Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസഭ്യം പറയാനും മർദ്ദിക്കാനുമുള്ള അവകാശം പൊലീസിനുണ്ടോ; ഡോ. ബിജു ചോദിക്കുന്നു

dr-biju

പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമാണത്തിൽ പ്രതിഷേധിച്ച ടെർമിനൽ വിരുദ്ധ സമരസമിതി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ലാത്തിച്ചാർജിലും കല്ലേറിലും 30 സമരക്കാർക്കും 10 പൊലീസുകാർക്കും പരുക്കേറ്റു. സംഭവത്തിൽ പ്രതികരണവുമായി ഡോ. ബിജു. കേരളത്തിലെ പൊലീസ് സേനയിലുള്ളത് വലിയ ക്രിമിനലുകൾ ആണെന്നും പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് മർദ്ദനങ്ങളും കൊലപാതകങ്ങളും കൂടി വരുകയാണെന്നും ബിജു പറയുന്നു.

ഡോ.ബിജുവിന്റെ കുറിപ്പ് വായിക്കാം–

‘കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകൾ ഉള്ളത് പൊലീസ് സേനയിൽ ആണോ..മാന്യമായി ജോലി ചെയ്യുന്ന പൊലീസുകാർ നിരവധി ഉണ്ടെങ്കിലും സംസ്കാരമില്ലാത്ത പ്രവർത്തികളിലൂടെയും ക്രിമിനൽ മനോഭാവത്തോടെയും ജനാധിപത്യ വിരുദ്ധമായും മനുഷ്യാവകാശ വിരുദ്ധമായും പ്രവർത്തിക്കുന്ന കുറച്ചു ആളുകൾ പോലീസ് സേനയിൽ ഉണ്ട് ഇപ്പോഴും എപ്പോഴും. 

അത് തലപ്പത്ത് ഡി ജി പി മുതൽ താഴെ കോൺസ്റ്റബിൾ വരെ ഉണ്ട്. സാധാരണ പൊലീസുകാരുടെയും എസ് ഐ യുടെയും പൊതുജനങ്ങളോടുള്ള പെരുമാറ്റം പലപ്പോഴും അസഭ്യമായി ആണ്. ഒരാളെ അസഭ്യം പറയാനും മർദ്ദിക്കാനും ഉള്ള അവകാശം പൊലീസിനുണ്ടോ..ക്രിമിനൽ മനോനിലയോടെ പരസ്യമായി പൊതുജനങ്ങളോട് പെരുമാറുന്ന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ സമീപകാലത്തായി നിരവധി ഉണ്ടാകുന്നുണ്ട്. 

ജനറൽ ആശുപത്രിയിൽ വെച്ച സമരം ചെയ്യുന്ന ജനങ്ങളോട് നീ ഒന്നും ശബ്ദിക്കരുത് ..കമ്മീഷണറോട് കളിക്കാറായോ എന്ന് ക്രൗര്യതയോടെ അലറുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ നമ്മൾ കണ്ടു. മാവോയിസ്റ്റുകൾ എന്ന് പറഞ്ഞു ഒരു വൃദ്ധനെയും പെൺകുട്ടിയെയും പിന്നിൽ നിന്ന് വെടി വെച്ചു കൊന്നതിന് ശേഷം ഏതോ വലിയ വിജയം നേടിയ മട്ടിൽ പുച്ഛത്തോടെ മാധ്യമങ്ങൾക്ക് മുൻപിൽ ചിരി തൂകി നിന്ന പോലീസ് മേധാവിയെ നാം കണ്ടു. 

വെടിയേറ്റ് കൊല്ലപ്പെട്ട വൃദ്ധന്റെ മൃതദേഹം സംസ്കരിക്കാൻ അഞ്ച് മിനിറ്റ് വൈകിയതിന് അയാളുടെ സഹോദരന്റെ കോളറിൽ പിടിച്ച് പരസ്യമായി ഭീഷണിപ്പെടുത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും നമ്മൾ കണ്ടു. പൊലീസിന്റെ മൊത്തം ഉപദേശകനായി പൊലീസ് കാടത്തത്തിന് ഏറെ പേര് കേട്ട റിട്ടയയർ ആയ ഒരു കുപ്രസിദ്ധ ഉദ്യോഗസ്ഥൻ തന്നെ നിയമിക്കപ്പെടുന്നു.

സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ഉൾപ്പെടെ തെരുവിൽ ഓടിച്ചിട്ട് തല്ലുന്നത് ലഹരി ആയി കാണുന്ന ഭ്രാന്തൻ മനോ വൈകല്യമുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊന്ന് സംതൃപ്തി അടയുന്നു. മകന്റെ കൊലപാതികകളെ പിടിക്കണം എന്ന് ആവശ്യപ്പെട്ട ഒരു അമ്മയെ തെരുവിൽ വലിച്ചിഴയ്ക്കുന്നു ..അഴിമതിക്ക് പേര് കേട്ട മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ ഇഷ്ടപ്പെട്ട തസ്തികയിൽ സസുഖം വാഴുന്നു.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് മർദ്ദനങ്ങളും കൊലപാതകങ്ങളും കൂടി വരുന്നു..പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളോട് പോലീസ് അതിക്രമം നിഷ്ടൂരമാകുന്നു ..ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത വിധം അത്രമേൽ അപരിഷ്‌കൃതവും ആസാംസ്കാരികവും ക്രിമിനൽ മനോഭാവത്തിലുമാണ് നമ്മുടെ പൊലീസ് കാലങ്ങളായി പെരുമാറി പോരുന്നത്. 

മറ്റെല്ലാ ലോക രാജ്യങ്ങളിലും പോലീസ് ജനങ്ങളുടെ സഹായി സേവകൻ എന്ന നിലയിൽ പരിഷ്‌കൃതമായി പെരുമാറുമ്പോൾ എന്ത് കൊണ്ട് നമ്മുടെ പൊലീസ് ഇപ്പൊഴും ജനങ്ങൾ ഞങ്ങളുടെ അടിമകൾ ആണ് അവരെ ചീത്ത വിളിക്കേണ്ടതും അടിച്ച് നട്ടെല്ല് ഒടിക്കേണ്ടതും ഞങ്ങളുടെ അവകാശം ആണ് എന്ന മട്ടിൽ കൊടും ക്രിമിനലുകളുടെ നിലവാരത്തിൽ പെരുമാറുന്നു.

എവിടെയാണ് മാറേണ്ടത് ആരാണ് മാറ്റേണ്ടത്..അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി എന്നാണുണ്ടാവുക..അതോ ജനങ്ങളെ അടിച്ച് ഒതുക്കി അവരുടെ വൃഷ്ണം തകർക്കുകയും കൊലപ്പെടുത്തുകയും ചെയ്യാനുള്ള പൊലീസിന്റെ മനോവീര്യത്തെ തകർക്കാതിരിക്കുക എന്ന ദൗത്യം കാത്ത് സൂക്ഷിക്കുക തന്നെയാണോ ഭരണ നേതൃത്വത്തിന്റെ ലക്ഷ്യം.