെ, അക്രമോത്സുകതയെ, ചെറുത്തുനിൽപ്പുകളെ, നൈരാശ്യങ്ങളെ, പൊട്ടിച്ചിരികളെ...എല്ലാറ്റിനേയും അഭിവാദ്യം ചെയ്യുക എന്നർത്ഥം. 

ഒരുപക്ഷേ, നമ്മളിൽ ഒരുപാടുപേരുടെ ജീവിതങ്ങളെ, നമ്മളേക്കാൾ മിഴിവോടെ 'ജീവിച്ച് കാണിച്ചയാൾ" മോഹൻലാൽ ആയിരിക്കും. ഏതൊരു സംവിധായകനേയും, എഴുത്തുകാരനേയും, കാണിയേയും അത്ഭുതപ്പെടുത്തുന്ന ഒരു മാജിക്ക്‌ എപ്പോൾ വേണമെങ്കിലും മോഹൻലാലിൽ നിന്ന് സംഭവിക്കാം.

'വില്ലനി'ൽ സിദ്ദിഖും മോഹൻലാലും തമ്മിലുള്ള ഒരു സീനുണ്ട്‌. ‌ മുഴുവൻ സംഭാഷണങ്ങളും സിദ്ദിഖിന്റേതാണ്‌. ആ രംഗത്തുടനീളം, മോഹൻലാൽ കണ്ണുകൾ നിലത്തുനിന്നുയർത്താതെയാണ്‌ 'റിയാക്റ്റ്‌' ചെയ്തിട്ടുള്ളത്‌. സീനിന്റെ അവസാനം ഒരു പ്രധാനപ്പെട്ട സഭാഷണം സിദ്ദിഖ്‌ പറയുമ്പോൾ, ഞാനടുത്ത്‌ ചെന്ന് ലാൽ സാറിനോട്‌ ചോദിച്ചു, " ഇവിടെ സിദ്ദിഖിനെ നോക്കണമോയെന്ന്." ‘എനിക്ക്‌ താഴെത്തന്നെ നോക്കാനാണ്‌ തോന്നുന്നത്, വേണമെങ്കിൽ ഞാൻ സിദ്ദിഖിന്‌ നേരെ നോക്കാം" എന്നാണ്‌‌ എന്നോട്‌ മറുപടി പറഞ്ഞത്‌. " വേണ്ടാ, അങ്ങനെ തോന്നുന്നെങ്കിൽ താഴെത്തന്നെ നോക്കിയാൽ മതി" എന്ന് ഞാനും പറഞ്ഞു. അത്തരം നിമിഷങ്ങളിൽ ഒരു വലിയ നടന്റെ 'തോന്നലുകളെ' സംവിധായകൻ വിശ്വസിക്കണം. ‌ 

ഇപ്പോൾ, ആ സീൻ എഡിറ്റ്‌ ചെയ്തപ്പോൾ, ആ നിൽപ്പിന്റെ തീഷ്ണത കണ്ട്‌ ഞാൻ അമ്പരന്ന് പോയി. ഇതൊന്നുമറിയാതെ, എന്റെ എഡിറ്റർ ഷമീർ പറഞ്ഞു, " ലാൽ സാറ്‌ പൊളിച്ചൂട്ടോ..." ഇത്‌, ഒരു പക്ഷേ മോഹൻലാൽ പറയുന്ന പോലെ, അദ്ദേഹവും ദൈവവും തമിലുള്ള ഒരു രഹസ്യ ധാരണയായിരിക്കും. ഭ്രമരവും കിരീടവും, മണിച്ചിത്രത്താഴും, സ്ഫടികവും, സദയവും, ദശരഥവും, ചിത്രവും ഒക്കെ കണ്ട്‌, തീയറ്ററിൽ കൈ അടിച്ചവരുടെ കൂട്ടത്തിലൊരാൾ ദൈവമായിരിക്കണം. ദൈവത്തിന്റെ കൈയടികൾ ഇനിയുമൊരുപാട്‌ ഏറ്റ്‌ വാങ്ങാൻ ശ്രീ.മോഹൻലാലിന്‌ കഴിയട്ടെ! നമ്മളിലെ നമ്മളെ, തന്റെ കഥാപാത്രങ്ങളിലൂടെ, നമ്മൾക്കായി ഇനിയും ഇനിയും വെളിപ്പെടുത്തിതരാൻ അദ്ദേഹത്തിന്‌ തരപ്പെടട്ടെ!