Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നോമ്പ് മുപ്പത് എണ്ണത്തിന് തുല്യം: സലിം കുമാർ

salim-kumar-ramzan

ഇന്ന് റംസാൻ വ്രതത്തിന്റെ പുണ്യമായ 27ാം രാവ്. പതിനൊന്നു കൊല്ലമായി 27ാം രാവിൽ മുടങ്ങാതെ വ്രതം നോക്കുക പതിവാണ് നടൻ സലിം കുമാറിന്. ഇത്തവണയും അതിനു തടസ്സമില്ല. എന്താണ് ഇങ്ങനെ ഒരു വ്രതമെടുക്കുന്നതിനു പിന്നിലെന്ന് സലിംകുമാർ മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

‘നോമ്പ് എടുക്കണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. നമ്മുടെ കൂടെയുള്ള സഹോദരങ്ങൾ ഒരു മാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമുക്കും അറിയണം. അതിൽ സുഖമുണ്ടാകും, ദുഃഖമുണ്ടാകും, വിഷമങ്ങളുമുണ്ടാകും. അത് എന്താണെന്ന് അറിയണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഒരു 30 വർഷം നോമ്പ് എടുക്കാൻ പറ്റിയില്ല, മടിച്ചു മടിച്ചു നിൽക്കുകയായിരുന്നു.

2006 ൽ അച്ഛനുറങ്ങാത്ത വീട് ചെയ്യുന്ന സമയത്ത് ഉഷ ചേച്ചിയാണ് എന്നോട് പറഞ്ഞത് ഒരു നോമ്പ് എടുക്കണമെന്ന്. 27ാം നോമ്പിന്റെ കാര്യം, ഈ ഒരു നോമ്പ് എടുത്താൽ 30 നോമ്പ് എടുക്കുന്നതിനു തുല്യമാണെന്നും പറഞ്ഞു. പ്രത്യേകിച്ച് ഞാനൊരു മുസ്‌ലിം അല്ലാത്തതുകൊണ്ട്. അന്നു തുടങ്ങി എല്ലാ വർഷവും ഞാൻ 27ാം നോമ്പ് പിടിക്കുന്നു.

ഇന്ന് വെളുപ്പിനു ആഹാരം കഴിക്കും, ഷൂട്ടിങും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. നോമ്പ് പിടിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു അനുഭൂതി അനുഭവപ്പെട്ടു. ഒരു ആത്മശുദ്ധി സംഭവിച്ചതുപോലെ. ആഹാരം കഴിക്കാതെ കുറച്ചു നേരമൊക്കെ നിൽക്കാറുണ്ടെങ്കിലും, ഇത് രാവിലെ മുതൽ വൈകുന്നേരം വരെ വിശപ്പ് എന്താണെന്ന് അറിഞ്ഞ്, വിശ്രമം കൊടുക്കാത്ത ഒരവയവത്തിന് വിശ്രമം കൊടുത്ത്, വയറിനെക്കുറിച്ചോ ആഹാരത്തെക്കുറിച്ചോ ചിന്തിക്കാത്ത ഒരു ദിവസം അങ്ങനെ ഒരുപാട് കാര്യങ്ങൾ.

ഒരുപാട് നൻമകൾ അതിലുണ്ടെന്ന് തോന്നി. ലോകത്തുള്ള ബാക്കി എല്ലാത്തിനും ഒഴിവു കൊടുക്കും. നമ്മുടെ വായ്ക്ക് ഒരു റെസ്റ്റും കൊടുക്കാറില്ല. ശാസ്ത്രീയപരമായിട്ടും ആത്മീയപരമായിട്ടും ശാരീരികപരമായിട്ടും നോമ്പ് എടുക്കുന്നത് നല്ലതാണന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ വർഷവും ഇത് തുടർന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഒരു 25 നോമ്പിന്റെ പുണ്യം കിട്ടിയാൽ മതി. പിന്നെ നമ്മുടെ സഹോദരൻമാരോടുള്ള ഐക്യദാർഢ്യവും.’–സലിം കുമാർ പറഞ്ഞു.