Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സ്ത്രീകൾ കൈകോർത്തത് പുരുഷൻമാർക്കെതിരായിട്ടല്ല, സിനിമയ്ക്കായി'

beena-paul-women-collective

സിനിമയിലെ സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്നതു പുതിയ കാര്യമല്ല. അതേക്കുറിച്ച് ആരും എതിർത്തു പറയാതിരുന്നതുകൊണ്ട് എവിടെവച്ചും എന്തും പറയാമെന്നായി എന്നു മാത്രം. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കിയപ്പോൾ ഇക്കാര്യത്തെ പരസ്യമായി എതിർത്തു എന്നതുതന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. 

കിടക്ക പങ്കിടാൻ പറയുന്നതു മാത്രമാണു പ്രധാന പ്രശ്നമെന്നു കരുതരുത്. അതാവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കുറവായിരിക്കാം. എന്നാൽ, ലൈംഗിക ചുവയുള്ള കാര്യങ്ങൾ പറഞ്ഞാൽ സിനിമയിലെ സ്ത്രീകൾ രസത്തോടെ കേട്ടിരിക്കുമെന്നു കരുതുന്ന എത്രയോപേരുണ്ട്. രാത്രിയിൽ തുടർച്ചയായി ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുന്നവരെക്കുറിച്ച് എത്രയോ പരാതികൾ ഞാൻതന്നെ കേട്ടിട്ടുണ്ട്. പരാതിപ്പെട്ടാൽ അവർ ജയിലിൽ പോകേണ്ടിവരികയും ചെയ്യും. എന്നാൽ, പരാതിപ്പെടുകയില്ല എന്നൊരു ധാരണയാണു പലർക്കും. 

ദേവദാസി സമ്പ്രദായത്തിന്റെ പാരമ്പര്യം നാടകത്തിലും തുടർന്നു സിനിമയിലും വന്നുവെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന എത്രയോപേരുണ്ട്. കാലം മാറിയ വിവരം അവർ അറിയുന്നില്ല. സിനിമ പാരമ്പര്യത്തൊഴിലല്ല. അതു പ്രഫഷനൽ രംഗമായിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രഫഷനലായ അന്തരീക്ഷവും അവിടെ ഉണ്ടാകണം. അതല്ലാത്തവർ സിനിമവിട്ടു പോകണം. 

സ്ത്രീകൾക്കു നൽകേണ്ട ബഹുമാനം സിനിമയിൽ നൽകുന്നില്ല എന്നതു പഴയ പരാതിയാണ്. സിനിമയിൽ ഇന്നു വേണ്ടതു തുല്യബഹുമാനമാണ്. സ്ത്രീ എന്ന പ്രത്യേക പരിഗണനയൊന്നും ആവശ്യമില്ല. ജോലിചെയ്യാൻ വന്ന ഒരാളോടു കാണിക്കേണ്ട അന്തസ്സു കാണിച്ചാൽ മാത്രം മതി. മോശമായി പെരുമാറുന്നു എന്നതുകൊണ്ടാണു കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്കു വരാത്തത്. 

മുംബൈയിലെ ഒരു സെറ്റിൽ ചെന്നാൽ ഏതു വിഭാഗത്തിലും ഒട്ടേറെ പെൺകുട്ടികളെ കാണാം. വളരെ അന്തസ്സോടെ അവർ ജോലിചെയ്യുന്നു. മോശമായ പെരുമാറ്റമില്ല എന്നതുകൊണ്ടാണ് അവിടെ കൂടുതൽ പെൺകുട്ടികൾ ജോലിക്കെത്തിയത്. 

കലാപ്രതിഭയുള്ള എത്രയോ പെൺകുട്ടികളുണ്ട്. അവർ സിനിമയിൽ എത്താത്തതിന്റെ നഷ്ടം മലയാള സിനിമയ്ക്കു മാത്രമാണ്. അവരുടെ സാന്നിധ്യം കൂടുന്നതോടെ കൂടുതൽ മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടാകുകയും കൂടുതൽ നല്ല സിനിമ ഉണ്ടാകുകയും ചെയ്യും. സ്ത്രീകളുടെ കൂട്ടായ്മ പുരുഷനും സിനിമയ്ക്കും എതിരല്ല. സിനിമയിലെ വേണ്ടാത്തരങ്ങൾക്ക് എതിരാണ്. 

മാധ്യമരംഗത്തേക്ക് ഇപ്പോൾ പെൺകുട്ടികൾ ധാരാളമായി കടന്നുവരുന്നു. അവിടെ ആൺ – പെൺ വ്യത്യാസമില്ലാതെ രാവും പകലും ജോലിചെയ്യുന്നു. പുരുഷന്മാരുടെ എണ്ണത്തിനു തുല്യമായി നല്ല അവതാരകമാരും ന്യൂസ് റീഡർമാരും ഉണ്ടായിരിക്കുന്നു. ഇതു സിനിമയിലും ഉണ്ടാകണമെന്നു മാത്രമേ സിനിമയിലെ ഓരോ സ്ത്രീയും കരുതുന്നുള്ളൂ. 

സിനിമ വളരെ സുരക്ഷിതവും ക്രിയാത്മകവുമായൊരു മേഖലയാണെന്ന് ഓരോ രക്ഷിതാവിനും തോന്നണം. അവരുടെ കുട്ടികൾ ഈ രംഗത്തേക്കു ധൈര്യത്തോടെ വരണം. നമ്മുടെ സിനിമയിൽ ജോലിചെയ്യുന്നത് അന്തസ്സായി തോന്നുന്ന കാലം ഉണ്ടാകണം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മനസ്സുകൊണ്ടും എല്ലാവരും കൂടെ നിന്നാൽ ഇതു നടക്കുമെന്നുറപ്പാണ്. 

വീണ്ടും പറയുന്നു: സ്ത്രീകൾ കൈ കോർത്തതു പുരുഷന്മാർക്ക് എതിരായല്ല, സിനിമയ്ക്കുവേണ്ടിയാണ്; നല്ല സിനിമയ്ക്കുവേണ്ടി, നല്ല ജീവിതത്തിനുവേണ്ടി. സിനിമയിൽ ഇതുണ്ടായാൽ ഇതുപോലുള്ള എത്രയോ മേഖലകളിൽ സ്ത്രീകളുടെ അന്തസ്സ് ഉയരും. ഇതു നമ്മുടെ കുട്ടികൾക്കു നാം നൽകേണ്ട ഉറപ്പാണ്.

സിനിമാ എഡിറ്ററും ചലച്ചിത്ര അക്കാദമി വൈസ് ചെയർപഴ്സനുമായ ലേഖിക വനിതാ സിനിമാപ്രവർത്തകരുെട  

‘വിമൻ ഇൻ സിനിമ കലക്ടീവ് ’ 

കൂട്ടായ്മയുടെ മുഖ്യ സംഘാടകയാണ്