Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരവിനെ തെറ്റിദ്ധരിപ്പിക്കുന്നത് മാതാപിതാക്കള്‍; കോലുമിട്ടായി നിര്‍മാതാവ്

abhijith-gourav

പ്രതിഫലം നൽകാനാവില്ലെന്നു മുൻകൂട്ടി അറിയിച്ചാണു ബാലതാരം ഗൗരവ് മേനോനെ കോലുമിട്ടായി എന്ന സിനിമയിൽ അഭിനയിപ്പിച്ചതെന്നു നിർമാതാവ് അഭിജിത്ത് അശോകനും സംവിധായകൻ അരുൺ വിശ്വവും പറഞ്ഞു. എറണാകുളം പ്രസ്ക്ലബിൽ‌ വിളിച്ചുകൂട്ടിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിച്ച മറ്റു നാല് കുട്ടികളുമായാണ് ഇവർ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

‘സൗഹൃദത്തിന്റെ പേരിലുണ്ടായ സിനിമയാണ് കോലുമിട്ടായി. ഞാന്‍ വിദ്യാര്‍ഥിയായിരുന്ന സമയത്ത് നിര്‍മിച്ച സിനിമയായിരുന്നു അത്. എന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ചിത്രം ചെയ്തത്. സിനിമ വലുതായപ്പോൾ എമൗണ്ട് കൂടി. തിയറ്ററിലെത്തിയപ്പോൾ ഒരു വരുമാനവും ലഭിച്ചില്ല. നല്ല സിനിമയായതുകൊണ്ട് സംസ്ഥാനഅവാർഡ് ലഭിച്ചു. പിന്നീട് സാറ്റലൈറ്റ് വിറ്റു. മുടക്കുമുതലിന്റെ പകുതി പോലും സാറ്റലൈറ്റിൽ നിന്ന് ലഭിച്ചില്ല.

Child artist Gourav Menon breaks down at press meet | Manorama News

25 വർഷമായി സിനിമയിൽ അഭിനയിക്കാനും പ്രവർത്തിക്കാനും ആഗ്രഹിച്ച് നടന്ന ഒരുപാട് പേരുടെ പ്രയത്നമാണ് ഈ സിനിമ. അല്ലാതെ പൈസക്ക് വേണ്ടി എടുത്ത ചിത്രമല്ല. പക്ഷേ ഗൗരവിന്റെ മാതാപിതാക്കൾ മാത്രമാണ് ഒരു പ്രശ്നവുമായി എത്തിയത്. ഈ സിനിമയുടെ സെറ്റിൽ നിന്ന് ഭക്ഷണം കിട്ടിയില്ലെന്ന് പോലും ഗൗരവിന്റെ മാതാപിതാക്കൾ പറഞ്ഞു. സിനിമയുടെ സെറ്റിലേക്കുള്ള ഭക്ഷണം പോലും കൊണ്ടുപോയിരുന്നത് എന്റെ വീട്ടില്‍ നിന്നായിരുന്നു.’–അഭിജിത്ത് പറഞ്ഞു.

ഗൗരവിന്റെ അച്ഛന്റെ സുഹൃത്ത് ആണ് അഭിജിത്തിനെ സമീപിക്കുന്നത് അങ്ങനെ സുഹൃത്ത് വഴി ഗൗരവിനോട് കഥ പറയുകയുമായിരുന്നു. ഇതൊരു ചെറിയ സിനിമയാണെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന മുന്‍ധാരണ പ്രകാരമാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും നിര്‍മാതാവ് അഭിജിത് പറയുന്നു.

‘ഗൗരവ് നല്ലൊരു നടനാണ്. എന്നാൽ ഗൗരവിന്റെ മാതാപിതാക്കളുമായി ഒരു കരാർ വേണമെന്ന് സിനിമയിൽ നിന്നുള്ള സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതുകൊണ്ടാണ് കരാർ വച്ചത്. സാറ്റലൈറ്റ് ലഭിച്ചാൽ പ്രതിഫലം നൽകാമെന്ന് പറഞ്ഞിരുന്നെന്ന് ഇപ്പോൾ അവർ പറയുന്നു. ഈ സിനിമയുടെ സാറ്റലൈറ്റ് വിറ്റുപോകുമെന്ന് പോലും ഉറപ്പില്ലായിരുന്നു. ഇതൊരു വളരെ ചെറിയ സിനിമയാണ്. ഗൗരവിന്റെ മാതാപിതാക്കളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഗൗരവിനോട് ഒരു ദേഷ്യവുമില്ല. ഞങ്ങളുടെ സിനിമ നന്നാക്കാൻ ഗൗരവ് നല്ല പോലെ പ്രവർത്തിച്ചിട്ടുണ്ട്.’– അഭിജിത്ത് പറഞ്ഞു.

‘ചിത്രത്തിലെ 60 കുട്ടികളും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. അഞ്ചു ലക്ഷം രൂപ ബജറ്റിൽ ആരംഭിച്ച ചിത്രം പുറത്തിറക്കാൻ 40 ലക്ഷം രൂപ വേണ്ടിവന്നു. അഞ്ചു ലക്ഷം രൂപയാണ് അവരിപ്പോള്‍ ആവശ്യപ്പെടുന്നത്. ചിത്രത്തിന് ലാഭമുണ്ടായിട്ടില്ലെന്ന് മാത്രമല്ല ലാഭമുണ്ടായാല്‍ അതിനര്‍ഹത നിര്‍മാതാവിന് മാത്രമാണ്– കോലുമിട്ടായിയുടെ സംവിധായകന്‍ അരുണ്‍ വിശ്വന്‍ പറഞ്ഞു.

ഗൗരവ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഈ സിനിമയിൽ അഭിനയിച്ച ആകാശ് എന്ന ബാലതാരം പറഞ്ഞു. തനിയ്ക്കും മാതാപിതാക്കള്‍ക്കും കഥയിഷ്ടപ്പെട്ടതിനാല്‍ പ്രതിഫലം നല്‍കാനാവില്ലെന്ന ധാരണപ്രകാരമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്ന് ആകാശ് പറഞ്ഞു. സെറ്റില്‍ മറ്റൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ആകാശ് വ്യക്തമാക്കി. ഗൗരവിന് എതിരായല്ല ഇതൊന്നും പറയുന്നതെന്നും തനിക്ക് വർഷങ്ങളായി നല്ലൊരു സുഹൃത്ത് കൂടിയാണ് ഗൗരവ് എന്നും ആകാശ് പറഞ്ഞു.

കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡു നേടിയ ചിത്രമാണു കോലുമിട്ടായി.