Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ അറസ്റ്റ്; താരങ്ങളുടെ പ്രതികരണം

dileep-biju

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളം ഒരിക്കലും പ്രതീക്ഷിക്കാത്തൊരു അറസ്റ്റ് നടന്നിരിക്കുന്നു. ജനപ്രിയനായകൻ ദിലീപ് അറസ്റ്റിലായിരിക്കുന്നു. ഈ വിഷയത്തിൽ ആദ്യമേ തന്നെ വിരൽചൂണ്ടപ്പെട്ടത് ദിലീപിലേക്കായിരുന്നുവെങ്കിലും ഇത്രയും പ്രബലനായ നടൻ അറസ്റ്റിലാകുമോ എന്ന് സംശയമായിരുന്നു. എന്തായാലും അത് നടന്നിരിക്കുന്നു. വിശ്വസിക്കാനാകുന്നില്ല സിനിമ ലോകത്തിനും പൊതുജനങ്ങൾക്കും. സഹപ്രവർത്തകയെ ക്രൂരമായ ആക്രമണത്തിലേക്ക് എറിഞ്ഞു കൊടുത്തതിൽ ദിലീപ് പ്രതിസ്ഥാനത്ത് നിർത്തപ്പെടുമ്പോൾ സിനിമ ലോകം പ്രതികരിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സിനിമ അഭിനേതാക്കളുടെ സംഘടനായ അമ്മയുടെ പ്രസിഡന്റ് ഇന്നസന്റിനെതിരെ രൂക്ഷമായ പ്രതികരണമാണ് സംവിധായകൻ നടത്തുന്നത്. സിനിമ രംഗത്തെ വൃത്തികേടുകളെ തുറന്നു പറഞ്ഞ പെൺകുട്ടികളെ ഇന്നസന്റ് ആവർത്തിച്ച് അപമാനിക്കുകയാണ്. സ്ത്രീവിരുദ്ധ പ്രസ്താവനകൾ വീണ്ടും നിരത്തി സാംസ്കാരിക കേരളത്തെ മലീസമാക്കാൻ ഇന്നസന്റിന് എന്തു സംഭവിച്ചുവെന്നും വിനയൻ ചോദിക്കുന്നു. മറ്റു പ്രതികരണങ്ങളിലേക്ക്. 

നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ് സിനിമയിലെ വനിത പ്രവർത്തകർ ഒന്നുചേർന്ന് അവകാശ സംരക്ഷണത്തിനായി വുമൺ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. ഈ സംഘടനയ്ക്കാണ് എഴുത്തുകാരനും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അഭിനന്ദനമറിയിക്കുന്നത്. പുതിയൊരു സിനിമ സംസ്കാരം തന്നെ ഉയർന്നു വരണമെന്നാണ് സംവിധായകൻ ഡോ.ബിജുവിന് പറയാനുള്ളത്. ഈ നടൻമാരോടെല്ലാം പുച്ഛം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു പ്രതികരണങ്ങളിലേക്ക്

വിനയൻ

ശ്രീമാൻ ഇന്നസെൻെറ് ചേട്ടൻ ..... ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ പ്രസ്ഥാവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാൻ നിങ്ങൾക്കിതെൻതു പറ്റീ...
സിനിമാ രംഗത്തേ വൃത്തികേടുകളും അപജയങ്ങളും,തുറന്നു പറയാൻ തയ്യാറായപെൺ കുട്ടികളേ താൻകൾ ആവർത്തിച്ച് അപമാനിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. 
ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗൽഭരായ നടിമാരിൽ ഒരാളായ പാർവ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ് . ഏതെൻകിലും നടിക്ക് അങ്ങനെ കിടക്ക പൻകിടേണ്ടി വരുന്നെൻകിൽ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താൻകൾ അമ്മയുടെ പ്രസിഡൻെറ് മാത്രമല്ല ചാലക്കുടിയിലേ പാലമെൻെറിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോർത്താൽ കൊള്ളാം. 
അന്തരിച്ച മഹാനായ സാസ്കാരിക നായകൻ സുകുമാർഅഴീക്കോട് താൻകളുടെ ഇന്നസൻെറന്ന പേരിനേ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവർത്തിക്കുന്നില്ല.. 
അതുതാൻകൾ അന്വർത്ഥമാക്കരുത് .... ദയവു ചെയ്ത് ഇനിയും പൊട്ടൻ കളിക്കരുത് .. ഒൻപതു വർഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാൻ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കളൻകനായി പറഞ്ഞ ഇന്നസൻറു ചേട്ടനേ ഞാനിപ്പോൾ ഒാർത്തുപോകുന്നു.. കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ ഫൈൻഅടിക്കുന്നതു വരെ താൻകൾക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എൻെറ മനസ്സിൽ തോന്നിയ പ്രതികരണം ഞാൻമിതമായഭാഷയിൽ പറഞ്ഞെന്നേയുള്ളു.. ഇതിനെനി ...മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുത്..... അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാൽ വീണ്ടും വിലക്കുമെന്ന് മൂകെഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറൽ ബോഡിയിൽ പറഞ്ഞത്.. ഇന്നസൻറു ചേട്ടനെ കൂടുതൽ എഴുതി ഞാൻവിഷമിപ്പിക്കുന്നില്ല.. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാൻ കഴിയില്ലാ.. എന്നു താൻകൾ ഒാരക്കണം..

