Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരി മുടക്കിയ 3 കോടിയുടെ ആ മലയാളസിനിമ

drug-malayalam ഫയൽ ചിത്രം

മലയാള സിനിമയുടെ ലൊക്കേഷനുകളിൽ പാർക്ക് ചെയ്തിരിക്കുന്ന ചില കാരവനുകളിലെങ്കിലും കഞ്ചാവിന്റെ ഗന്ധമാണ്. ഷൂട്ടിങ്ങിനിടയിൽ താരങ്ങൾക്കു വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമാണു കാരവൻ വാടകയ്ക്ക് എടുക്കുന്നത്. 

സമീപകാലത്ത് ഏതാനും സിനിമകളിൽ വേഷമിട്ടു ശ്രദ്ധേയനായ ന്യൂജൻ നടൻ കാരവനിൽ കയറി മേക്കപ്പിട്ട് ഇറങ്ങിയാൽ ഉള്ളിൽ ലഹരിഗന്ധം നിറയുമെന്നു സഹപ്രവർത്തകർ പരാതിപ്പെട്ടു. പരാതി സഹിക്കാതായപ്പോൾ നിർമാതാവ് കാരവനിൽ കയറി പരിശോധിച്ചു. സംഗതി ശരിയാണ്. പക്ഷേ എന്തു ചെയ്യാൻ!

കൈക്കുടന്ന നിലാവ് (ഫുൾ പുക !)

ഏതാനും മാസം മുൻപാണു സംഭവം. പ്രശസ്ത ഹിന്ദി നടിയും നടനും കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. കേരളീയ ഭക്ഷണം ആസ്വദിച്ചശേഷം ആദ്യത്തെ ആവശ്യം പറഞ്ഞു, ‘സാധനം കിട്ടുമോ’. അഭിനയം മെച്ചപ്പെടുന്നതിന് ‘അതു’ കൂടിയേ തീരൂ. പ്രൊഡക്‌ഷൻ കൺട്രോളർ എതിർത്തു, ‘സാധിക്കില്ല. അകത്തുപോകുന്ന കേസാണ്’. എന്നാൽ രണ്ടാം ദിവസം കാര്യങ്ങൾ കൺട്രോൾ വിട്ടു പോകുന്നതായി പ്രൊഡക്‌ഷൻ കൺട്രോളർക്കു മനസ്സിലായി. ലൊക്കേഷനിൽ കൃത്യമായി സാധനം എത്തുന്നു. രണ്ടു ദിവസം കഴിഞ്ഞു രാത്രി നിലാവിൽ കണ്ട കാഴ്ച അതിലും സിനിമാറ്റിക്കായി. റിസോർട്ട് വരാന്തയിൽ ‘അഭിനയലഹരി’യിൽ ആലിംഗനബദ്ധരായി കണ്ണുകളടച്ചുനിൽക്കുന്ന താരങ്ങൾ.!!

 സിനിമയുടെ മുക്കിനും മൂലയിലും കണ്ണെത്തുന്ന കൺട്രോളറെ വെട്ടിച്ചു സാധനം എത്തിക്കാൻ ഇന്ന് ആളുകളുണ്ട്. ആവശ്യക്കാരെ അവർക്കും ആവശ്യക്കാർക്കു വിതരണക്കാരെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. 

 ലഹരി, സിനിമയുടെ പ്രധാന ചേരുവയാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല. എക്സൈസ്, പൊലീസ് വകുപ്പുകൾ നടത്തിയ റെയ്ഡുകളിലും പിടികൂടിയ കാരിയേഴ്സ് ഇക്കാര്യം പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും കാരിയർമാരെ പിടിച്ചാലും കേസ് അന്വേഷണം മുന്നോട്ടുപോകാറില്ല. 

സിനിമാക്കാർക്കു കൊടുക്കുന്ന ചരക്കിനു വിലയും കൂടുതൽ കിട്ടും. കുറച്ചുനാൾ മുൻപ് കൊച്ചിയിലെ പൊലീസ് ഒരു കാരിയറെ പിടികൂടി. കേസെടുക്കുന്നതിനു മുൻപു വിളി വന്നു. അഭിനയം മെച്ചപ്പെടുത്താനുള്ള സാധനമാണു തടയരുത്. എങ്ങനെ തടയും അല്ലേ?

കൊച്ചിയിലേക്ക് ഗോവൻ റൂട്ട് 

ഇപ്പോൾ ഗോവയിൽ സ്ഥിരതാമസക്കാരനായ എറണാകുളം സ്വദേശിയാണു മലയാള സിനിമയിലേക്കുള്ള ലഹരി ലിങ്ക്. ഗോവയിലെ അധോലോകം ഭരിക്കുന്നവരിൽ ഒരാളുടെ മകളെ വിവാഹം ചെയ്തതോടെയാണ് ഇയാൾ ലഹരിമരുന്നു വിൽപനയിൽ സജീവമായത്. 

