Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാസിസത്തിന്റെ പുതിയ പേരോ 'അച്ഛാദിൻ'; സലാം ബാപ്പു

salam-bappu

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആളുകൾക്കിടയിൽ വലിയ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആളുകൾ എത്തിക്കഴിഞ്ഞു. സോഷ്യൽമീഡിയയിലും ഇന്നലെ മുതൽ ചർച്ച ബീഫ് നിരോധനം തന്നെ. ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ സലാം ബാപ്പു. നിരവധി പേരുടെ തൊഴിലിനെയും വരുമാനത്തെയും ബാധിക്കുന്ന ഈ നിയമം സാമൂഹ്യ വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘതങ്ങൾ സൃഷ്ടിക്കുമെന്ന് സലാം ബാപ്പു പറയുന്നു.

സലിം ബാപ്പുവിന്റെ കുറിപ്പ് വായിക്കാം–

മനുഷ്യന് ഒരു വിലയുമില്ലാത്ത രാജ്യത്ത് നാല്‍ക്കാലികളുടെ കാര്യത്തില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഇടപെടുന്ന ഒരു സര്‍ക്കാര്‍ ലോകത്ത് വേറെ ഉണ്ടാവില്ല. മാംസം കഴിച്ചതിന്റെ പേരിലും കൈവശം വെച്ചതിന്റെ പേരിലും മനുഷ്യരെ പരസ്യമായി തല്ലികൊല്ലുകയും മൃദദേഹത്തിന്റെ ആമാശയത്തിൽ പരിശോധിച്ച് മാംസം കഴിച്ചതിന്റെ പേരിൽ കുറ്റവാളിയാകുന്ന രാജ്യമാണിത്. തീർച്ചയായും കൊലയാളി സംഘത്തിന് നിയമ സാധുത നൽകാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം..

നോട്ട് നിരോധനം ഒരു ടെസ്റ്റ് ഡോസായിരുന്നു..... മേരാ പ്യാരാ ദേശ് വാസിയോം എന്ന് വിളിച്ചുകൂവി പരീക്ഷിച്ചത് നമ്മുടെ പ്രതികരണ ശേഷിയായിരുന്നു. 60 ദിവസത്തിനകം അച്ചാദിൻ വരുമെന്ന് കള്ളം പറഞ്ഞ ഭരണാധികാരികൾ നമ്മളെ പറ്റിച്ചു, നമ്മള്‍ വിനീത വിധേയരായ അടിമകളായി... നമ്മുടെ പണം അത് വെറും കടലാസു കഷ്ണങ്ങളായെന്ന് തിരുവുത്തരവ് വന്നപ്പോഴും നാം കയ്യടിച്ചു... എല്ലാം രാജ്യത്തിന് വേണ്ടിയാണെന്നോര്‍ത്ത് സഹിച്ചു... അതിനെതിരെ പ്രതിഷേധിച്ചവരെ രാജ്യ ദ്രോഹികളാക്കി... കുത്തകകളെ തടയാനും കള്ളപ്പണം പുറത്ത് കൊണ്ടുവരാനുമെന്നായിരുന്നു ഗീർവാണം, സാധാരണക്കാർ വരിയിൽ നിന്ന് അടികൊണ്ടതും പണത്തിനു വേണ്ടി ബുദ്ധിമുട്ടിയതും മിച്ചം... അതിന്റെ ഭവിഷ്യത്തുകൾ ഇപ്പോഴും സാധാരണ ജനങ്ങൾ അനുഭവിക്കുന്നു, പുതിയ ജനദ്രോഹ നയങ്ങൾ ഗവണ്‍മെന്റ് പടച്ചു വിട്ടുകൊണ്ടിരിക്കുന്നു ഇനിയും നമ്മള്‍ വിനീതവിധേയരായിരിക്കും... നോട്ട് നിരോധനത്തെ ന്യായീകരിച്ച നമ്മുടെ പ്രധാന മന്ത്രി തന്നെ പറഞ്ഞത് ഇതിനെതിരെ നാട്ടിൽ കാര്യമായ പ്രതിഷേധമോ കലാപമോ ഉണ്ടായില്ല എന്നാണ്, ഇതുതന്നെയാണ് ഭരണകൂടത്തിൻറെ ധൈര്യവും...