അരുൺലാൽ രാമചന്ദ്രന്‍,തിരക്കഥാകൃത്ത്

കേരളം പോലീസിനും സർക്കാരിനും അഭിനന്ദനങ്ങൾ ...ഒപ്പം പറഞ്ഞു കൊള്ളട്ടെ രാമലീല ദിലീപിന്റെ മാത്രം ചിത്രമല്ല അതിന് പുറകിൽ അരുൺ ഗോപി എന്നൊരു ചെറുപ്പക്കാരന്റെ കഷ്ടപ്പാടും വേദനയും ഉണ്ട്.....ഈ നിമിഷത്തിൽ അരുൺ എത്ര മാത്രം സങ്കടപ്പെടുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളു .....രാമലീലയെ സിനിമയായി തന്നെ കാണണം ....അപ്പോൾ പറയും നല്ല സിനിമ ആണെങ്കിൽ ഓടും എന്ന് ....പക്ഷെ അറിയാലോ എന്തിനെയും വിപരീതമായി കാണാനുള്ള നമ്മളിൽ ചിലരുടെ ആഗ്രഹം .....അത് സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു ...രാമലീല ഒരുപാട് കാലത്തേ ഒരു ചെറുപ്പക്കാരന്റെ കഷ്ടപ്പാടും സ്വപ്നവുമായി കാണുക....മറ്റൊരു തരത്തിലും കാണരുതേ എന്ന് സിനിമയെ സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു ....

അരുണേ രാമലീലയുടെ ആദ്യ ഷോക്ക് ഞാൻ ഉണ്ടാകും ...നീ ധൈര്യപൂർവം മുന്നോട്ട് പോകൂ ....

ഡോ.ബിജു,സംവിധായകൻ

മലയാള സിനിമ എത്രയോ കാലമായി ഒരു വലിയ അശ്ലീലവും ആസാംസ്കാരികവുമായ ഒരിടമാണ്. ഒപ്പം അത് സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവും കീഴാള വിരുദ്ധവുമാണ്..ഫ്യൂഡലിസം ഇപ്പോഴും നിലനിൽക്കുന്ന ഒരിടം ആണത്.എത്രയോ കാലമായി അങ്ങനെ തന്നെയാണ്..സിനിമ എന്നാൽ താരങ്ങൾ എന്ന് മാത്രം കരുതുന്ന കാണികൾക്കും ഫാൻസ് കോമാളികൾക്കും മാധ്യമങ്ങൾക്കും സർക്കാരിനും ഒക്കെ ഇതിൽ ചെറുതല്ലാത്ത പങ്കുണ്ട് എന്ന കാര്യവും മറക്കേണ്ടതില്ല....ഇത് ഒരു നിമിത്തമാകട്ടെ....മലയാള സിനിമയെ സാംസ്കാരികമായ ഒരിടത്തിലേക്ക് തിരികെ കൊണ്ട് വരാൻ എല്ലാവർക്കും ചുമതലയുണ്ട്..അത് സാധ്യമാകട്ടെ..അന്ധമായ ആരാധനകൾക്കപ്പുറം സിനിമ എന്ന കലാ രൂപത്തിനാകട്ടെ പ്രാമുഖ്യം..താരാരാധനായിൽ മയങ്ങാതിരുന്ന കേരളാ പോലീസിനും ഇടത് പക്ഷ സർക്കാരിനും അഭിനന്ദനങ്ങൾ... ഇത്ര മനോ ധൈര്യത്തോടെ പിടിച്ചു നിന്ന ആ കുട്ടിക്കും ആർജവത്തോടെ പിന്തുണ നൽകിയ വിമൻ കലക്ടീവിനും നിതാന്ത ജാഗ്രത പുലർത്തിയ മാധ്യമങ്ങൾക്കും അഭിനന്ദനങ്ങൾ...ഇടത് പക്ഷത്തിന്റെ ലേബലിൽ ജന പ്രതിനിധികളായി ഇപ്പോഴും നടക്കുന്ന ആ നടന്മാരോട് കടുത്ത പുച്ഛം മാത്രം....