കൊച്ചിയിൽ വിലസി നടന്നിരുന്ന കാലത്ത് ഒരു എസ്പിയായിരുന്നു സംരക്ഷകൻ. വിരമിച്ചിട്ടും കുറ്റാന്വേഷണ രംഗത്തുള്ള ഇദ്ദേഹവുമായി ഇപ്പോഴും കക്ഷി അടുപ്പം സൂക്ഷിക്കുന്നു. ചില ന്യൂജനറേഷൻ സിനിമാ പ്രവർത്തകരാണ് ഇയാളുടെ പ്രധാന ഇടപാടുകാർ. 

കൊച്ചിയിൽ ഇതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നതു ഹോട്ടൽ ബിസിനസുകാരൻ കൂടിയായ നിർമാതാവ്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പൊലീസ് ഒന്നുരണ്ടു തവണ ഈ നിർമാതാവിലേക്ക് എത്തിയെങ്കിലും ഉന്നത ഇടപെടലുകളിലൂടെ രക്ഷപ്പെട്ടു. 

ലഹരിയിടപാടിനു കൊച്ചി അത്ര സുരക്ഷിതമായ സ്ഥലമല്ലെന്നു തോന്നിത്തുടങ്ങിയതോടെ, പല സിനിമകളുടെയും ചിത്രീകരണം ഗോവയിലേക്കു മാറ്റുന്ന പ്രവണത അടുത്തകാലത്തായുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില ഗുണ്ടകളെയാണു സിനിമാ സെറ്റിൽ ലഹരിയെത്തിച്ചുകൊടുക്കാൻ ഉപയോഗിക്കുന്നത്. 

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി ഗോവയിൽ ഈ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണു പൊലീസ് നൽകുന്ന സൂചന. 

വിശ്വസ്‌തരായ ഇത്തരം ‘കാരിയർ’ ഡ്രൈവർമാരുമായുള്ള അടുപ്പം വർധിക്കുമ്പോൾ ഒന്നിച്ചിരുന്നാവും പിന്നെ ആഘോഷം. ലഹരി പാർട്ടികളും മദ്യപാന സദസ്സുകളും കഴിയുമ്പോൾ പ്രശസ്‌തരായ പലരുടെയും അവസ്‌ഥ എന്തായിരിക്കുമെന്ന് ഡ്രൈവർക്കേ അറിയൂ. അവൻ അതു ദുരുപയോഗപ്പെടുത്തുന്നതോടെ പ്രശ്‌നമാകുന്നു. 

അർധരാത്രിക്കു ശേഷം ഡ്രൈവറെ ഒഴിവാക്കി സ്വയം വണ്ടി അമിത വേഗത്തിൽ ഓടിച്ച് അപകടത്തിൽ പെട്ട ചലച്ചിത്ര പ്രവർത്തകരുമുണ്ട്. 

ഫ്ലാറ്റാണ്, സകലരും !

ന്യൂ ജനറേഷൻ സിനിമ വന്നതോടെ സിനിമാ ചർച്ചകളും എഡിറ്റിങ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തനങ്ങളും നടക്കുന്നതു കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ്. ഒപ്പം രാത്രിയും പകലുമില്ലാതെ നീളുന്ന ലഹരിയുപയോഗം. അങ്ങനെയൊരു പകലാണ്, വൈറ്റില കണ്ണാടിക്കാട്ടെ ഫ്ലാറ്റിലെ ലിഫ്റ്റിൽ തിരക്കഥാകൃത്ത് വീട്ടമ്മയെ കടന്നുപിടിച്ചത്. അയൽക്കാർ ഓടിക്കൂടിയാണു വീട്ടമ്മയെ രക്ഷപ്പെടുത്തിയത്. ഈ കേസിൽ അഞ്ചു വർഷത്തേക്കാണു കോടതി തിരക്കഥാകൃത്തിനെ ശിക്ഷിച്ചത്.

സിനിമാ പ്രവർത്തകർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഏതു പൊലീസുകാരനും അറിയാം. എന്നാൽ, ഇക്കാലയളവിൽ പിടിക്കപ്പെട്ടത് ഒരു കേസ് മാത്രം. യുവ നടൻ ഷൈൻ ടോം ചാക്കോയെയും സിനിമാപ്രവർത്തകരായ യുവതികളെയുമാണു കടവന്ത്രയിലെ ഫ്ലാറ്റിൽനിന്നു പൊലീസ് പിടികൂടിയത്. 

എംജി റോഡിലെ ഹോട്ടലിലെ നിശാ പാർട്ടിയിൽ പരിചയപ്പെട്ട യുവതിക്ക് ആവശ്യമുള്ളപ്പോഴെല്ലാം കൂട്ടുകാരുമൊത്ത് ആഘോഷിക്കാൻ തനിക്കു നിയന്ത്രണമുള്ള ഫ്ലാറ്റ് തുറന്നു കൊടുത്തത് ഇപ്പോൾ കൊലക്കേസിൽ  പ്രതിയായ വിവാദബിസിനസുകാരൻ. 

