Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ നിന്നു കാരവൻ; മലയാള നടന് പണികിട്ടി

caravan

പ്രമുഖ സിനിമാ താരത്തിനു വിശ്രമിക്കാൻ ഗുജറാത്തിൽ നിന്നു കൊണ്ടുവന്ന ആഡംബര കാരവൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.  അനുമതിയില്ലാതെ ഇവിടെ ഉപയോഗിച്ചതിന് 25,000 രൂപ പിഴയും ഈടാക്കി. താരം താര സംഘടന ‘അമ്മ’യുടെ യോഗത്തിനു പോയ സമയത്തു സഹായിയുടെ താൽപര്യ പ്രകാരം ലൊക്കേഷനിൽ നിന്ന് ഇടപ്പള്ളിയിലേക്കു വരുംവഴിയാണു കാരവൻ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡ് പിടികൂടിയത്. 

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ഷെഫീഖ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഇ. റെൻഷിദ് എന്നിവർ ചേർന്നു കാരവൻ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശിയാണു ഗുജറാത്ത് റജിസ്ട്രേഷനുള്ള കാരവൻ ഇവിടെ വാടകയ്ക്കു നൽകിയിരുന്നത്.

നാലു മാസം മുൻപ് ഗുജറാത്തിൽനിന്നു കൊണ്ടുവന്ന കാരവൻ ഏതാനും ദിവസങ്ങളായി കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലാണ് ഉപയോഗിച്ചിരുന്നത്. ‌ ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ താരം ഉൾപ്പെടെയുള്ളവരുടെ വിശ്രമത്തിനായാണ് ഇതു വാടകയ്ക്കെടുത്തത്.  ഇതര സംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്കു നൽകുന്നതു നിയമവിരുദ്ധമായതിനാലാണു ഗുജറാത്ത് റജിസ്ട്രേഷനിലുള്ള കാരവൻ പിടിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടത്തെ നികുതി അടച്ച് കേരള റജിസ്ട്രേഷനാക്കി മാറ്റണമെന്ന നിർദേശത്തോടെയാണു കാരവൻ വിട്ടുകൊടുത്തത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ഒട്ടേറെ കടമ്പകളുണ്ട്. ഇതു മറികടക്കാനാണു മറ്റു സംസ്ഥാനങ്ങളിൽ വിലാസമുണ്ടാക്കി റജിസ്റ്റർ ചെയ്യുന്നതത്രെ.