# MAKE A NEW FILM CULTURE.....YES WE CAN..#

മലയാള സിനിമയെ താരാധിപത്യത്തിൽ നിന്നും അസാംസ്കാരികതയിൽ നിന്നും , കീഴാള വിരുദ്ധതയിൽ നിന്നും മാഫിയാ ക്രിമിനൽ സംസ്കാരത്തിൽ നിന്നും സ്ത്രീ വിരുദ്ധതയിൽ നിന്നും ഒക്കെ മോചിപ്പിക്കേണ്ടതാണ് എന്ന ഒരു പൊതു ബോധം ഉരുത്തിരിഞ്ഞു വരുന്ന ഒരു സമയമാണ് . ഈ കാര്യങ്ങൾ എങ്ങനെ സാധ്യമാക്കാം ആർക്കൊക്കെയാണ് ഇതിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാവുക എന്ന കാര്യങ്ങൾ കൂടി ഈ അവസരത്തിൽ തന്നെ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതല്ലേ . നില നിന്ന് പോന്ന ചില ധാരണകൾ കീഴ്വഴക്കങ്ങൾ ഒക്കെ ഒന്ന് മാറ്റേണ്ടതല്ലേ . മുൻപ് പല സമയത്തും എത്രയോ തവണ പറയുകയും എഴുതുകയും ചെയ്തിട്ടുള്ളതാണെങ്കിലും അതൊക്കെ ഒന്ന് ക്രോഡീകരിച്ചു വീണ്ടും പറയേണ്ടതുണ്ട് എന്ന ബാധ്യത ഉണ്ട് . പ്രധാനമായും നാല് കൂട്ടർക്കാണ് ഈ കാര്യങ്ങളിൽ ഉത്തരവാദ ബോ ധത്തോടെയുള്ള നിലപാട് എടുക്കേണ്ടത് . അവർ പുലർത്തി പോരുന്ന രീതികളും നിലപാടുകളും സ്വയം വിമർശനപരമായി പരിശോധിക്കണം 
1 . പൊതു ജനം / കാണികൾ 
II . സർക്കാർ 
III . സിനിമാ രംഗത്തെ കലാകാരന്മാർ 
IV . മാധ്യമങ്ങൾ

