Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ കലക്ഷൻ ഇനി നടപ്പില്ല; ഇന്നു മുതൽ തിയറ്ററുകളിൽ ഇ–ടിക്കറ്റിങ്

kk

കണ്ടതു കണ്ടില്ലെന്ന് ഇനി പറയാനാവില്ല. കേരളത്തിലെ സിനിമാ തിയറ്ററുകളിൽ ഇ–ടിക്കറ്റിങ് ഇന്നുമുതൽ. ആദ്യം കേരള ചലച്ചിത്ര വികസന കോർപറേഷന്റെ (കെ എസ് എഫ് ഡിസി) തിയറ്ററുകളിൽ. തിരുവനന്തപുരം കൈരളി കോംപ്ലക്സിൽ ഇന്നും മറ്റു തിയറ്ററുകളിൽ ഒരാഴ്ചയക്കകവും തുടക്കമാകും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മറ്റു സ്വകാര്യ തിയറ്ററുകളിലും വരുമെന്നു കെഎസ് എഫ് ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ പറഞ്ഞു.

ഇതോടെ എത്രപേർ സിനിമ കണ്ടുവെന്ന കൃത്യമായ കണക്കു വരും. നികുതി കണിശമായി ഖജനാവിലെത്തും. അനധികൃത പ്രദർശനങ്ങൾ, ക്രമക്കേടുകൾ പഴങ്കഥയാവും. തിയറ്റർ വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ചലച്ചിത്ര മേഖലയിൽ സുതാര്യത വരും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു തിയറ്ററുകളിൽ ഇ–ടിക്കറ്റിങ് നടപ്പാക്കാൻ തീരുമാനിച്ചതെങ്കിലും ഒരു വിഭാഗം തിയറ്റർ ഉടമകളുടെ എതിർപ്പുമൂലം വൈകിയിരുന്നു.

ഇൻഫർമേഷൻ കേരള മിഷനാണു പദ്ധതിയുടെ സാങ്കേതിക ചുമതല. സംസ്ഥാനത്തെ 570 തിയറ്ററുകളെയും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഏക സെർവറുമായി ബന്ധിപ്പിക്കുകയാണ് ഇ–ടിക്കറ്റിങ് ചെയ്യുന്നത്. നികുതി തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയുമെല്ലാം വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പോകും. ഓരോ ദിവസത്തെയും കലക്ഷൻ ഓൺലൈനായി പരിശോധിക്കാനും കഴിയും.