Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കമാലി വിപ്ലവം; ചെലവ് 2 കോടി, വാരിയതോ

mammootty-mohanlal

കേരളത്തിലും വിദേശത്തുമായി ഇപ്പോൾ ചിത്രീകരണം നടക്കുന്നത് മുപ്പതോളം മലയാള സിനിമകൾ. ഇതിൽ ഇരുപത്തഞ്ചും പുതുമുഖ ചിത്രങ്ങൾ. കേരളത്തിലെ രണ്ടു ജില്ലകളിലൊഴികെ എല്ലായിടത്തും സിനിമാചിത്രീകരണം നടക്കുന്നുണ്ടെന്നാണു കണക്ക്. 

രണ്ടു കോടിയിൽ താഴെ ചെലവിട്ട് ആറുകോടിയോളം ലാഭം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ‘അങ്കമാലി ഡയറീസാ’ണ് പുതുമുഖ സിനിമകൾക്കു പ്രചോദനം. താരങ്ങളുടെ സാന്നിധ്യമില്ലെങ്കിലും നല്ല സിനിമയാണെങ്കിൽ കാണാൻ പ്രേക്ഷകരെത്തുമെന്നാണ് അങ്കമാലി ഡയറീസീനെ പിൻപറ്റി പുതിയ ചിത്രങ്ങളൂടെ പൂക്കാലം പിറക്കാൻ കാരണം. 

കാസർകോടു മുതൽ സ്കോട്ട്ലൻഡ് വരെ മലയാള സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. മലയാള സിനിമയുടെ വിജയത്തിന്റെ തോത് എട്ടു ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർധിച്ചതാണ് ചിത്രങ്ങളുടെ എണ്ണം കൂടാൻ കാരണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ പറയുന്നു. വിജയചിത്രങ്ങളുടെ വർധന നിർമാതാക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. മലയാള സിനിമയിലെ മറ്റൊരു മ‍ഞ്ഞിൽ വിരിഞ്ഞ പൂവാണ് അങ്കമാലി ഡയറീസ് എന്ന അഭിപ്രായമാണ് നിർമാതാവ് ജീവൻ നാസറിന്.അതു മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിൽക്കും. അതുകണ്ട് വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകാൻ ശ്രമിക്കരുതെന്നും നീലക്കുറിഞ്ഞി എന്നും പൂക്കുമെന്നു കരുതാനാകില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുമുണ്ട്. 

angamali-diaries

കാരവൻ കിട്ടാനില്ല 

മുപ്പതു സിനിമയുടെ ഷൂട്ടിങ് പൊടിപൊടിക്കുന്നതോടെ കിട്ടാനില്ലാത്ത പ്രധാന ഐറ്റം കാരവനാണ്. പണ്ട് സൂപ്പർതാരങ്ങൾ മാത്രമാണ് കാരവൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ സെറ്റിലും കാരവനുണ്ട്. വലിയ താരങ്ങൾക്ക് ഒരു കാരവനും മറ്റ് ആർട്ടിസ്റ്റുകൾക്ക് ഒന്നും എന്നതാണ് രീതി. രണ്ടു മുറികളുള്ള കാരവന് പ്രതിദിനം 6000 രൂപ വരെയാണ് വാടക. 

mammootty-eddy

തമിഴ്നാട്ടിൽ നിന്ന് എട്ടോളം കാരവനുകൾ കേരളത്തിലെ സെറ്റുകളിലെത്തിയിട്ടുണ്ട്. സൂപ്പർതാരങ്ങൾ മുതൽ പ്രൊഡക്ഷൻ ബോയ് വരെ തിരക്കിലാണ്. ക്യാമറയ്ക്കും വലിയ ഡിമാൻഡാണ്.ജൂനിയർ ആർട്ടിസ്റ്റുകൾ പോലും ഡേറ്റ് നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. 

സാറ്റലൈറ്റോ, അതെന്താ? 