1 . പൊതുജനം / കാണികൾ 
1 . ഇത്രമേൽ അസാംസ്കാരികവും സ്ത്രീ- കീഴാള വിരുദ്ധവുമായ സിനിമകളെ നിരന്തരം തിയറ്ററിൽ വിജയിപ്പിച്ചത് കാണികൾ തന്നെയാണ്. മുൻപ് നല്ല സിനിമകളെ ഇഷ്ടപ്പെടുകയും തിയറ്ററിൽ പോയി കാണുകയും ചെയ്തിരുന്ന സിനിമാ സംസ്കാരം ഉണ്ടായിരുന്ന ഒരു ജനത ഇന്ന് ഏറ്റവും അറു വഷളൻ സിനിമകളെ മാത്രം കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറ്റപ്പെട്ടു . 
2 .മലയാളത്തെ ദേശീയമായും അന്തർ ദേശീയമായും അടയാളപ്പെടുത്തിയ സിനിമകളെ തിയറ്ററിൽ കയറാതെ ആട്ടിയകറ്റിയത് കാണികൾ ആണ് . മലയാളത്തിലെ നല്ല സിനിമാ സംസ്കാരത്തെ പടിക്ക് പുറത്ത് നിർത്തിയത് കാണികൾ തന്നെയാണ് . അത്തരത്തിൽ മലയാളത്തിന് അഭിമാനമായ സിനിമകൾക്ക് തിയറ്റർ പോലും ലഭിക്കാത്ത ഒരു സാഹചര്യമുണ്ടാക്കിയത് ഇവിടുത്തെ പ്രേക്ഷകരാണ് .
3 . ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ വിവരവും ബോധവും ഇല്ലാത്ത ചില കോമാളിക്കൂട്ടങ്ങൾ മലയാള സിനിമയെ അപഹാസ്യമാക്കിയത് കാണികളുടെ മൗനാനുവാദത്തോടെയായിരുന്നു . 
4 . സിനിമ എന്നാൽ താരങ്ങൾ മാത്രമാണ് എന്ന തരത്തിൽ താരാരാധന എന്ന മാനസിക അടിമത്വം പുലർത്തുന്നവരായി മാറി കൂടുതൽ കാണികളും . സംവിധായകനും നിർമ്മാതാവിനും മറ്റ് സാങ്കേതിക പ്രവർത്തകർക്കും ഒന്നും ഒരു വിലയും കൽപ്പിച്ചു നൽകാതെ സിനിമ എന്നാൽ താരം മാത്രം എന്ന തരത്തിലുള്ള ഫാൻസ്‌ ആരാധന ഭൂരിപക്ഷം പ്രേക്ഷകനിലും ഉണ്ടായി. ഇതിൽ നിന്നും മാറി ചിന്തിക്കാൻ പ്രേക്ഷകന് സാധ്യമാകുമോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം .
.
II. സർക്കാർ 
ഈ രംഗത്ത് ഏറ്റവും വലിയ ഇടപെടലുകൾ നടത്തേണ്ടത് സർക്കാർ ആണ് . സർക്കാർ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ട് താഴെ പറയുന്നു .
1 . സിനിമയുമായി ബന്ധപ്പെട്ട ടൈറ്റിൽ രെജിസ്ട്രേഷൻ , പബ്ലിസിറ്റി ക്ലിയറൻസ് തുടങ്ങി എല്ലാ കാര്യങ്ങളും സർക്കാരിന്റെ കീഴിൽ ചലച്ചിത്ര അക്കാദമിയോ കെ എസ് എഫ് ഡി സി യോ ഏറ്റെടുക്കാനുള്ള അടിയന്തിര നടപടി സർക്കാർ കൈ കൊള്ളണം . ഇതൊക്കെ ഇനിയും സിനിമാ സംഘടനകൾക്ക് സർവ സ്വാതന്ത്ര്യത്തോടെ ജനാധിപത്യ വിരുദ്ധമായി നടത്തി കൊണ്ട് പോകാനുള്ള അവസരം സർക്കാർ ഉണ്ടാക്കരുത്. 
