Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവരാവകാശ നിയമം വജ്രായുധമാക്കിയ ഷമ്മി തിലകൻ; നടൻ പോരാടിയത് 10 കുടുംബങ്ങൾക്ക് വേണ്ടി

shammi

വില്ലനായും സഹനടനായും സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഷമ്മി തിലകൻ. എന്നാൽ ഷമ്മി തിലകൻ യഥാർത്ഥ ജീവിതത്തിൽ നായകനാണെന്ന് തെളിയിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അഭിഭാഷകനായ ബോറിസ് പോള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വാർത്തയ്ക്ക് ആധാരം. മുമ്പ് അനധികൃത കെട്ടിടത്തിന് നേരെ ഷമ്മി തിലകൻ ഒറ്റയ്ക്ക് നടത്തിയ പോരാട്ടം മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു.

മാലിന്യ പ്രശ്‌നങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടിയ അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങി നിയമത്തിന്റെ വിജയവഴി തേടി ഷമ്മിയുടെ അറിയാക്കഥയാണ് ബോറിസ് ഈ കുറിപ്പിൽ പറയുന്നത്.

ബോറിസിന്റെ കുറിപ്പ് വായിക്കാം–

വിവരാവകാശ നിയമം വജ്രായുധമാക്കിയ നടൻ

ഷമ്മി തിലകൻ എന്ന നടനെ എല്ലാവരും അറിയും.ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായപ്പോൾ അതിനെ നിയമപരമായി നേരിടാൻ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വൻ വിജയം നേടിയ മിടുക്കൻ കൂടിയാണ് ഷമ്മി തിലകൻ എന്നത് പലർക്കും അറിയില്ല.

അദ്ദേഹം ഏറ്റുമുട്ടിയത് വൻ സ്വാധീനമുള്ള വ്യക്തിയോടാണ്. അയൽക്കാരായ പത്ത് കുടുംബങ്ങൾക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം. പ്രബലനായ അയൽവസ്തു ഉടമ അനധികൃത നിർമ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികൾ നടത്തി വന്നതാണ് പ്രശ്നം.

അധികൃതർക്ക് നൽകിയ പരാതികൾ മുങ്ങി. നടപടിയില്ല. ഓഫീസുകൾ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളിൽ പേജുകൾ കൂടിക്കൊണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്. വിവരം തേടിയുള്ള അപേക്ഷകൾ നാലുപാടും പറന്നു.
ഓഫീസുകൾ ഉണർന്നു. മുങ്ങിയ ഫയലുകൾ മടിയോടെയെങ്കിലും പൊങ്ങി.

കിട്ടിയ വിവരങ്ങളിലെ കബളിപ്പിക്കലുകൾ കണ്ടെത്താൻ കെട്ടിട നിർമ്മാണ ചട്ടം, മുനിസിപ്പാലിറ്റി നിയമം, പരിസ്ഥിതി നിയമങ്ങൾ എന്നിവയുടെ പുസ്തകങ്ങൾ വാങ്ങി പഠിച്ചു. പല കുരുക്കുകളും അഴിഞ്ഞു തുടങ്ങി.

പ്രബലനായ അയൽക്കാരൻ ഷമ്മിയെ കള്ളക്കേസിൽ കുടുക്കി. അയാളുടെ ജീവനക്കാരനെ പരിക്കേൽപ്പിച്ചു എന്ന ഗുരുതരമായ കേസ്.
പോലീസ് പതിവ് നാടകം കളിച്ചു. കളവായ നിലയിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഷമ്മി തിലകൻ പതറിയില്ല.

വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകളുമായി മേലുദ്യോഗസ്ഥർക്ക് പുനരന്വേഷണത്തിന് ഹർജി നൽകി. കള്ളം വെളിച്ചത്തായി. കുറ്റപത്രം പോലീസ് പിൻവലിച്ചു. വിവരാവകാശ നിയമം വജ്രായുധമാണെന്ന് ബോധ്യമായ ഷമ്മി തിലകൻ എല്ലാ ഫോറങ്ങളിലും പ്രബലനായ അയൽക്കാരനെതിരെ വിജയം നേടി.

ഉദ്യോഗസ്ഥർ കൃത്യമായി നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി.നിയമബിരുധമുള്ളയാളാണ് ഷമ്മി തിലകൻ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥരെ എനിക്കറിയാം! മാതൃകയാക്കാവുന്ന സെലിബ്രിറ്റി തന്നെയാണ് ഷമ്മി തിലകൻ!