സിനിമകളുടെ മലവെള്ളപ്പാച്ചിലിനോടു മുഖം തിരിച്ചു നിൽക്കുകയാണ് ടിവി ചാനലുകൾ. സിനിമ റിലീസ് ചെയ്യും മുൻപ് സാറ്റലൈറ്റ് അവകാശം വിറ്റുപോകുന്ന കാലവും കഴി‍ഞ്ഞു. സാറ്റലൈറ്റ് മാത്രം പ്രതീക്ഷിച്ച് സിനിമ തട്ടിക്കൂട്ടുന്ന രീതിയും മാറി. തിയറ്ററിൽ വാണിജ്യ വിജയം നേടുന്ന സിനിമകൾ മാത്രം ടെലിവിഷനിലും കാണിച്ചാൽ മതിയെന്ന നിലപാടിലാണ് ചാനലുകൾ. 

lal-laljose

വേറെ ആളുണ്ട് 

മലയാള സിനിമയിൽ ഈയിടെ ഗുണ്ടാവേഷങ്ങളിലും മറ്റും ശ്രദ്ധേയനായ നടൻ. വിജയ സിനിമകളിലെയെല്ലാം സാന്നിധ്യം. തിരക്കു കൂടിയപ്പോൾ നടൻ തന്റെ പ്രതിഫലമങ്ങോട്ടു കൂട്ടി. പതിനഞ്ചു ലക്ഷമില്ലെങ്കിൽ ഞാനില്ല കേട്ടോ എന്ന് സൗഹൃദത്തിൽ പറഞ്ഞ നടനെ പതിയെ തഴഞ്ഞു പല സംവിധായകരും.  പ്രധാന നടൻമാരൊഴികെ മറ്റു താരങ്ങൾ കാശു കൂട്ടിച്ചോദിച്ചാൽ അപ്പോൾ ഒഴിവാക്കി അടുത്തയാളെ വിളിക്കുക എന്നതാണ് മലയാള സിനിമയിലെ പുതിയ രീതി. ആർക്കും പകരക്കാരനുണ്ട് എന്ന അവസ്ഥ വന്നതോടെ ക്യാരക്ടർ വേഷം ചെയ്യുന്നവരുടെ ഡിമാൻഡിന് അൽപം ഇടിവു വന്നിട്ടുണ്ട്. 

എൻജിനീയർമാരുടെ പട 

എൻജിനീയറിങ് കഴിഞ്ഞ് വിനീത് ശ്രീനിവാസൻ സിനിമയെടുക്കാൻ പോയപ്പോൾ കുറെപ്പേരെങ്കിലും മുഖം ചുളിച്ചു. സിനിമയുടെ എൻജിനീയറിങ് തനിക്കു നന്നായി വഴങ്ങുമെന്ന് വിനീത് കാണിച്ചുകൊടുത്തു. ശ്രീകുമാരൻ തമ്പി പതിറ്റാണ്ടുകൾക്കു മുൻപ് രണ്ടു പ്രഫഷനെയും ഒരുപോലെ കൊണ്ടുപോയ ചരിത്രമുണ്ട്. 

നിവിൻപോളിയും അജു വർഗീസും ടൊവിനോ തോമസുമെല്ലാം എൻജിനീയറിങ് കഴിഞ്ഞ് ഐടി കമ്പനികളിൽ ജോലി ചെയ്യുമ്പോൾ അതു വിട്ട് സിനിമയിലെത്തിയവരാണ്. 

ആദ്യത്തെ രണ്ടു സിനിമ നെസ്റ്റിലെ ഐടി എൻജിനീയറുടെ ജോലിക്കൊപ്പം കൊണ്ടുപോയ സംവിധായകനാണ് രഞ്ജിത് ശങ്കർ. മലയാളത്തിലെ രണ്ടു ഹിറ്റുകൾ ഒരുക്കിയ യുവസംവിധായകൻ ബേസിൽ ജോസഫ് ഇൻഫോസിസിലെ ജോലി രാജിവച്ചു സിനിമയിലെത്തിയതാണ്. 

ganesh-nivin

ആദ്യ സിനിമയായ ഓം ശാന്തി ഓശാനയിലൂടെ തകർപ്പൻ എൻട്രി നടത്തിയ ജൂഡ് ആന്തണി ജോസഫും ഇൻഫോസിസ് ജോലി വിട്ടു വന്നയാളാണ് . പുതുമുഖങ്ങളെ മാത്രം അണിനിരത്തിയ ആനന്ദത്തിന്റെ സംവിധായകൻ ഗണേഷും എൻജിനീയറിങ് റൂട്ടിൽ സിനിമയിലെത്തിയതാണ്. പുതുമുഖ സംവിധായകരിൽ ഇനിയും കൂടുതൽ എൻജിനീയർമാർ വരുമെന്നാണ് റിപ്പോർട്ട്.