2 . നല്ല സിനിമകൾക്ക് സബ്‌സിഡി ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ ഇപ്പോഴും മൗനം ആണ് . മറാത്ത സർക്കാരിനെപോലെ കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി ഉൾപ്പെടെ നിരവധി ഇടപെടലുകൾ നടത്തണം എന്ന നിരന്തര ആവശ്യം സർക്കാർ തുടർച്ചയായി കേട്ടില്ല എന്ന് നടിക്കുന്നത് ഇനിയെങ്കിലും നിർത്തണം .
3 . നല്ല സിനിമകൾക്ക് നിർബന്ധമായും തിയറ്റർ ലഭിക്കാനുള്ള സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുവാനും സർക്കാർ ശ്രദ്ധ നൽകേണ്ടതാണ് .
4 . നല്ല സിനിമാ സംസ്കാരത്തിനായി സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ട രണ്ടു റിപ്പോർട്ടുകൾ ഉണ്ട് . അടൂർ കമ്മിറ്റി റിപ്പോർട്ടും , ലെനിൻ രാജേന്ദ്രൻ, കമൽ, ശശി പരവൂർ തുടങ്ങി ഞാനും കൂടി ഉൾപ്പെട്ട ഫോറം ഫോർ ബെറ്റർ സിനിമയുടെ കമ്മിറ്റി നൽകിയ റിപ്പോർട്ടും . ഇത് രണ്ടും അടിയന്തിരമായി പരിഗണിക്കണം .
5 . താരങ്ങൾ മാത്രമാണ് സിനിമ എന്ന ഒരു ധാരണ സർക്കാരിനും ഉണ്ട് . ഇത് മാറണം . സർക്കാർ പരസ്യങ്ങളിൽ പലപ്പോഴും താരങ്ങളെയാണ് ഉപയോഗിക്കുന്നത് . അതിൽ തെറ്റൊന്നുമില്ല . പക്ഷെ വെറും ഒരു താരം എന്നതിനപ്പുറം ഏതെങ്കിലും തരത്തിൽ എന്തെങ്കിലും സാമൂഹിക ,സാംസ്കാരിക ഇടപെടലുകൾ കൂടി നടത്തിയ നടീ നടന്മാരെ മാത്രമേ ഇത്തരത്തിൽ സർക്കാർ പരസ്യങ്ങളിൽ ഉൾപ്പെടുത്താവൂ . അങ്ങനെയൊരു മാനദണ്ഡവും സാംസ്കാരികതയും സാമൂഹികതയും സർക്കാർ എങ്കിലും സ്വീകരിക്കേണ്ടതാണ് . തങ്ങൾക്ക് യാതൊരു പുല ബന്ധവും ഇല്ലാത്ത കാര്യങ്ങളിലും മേഖലകളിലുമാണ് ഈ താരങ്ങൾ ജനങ്ങളോട് പരസ്യം പറഞ്ഞു സാക്ഷ്യപ്പെടുത്തുന്നത് എന്നോർക്കണം . അതും വൻ തുക പ്രതിഫലമായി വാങ്ങിയ ശേഷം. മാത്രവുമല്ല ടാക്സ് വെട്ടിപ്പും , റിയൽ എസ്റ്റേറ്റ് ഇടപാടുകളും ആനക്കൊമ്പും ഭൂമി കയ്യേറ്റവും, ഒക്കെ ആയി നിരവധി ആരോപണങ്ങൾ നേരിടുന്ന വ്യക്തികളെയാണ് സർക്കാർ ജനങ്ങൾക്ക് മുൻപിൽ പരസ്യ അംബാസ്സഡർമാരായി ജനങ്ങളുടെ നികുതിപ്പണം പ്രതിഫലമായി കൊടുത്ത് എഴുന്നള്ളിക്കുന്നത് എന്നതും ഓർക്കണം . 
