Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘അമ്മ സ്ത്രീവിരുദ്ധത ചെറുക്കും’’: മാധ്യമങ്ങളെ വിമർശിച്ച് ഇന്നസെന്റും

innocent-actor

നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങളെ വിമർശിച്ച് നടൻ ഇന്നസെന്റും. സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കേണ്ടതാണ് എന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നാദിർഷയും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 

ഇന്നസെന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്.

‘‘രാവിലെ ഞാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമർശങ്ങൾ, ഞാൻ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകൾ പ്രതിഫലിക്കും എന്നത് യാഥാർത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങൾ സംഘടന എന്ന നിലയിൽ അമ്മ നിർവഹിക്കും. സന്ദർഭത്തിൽ നിന്നടർത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കേണ്ടതാണ്.’’

സിനിമയിൽ സ്ത്രീകളോടു മോശമായി പെരുമാറുന്ന കാലമെല്ലാം ഇല്ലാതായിരിക്കുന്നുവെന്നാണ് അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോൾ എല്ലാം ക്ലീൻ ക്ലീനാണ്. മോശമായി പെരുമാറിയാൽ ആ സ്ത്രീ ആ നിമിഷം ഉടൻ പത്രക്കാരോടും കൂടെയുള്ളവരോടും പറയും.സിനിമയിൽ മോശമായി പെരുമാറിയെന്ന് ഇതുവരെ അമ്മയിൽ ഒരു നടിയും പരാതിപ്പെട്ടിട്ടില്ല. അവസരത്തിനായി കിടക്ക പങ്കിടണമെന്ന് ഒരു നടി പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. സ്ത്രീകൾ മോശമാണെങ്കിൽ ചിലപ്പോൾ അതു ചെയ്യുന്നുണ്ടാകും. ഇതുള്ളതായി തനിക്കറിയില്ലെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു