Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപും സലീമും അത് പറയാൻ പാടില്ലായിരുന്നു: സിബി മലയില്‍

sibi-dileep

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപും സലിംകുമാറും നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സിബി മലയില്‍. ദിലീപിന്റെയും സലീം കുമാറിന്റെയും പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. സലീം കുമാറിപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ ഇത്തരം പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ വൈകാരികമായ പ്രതികരണങ്ങള്‍ ആവശ്യമില്ല. വിവേകപൂര്‍ണമായ പ്രതികരണങ്ങളാണ് ആവശ്യം. സോഷ്യല്‍മീഡിയയിലും മറ്റും പ്രതികരണങ്ങള്‍ നടത്തുന്നവര്‍ എല്ലാവര്‍ക്കും വ്യക്തിജീവിതമുണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സലിംകുമാര്‍ പ്രസ്താവന തിരുത്തിയത്, സംവിധായകന്‍ ലാല്‍ വിളിച്ച് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണെന്നും സിബി മലയില്‍ പറഞ്ഞു.

നടിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് സലീം കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അത് വിവാദമായതോടെ സലീം കുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി.

നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയില്‍ ഒരു സിനിമയ്ക്കായി ജോലി ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിലീപ് തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നാണ് ലാല്‍ പറഞ്ഞത്.