5 . സർക്കാർ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങുകൾ കഴിഞ്ഞ രണ്ടു മൂന്ന് വർഷ ങ്ങളായി വമ്പൻ താരനിശ ആയി തരം താഴ്ത്തുന്ന അവസ്ഥയാണ് കണ്ടു വരുന്നത് ,സിനിമ ഒരു കലാരൂപം എന്ന നിലയിൽ സാംസ്കാരികമായും സാമൂഹികവുമായും നടത്തുന്ന ഇടപെടലുകൾ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ആണ് സർക്കാർ പുരസ്കാരങ്ങൾ നൽകുന്നത് . അത് നൽകുന്ന വേദി തികച്ചും സാംസ്കാരികമായ ഒന്ന് ആയിരിക്കണം . അത് ടെലിവിഷൻ അവാർഡ് നിശയുടെ മാതൃകയിൽ താര നിശയുടെ ആഘോഷമായി സർക്കാർ മാറ്റുന്നത് മലീമസമായ ഒരു അരാഷ്ട്രീയതായാണ് . ആ കാഴ്ച ആണ് കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ കണ്ടു വരുന്നത് .അത് കൊണ്ട് കഴിഞ്ഞ രണ്ടു വർഷത്തെ രീതി ഒഴിവാക്കി അവാർഡ് മാന്യമായ ചടങ്ങ് നടത്തി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം . അടുത്ത മാസം നടത്താൻ ഉദ്ദേശിക്കുന്ന അവാർഡ് ദാന ചടങ്ങ് ഷാരൂഖ് ഖാനെയും കമല ഹാസനെയും ഒക്കെ വരുത്തി ഫിലിം ഫെയർ അവാർഡ് നിശയെ തോൽപിക്കുന്ന തരത്തിലാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം . പുരസ്കാരങ്ങൾ നൽകുന്നത് അത് ലഭിക്കുന്നവരെ ആദരിക്കുന്നതിനാണ് അല്ലാതെ ആളുകളെ എൻറ്റർടെയിൻ ചെയ്യിക്കാനല്ല എന്ന തിരിച്ചറിവ് സർക്കാരിന് എങ്കിലും ഉണ്ടാകണം . (കുറഞ്ഞ പക്ഷം ദേശീയ പുരസ്‌കാര ദാന ചടങ്ങ് എങ്ങനെയാണ് നടത്തുന്നത് എന്നെങ്കിലും ഒന്ന് നോക്കി കാണുന്നത് നന്നായിരിക്കും ). ഇത് ഒരു സംസ്കാരത്തിന്റെ സൂചനയാണ് അല്ലാതെ താരാരാധന ഊട്ടി ഉറപ്പിക്കാൻ നടത്തുന്ന ഒരു സർക്കാർ സ്‌പോൺസേർഡ് ചടങ്ങ് അല്ല എന്ന ബോധം സർക്കാരിന് ഉണ്ടാകണം . താരങ്ങളെ കെട്ടി എഴുന്നള്ളിച്ച് നടത്തുന്ന ഈ പുരസ്‌കാര വിതരണ ആഭാസം ഈ വർഷം തുടരില്ല എന്ന തീരുമാനം സർക്കാർ കൈക്കൊള്ളണം . ( ഇത് ഇങ്ങനെ വെറുതെ പറയാം എന്നേ ഉള്ളൂ . മുഖ്യ മന്ത്രിയുടെയും സിനിമാ മന്ത്രിയുടെയും ഫുൾ ഫിഗർ ഫോട്ടോയും ഒരു അവാർഡും ലഭിച്ചിട്ടില്ലെങ്കിലും അതിഥിയായി എത്തുന്ന നടന്മാരുടെ വർണ ചിത്രവുമായി അടുത്ത മാസം സംസ്ഥാന സർക്കാർ അവാർഡ് ദാന ചടങ്ങിന്റെ നോട്ടീസ് കിട്ടുമ്പോൾ ഇതേ വാചകങ്ങൾ വീണ്ടും ഇവിടെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് മാത്രം) 
6 . ആളുകളെ വിലക്കൽ തുടങ്ങിയ കലാപരിപാടികൾ തുടരുന്ന എല്ലാ സിനിമാ സംഘടനകൾക്കെതിരെയും സർക്കാർ കർശനമായി നടപടി സ്വീകരിക്കണം