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് എന്നത് ഇപ്പോഴാണ്‌ മനസിലായത്. എന്നാൽ മനുഷ്യരെ ജാതിമതങ്ങളുടെ രാഷ്ട്രീയത്തിന്റെയും പേരിൽ കശാപ്പ് ചെയ്യുന്നതും, ബലി നൽകുന്നതും, ബലാത്സംഗം ചെയ്തു കൊല്ലുന്നതും പൂർവ്വാധികം ശക്തിയോടെ രാജ്യ വ്യാപകമായി തുടരും. അതിലിവിടെ ആർക്കും പരിഭവമില്ല!

എന്തുകൊണ്ട് പോത്ത്, കാള, പശു, ഒട്ടകം എന്നിവക്ക് മാത്രം നിരോധനം.. ആടും കോഴിയും മൃഗസ്‌നേഹികളുടെ കണ്ണില്‍ പെട്ടില്ലേ, ആടിൻറെയും കോഴിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ കഴിയില്ലലോ അല്ലെ?. കടം കയറി ആത്മഹത്യ ചെയ്യുന്ന കർഷകന് ഇനി പ്രായമായ പോത്തുകളെ തീറ്റി പോറ്റേണ്ട അധിക ബാധ്യത കൂടി വഹിക്കണം.. ഇനിയുമിവിടെ അച്ഛാദിൻ സ്വപ്നം കാണാൻ നമുക്ക് സാധിക്കുമോ ?

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത്‌നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം. ഇന്ത്യയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് ബീഫ് കയറ്റിക്കൊണ്ടുപോകുന്നത് നിരോധനമൊന്നുമില്ല.. എന്ത് വിചിത്രമായിരിക്കുന്നു അല്ലെ! കാലി കയറ്റുമതിയിൽ നമ്മുടെ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം...

നിരവധി പേരുടെ തൊഴിലിനെയും വരുമാനത്തെയും ബാധിക്കുന്ന ഈ നിയമം സാമൂഹ്യ വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘതങ്ങളാണ് സൃഷ്ട്ടിക്കാൻ പോകുന്നത്, ഒരു പൗരനു ജീവിക്കാനുള്ള തൊഴിലും വരുമാനവും ജീവിത സൗകര്യങ്ങളും ചികിൽത്സയും ഒരുക്കേണ്ടത് ആധുനിക കാലത്ത് ഒരു സിവിലൈസ്ഡ് ഗവർമെന്റിന്റെ ഉത്തരവാദിത്തമാണ്, ഈ 36 മാസങ്ങൾ കൊണ്ട് 288 കോടി രൂപ ഇന്ത്യൻ ഖജനാവിൽ നിന്നും മുടക്കി 57 യാത്രകൾ നടത്തി 45 രാജ്യങ്ങൾ സന്ദർശിച്ച ബഹുമാനപ്പെട്ട പ്രധാന മന്ദ്രി അവടെയെല്ലാം നടപ്പിലാക്കി കൊണ്ടിരിക്കുന്ന എല്ലാ പൗരന്മാർക്കുമുള്ള തൊഴിൽ, സൗജന്യ ചികിത്സ, പാർപ്പിടം, വിദ്യാഭാസം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാതെയാണോ, ജനങ്ങളുടെ കാര്യങ്ങൾ കഴിഞ്ഞിട്ട് പോരായിരുന്നോ മൃഗങ്ങളുടെ കാര്യം.

NB: ഇവിടെ പ്രതിഷേധം പോലും വേച്ചുവേച്ചാണ് സഞ്ചരിക്കുന്നത്.. ഫാസിസത്തിന്റെ പുതിയ പേരോ 'അച്ഛാദിൻ'

മോദി ഗവൺമെന്റിന്റെ രണ്ടാം വാർഷികത്തിൽ ഇരുകാലികളായ മനുഷ്യരുടെ പോക്കറ്റിൽ കയ്യിട്ടുകൊണ്ട് നോട്ട് നിരോധനം നടപ്പിലാക്കി നാലാം വാർഷികത്തിലേക്ക് കടക്കുമ്പോൾ നാൽകാലികളുടെ കടത്തും അറക്കലും നിരോധിച്ചു. ഇനിയെന്തൊക്കെ കാണണം ആവോ!

മൃഗങ്ങൾക്ക് വേണ്ടി ചില സുഹൃത്തുക്കളുടെ ഫേസ്ബുക് പോസ്റ്റുകൾ കാണുമ്പോൾ അവരോടൊക്കെ ഒന്നെപറയാനൊള്ളൂ ' നിങ്ങളോടൊക്കെ സഹതാപം തോന്നുന്നു'