III. സിനിമാ രംഗത്തെ കലാകാരന്മാർ .
1 .അമ്മ പോലെ തീർത്തും ജനാധിപത്യ വിരുദ്ധമായ സംഘടനകളിൽ നിന്നും രാജി വെച്ച് പുറത്ത് വരാൻ കലാകാരന്മാരായ നടന്മാരും നടികളും തയ്യാറാകണം ..
2 . സിനിമകൾ കൂടുതൽ സാംസ്കാരികമാകാൻ എല്ലാ കലാകാരന്മാരും ശ്രെദ്ധിക്കേണ്ടതുണ്ട് . സിനിമ പ്രേമേയപരമായി എല്ലാത്തരം അസാംസ്കാരിക, സ്ത്രീ, കീഴാള , വംശീയ വിരുദ്ധ നിലപാടുകളിൽ നിന്നും വിമുക്തമാകാൻ ശ്രെദ്ധിക്കണം .
3 . സിനിമയിൽ കാശ് മുടക്കുന്ന നിർമാതാവിന് പ്രാമുഖ്യം ലഭിക്കുന്ന ഒരു സംസ്കാരം നിർഭാഗ്യവശാൽ ഇപ്പോൾ ഇല്ല . സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന പല സിനിമകളുടെയും സെറ്റ് രാജ ഭരണം പോലെയാണ് . താരത്തിന് വേണ്ടി മാത്രം താരത്തിന്റെ ആജ്ഞ അനുസരിച്ച് മാത്രം നീങ്ങുന്ന ഒരിടം .താരങ്ങൾ ഒഴികെ ബാക്കിയുള്ള എല്ലാ മനുഷ്യന്മാരെയും അപ്രസക്തരാക്കുന്ന അടിമത്ത നിലയിൽ നിന്നും സിനിമയുടെ ചിത്രീകരണ ഇടങ്ങൾ മുക്തമാക്കപ്പെടണം . മൂന്ന് തരം ഭക്ഷണം . ആൾക്കാരുടെ തൊഴിൽ അനുസരിച്ചുള്ള ഉച്ച നീചത്വങ്ങൾ തുടങ്ങിയവ ഒക്കെ ഒഴിവാക്കപ്പെടേണ്ടതാണ് , 
4 . താരത്തിന് മാത്രം വമ്പൻ പ്രതിഫലം നടികൾ ഉൾപ്പെടെ മറ്റ് എല്ലാവർക്കും തുച്ഛമായ പ്രതിഫലം എന്ന തികച്ചും തൊഴിലാളി വിരുദ്ധമായ രീതി മാറേണ്ടതുണ്ട് . അതിനായുള്ള ഇടപെടലുകൾ സിനിമാ രംഗത്തെ കലാകാരന്മാർ തന്നെ നടത്തേണ്ടതുണ്ട് . ഇപ്പോൾ മലയാള സിനിമ എന്നാൽ സിനിമ ലാഭമായാലും നഷ്ടമായാലും സൂപ്പർ താരത്തിന് പണം ഉണ്ടാക്കാനുള്ള ഒരു വ്യവസായം എന്ന നിലയിൽ ആണ് നടന്നു പോരുന്നത് .ഒരു ഇൻഡസ്ട്രി എന്ന നിലയിൽ ഇറങ്ങുന്ന സിനിമകളിൽ 90 ശതമാനം സിനിമകളും പരാജയപ്പെടുന്ന ഒരു നഷ്ട കച്ചവടമാണ് എന്നും മലയാള സിനിമ .ഇവിടെ നഷ്ടമാകുന്നത് നിർമാതാവിന് മാത്രം . സിനിമ ഒരു താരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും ആവശ്യങ്ങളും നിറവേറ്റാനുള്ളതല്ല മറിച്ചു ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ പരിശ്രമം ആണ് എന്ന വസ്തുത സിനിമയിൽ പ്രവർത്തിക്കുന്നവർ എങ്കിലും തിരിച്ചറിയണം . 
5 . സിനിമയുടെ എല്ലാ വശങ്ങളും തീരുമാനിക്കേണ്ടത് സംവിധായകനും നിർമാതാവും ആണ് . താരങ്ങളുടെ ഇഷ്ടത്തിനൊപ്പിച്ച് എല്ലാം തീരുമാനിക്കുന്ന ഇപ്പോഴത്തെ ഈ ഏർപ്പാട് നിർത്തലാക്കാൻ മുൻകൈ എടുക്കേണ്ടത് സിനിമാ പ്രവർത്തകർ തന്നെയാണ് .

IV. മാധ്യമങ്ങൾ 
മാധ്യമങ്ങൾ ഇപ്പോൾ അനുവർത്തിച്ചു വരുന്ന ചില കാര്യങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട് 
1 . ഏതെങ്കിലും ഒരു നടൻ അഭിനയിച്ചാൽ അത് എന്ത് സിനിമയാണ് എന്ന് പോലും നോക്കാതെ വമ്പൻ സാറ്റലൈറ്റ് തുക നൽകുന്ന അസംബന്ധ ഏർപ്പാട് നിർത്തലാക്കണം . തിയറ്ററിൽ വിജയിക്കുന്ന സിനിമകൾക്ക് താരം ആരെന്ന് നോക്കാതെ സിനിമയുടെ മേന്മ മാത്രം നോക്കി എന്തുകൊണ്ട് നിങ്ങൾക്ക് സാറ്റലൈറ്റ് നൽകിക്കൂടാ . 
2 .കലാമൂല്യ സിനിമകൾക്ക് സാറ്റലൈറ്റ് റൈറ്റ് നൽകില്ല എന്ന കാലങ്ങളായി അനുവർത്തിക്കുന്ന അസാംസ്കാരിക നിലപാട് എന്ത് കൊണ്ട് നിങ്ങൾക്ക് തിരുത്തിക്കൂടാ 
3 . സിനിമയിൽ നിങ്ങൾ താരങ്ങൾക്ക് നൽകുന്ന ഈ അമിത പ്രാധാന്യം ഉണ്ടല്ലോ അത് ശരിയാണോ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിക്കേണ്ടതല്ലേ . ജനപ്രിയൻ, കംപ്ലീറ്റ് ആക്ടർ , മെഗാതാരം , സൂപ്പർ താരം , എന്നൊക്കെ സ്വയം പേരിട്ട് അവരും അവരുടെ ഫാൻസ്‌ കോമാളിക്കൂട്ടവും വിളിക്കുന്നത് വിട്ടുകളയാം . പക്ഷെ അത് മാധ്യമങ്ങൾ നിരന്തരം ഇങ്ങനെ ആവർത്തിക്കുന്ന ആ ബോറൻ ഏർപ്പാട് ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ . 
3 . ഓണവും ക്രിസ്തുമസ്സും ഒക്കെ വരുമ്പോൾ താരങ്ങളുടെ പുളിച്ചു നാറിയ അടുക്കള വിശേഷങ്ങളും , സ്വയം പുകഴ്ത്തൽ മാമാങ്കവും ചെടിച്ച ഫിലോസഫികളും മാത്രം വിളമ്പുന്ന ആ അഴകൊഴമ്പൻ പരിപാടികൾ അൽപ്പമൊന്ന് കുറയ്ക്കാൻ സാധിക്കുമോ ..
4 . താരമാണ് താരം മാത്രമാണ് സിനിമ എന്ന് പൊതു ജനങ്ങൾക്കിടയിൽ ഊട്ടിയുറപ്പിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ അൽപ്പം ഒന്ന് കുറച്ചുകൂടെ .
5 . സാംസ്കാരികവും കലാപരവുമായ മെച്ചപ്പെട്ട സിനിമകൾ വർഷത്തിൽ ഒരിക്കലെങ്കിലും സംപ്രേഷണം ചെയ്യാൻ ഉള്ള ആർജ്ജവം നിങ്ങൾക്ക് എന്നെങ്കിലും ഉണ്ടാകുമോ 
6 . മലയാള സിനിമകൾ ഇടയ്ക്കൊക്കെ അന്തർ ദേശീയ തലത്തിൽ ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ , പുരസ്കാരങ്ങൾ നേടുമ്പോൾ അത് കാണാതെ പോകുന്ന അല്ലെങ്കിൽ അതിന്റെ പ്രാധാന്യം അറിയാതെ പോകുന്ന നിങ്ങളുടെ ലോക സിനിമാ നിരക്ഷരത ഇനിയെങ്കിലും പുനഃപരിശോധിച്ചു കൂടെ .. ലോകത്തെ വലിയ മേളകളിൽ മലയാള സിനിമ അതിന്റെ സുപ്രധാനമായ ഇടങ്ങൾ നേടി അടയാളപ്പെടുത്തുമ്പോൾ അതിന്റെ പ്രാധാന്യം അറിയാതെ അജ്ഞരായ നിങ്ങൾ ആ വാർത്തകൾ തമസ്കരിക്കുകയാണ് ഇപ്പോഴും ചെയ്യുന്നത് .

മേൽ പറയുന്ന കാര്യങ്ങൾ ഒക്കെ പുതിയൊരു സിനിമാ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ , പുതിയൊരു ചലച്ചിത്ര സാക്ഷരത ഉണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കുന്ന ചില ചെറിയ ചെറിയ ഇടപെടലുകളാണ് ...പക്ഷെ ആ ഇടപെടലുകൾ നടത്താനുള്ള ആർജ്ജവം നമുക്കുണ്ടോ എന്നതാണ് നമ്മൾ സ്വയം നമ്മളോട് തന്നെ ചോദിക്കേണ്ട പ്രധാനപ്പെട്ട ചോദ്യം...

വിനു കിരിയത്ത്

വഞ്ചനയ്ക്കും ചതിക്കും ഇവിടെ ഒരു നിയമമേ ഉള്ളു ,അത് നീ ആയാലും ശരി ഞാനായാലും ശരി .ഇരുപതാം നൂറ്റാണ്ടിലെ അതിമനോഹരമായ സംഭാഷണം .