ഇവിടെയാണ് ഷൈൻ ടോം ചാക്കോ അടക്കം സിനിമാ, മോഡലിങ് രംഗത്തുനിന്നു പലരുമെത്തിയത്. വന്നവരെല്ലാം രാവെളുക്കുവോളം ആഘോഷിച്ചു മടങ്ങി. പിടിയിലായതു ഷൈൻ ടോം ചാക്കോ മാത്രം. കേസിന്റെ വിചാരണ തുടരുന്നു.

കൺതുറക്കാത്ത ലഹരിവേഷങ്ങൾ

സിനിമയിൽ ലഹരി എത്രത്തോളം ആഴത്തിൽ വേരോടിയിട്ടുണ്ടെന്ന് അറിയണമെങ്കിൽ ഇൗയിടെ ചിത്രീകരണം നിലച്ച സിനിമയുടെ കഥ കേൾക്കണം. മൂന്നു കോടി രൂപ മുടക്കി മുക്കാൽ ഭാഗവും ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇനി വെളിച്ചം കാണുമോ എന്ന ആശങ്കയിലാണ് നിർമാതാവ്. 

യുവതലമുറയിലെ മുൻനിര നടനാണ് ചിത്രത്തിലെ നായകൻ. സംവിധായകൻ പുതിയ ആൾ. അദ്ദേഹത്തിന് 12 അസിസ്റ്റന്റുമാർ. ചിത്രീകരണം തുടങ്ങിയതോടെ സംവിധായകനും ക്യാമറാമാനും 12 സഹായികളും കഞ്ചാവിന്റെ ലഹരിയിലായി. കുറെ കഴിഞ്ഞപ്പോൾ ചിത്രീകരണം നിലച്ചു. പടം മുടങ്ങിയിട്ട് ഒരു വർഷമായി. രണ്ടേകാൽ കോടി രൂപ കടം വാങ്ങിയാണ് നിർമാതാവ് സിനിമ എടുത്തത്. അവർ നിർമാതാവിനെതിരെ കേസ് കൊടുത്തു.    കൊച്ചിയിലും വയനാട്ടിലുമായി 60 ദിവസമാണ് ഈ സിനിമ ചിത്രീകരിച്ചത്. വയനാട്ടിൽ നിർമിച്ച സെറ്റുകൾ നശിച്ചു പോയി. ഇനി ചിത്രീകരിക്കണമെങ്കിൽ വീണ്ടും സെറ്റ് ഇടണം. ക്ലൈമാക്സ് എടുക്കണം. 

നിർമാതാവിന്റെ കണ്ണീരിനു മുന്നിലും ലഹരിവേഷങ്ങൾ കൺതുറക്കുന്നില്ല. 

സൗഹൃദം അതല്ലേ എല്ലാം !

മലയാള സിനിമയിലെ പുതുമുഖ നായകന്റെ വെളിപ്പെടുത്തൽ ശ്രദ്ധിക്കാം. ‘‘ സത്യത്തിൽ എനിക്ക് ഈ രീതിയിൽനിന്നു മാറണമെന്നുണ്ട്. പക്ഷേ ഫീൽഡിൽ പിടിച്ചുനിൽക്കണമെങ്കിൽ ഈ രീതി തുടർന്നേ പറ്റൂ. ഇവിടെ സൗഹൃദത്തിനാണ് മുൻതൂക്കം. ’’

തിരുവനന്തപുരത്തേക്ക് ഒന്നു വിളിക്കട്ടെ...!

ദിലീപിനെ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യുന്ന സമയം. ചില നടന്മാർ മറ്റൊരു താരത്തിന്റെ വാതിലിൽ മുട്ടിവിളിച്ചു, ‘‘അവനതു ചെയ്യില്ല. അതല്ല കാര്യം. നമുക്ക് അവനെ കയ്യൊഴിയാൻ പറ്റുമോ’’.  സംഭവത്തിന്റെ തുടക്കം മുതൽ മൗനം പാലിച്ചു വരുന്ന താരം മുറിക്കുള്ളിൽ കയറി മൗനം ഭഞ്ജിച്ചു. എന്നിട്ട് ‘തിരുവനന്തപുരത്തേക്കു വിളിച്ചു’. ഒന്നല്ല തുടരെത്തുടരെ. ഏതായാലും അറസ്റ്റ് അൽപകാലത്തേക്കു നീട്ടിവയ്ക്കാൻ ആ വിളികൾക്കു കഴിഞ്ഞു.

കേരളരാഷ്ട്രീയത്തിൽ ഭരണം ‘‘നിയന്ത്രിക്കുന്ന’’ മധ്യകേരള ലോബിയാണു ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാൻ ആദ്യം സമ്മർദം ചെലുത്തിയതത്രേ.  ജീവനക്കാരുടെ സ്ഥലംമാറ്റം മുതൽ നയപരമായ തീരുമാനങ്ങളിൽവരെ സമ്മർദം ചെലുത്താൻ ഈ ലോബിക്കു കഴിവുണ്ട്. അടുത്തകാലത്താണ് മധ്യകേരള ലോബി ശക്തമായത്. അതിനു മുമ്പ് ‘‘ഭരണം’’ തിരുവനന്തപുരം ലോബിയുടെ കയ്യിലായിരുന്നുവത്രേ. തിരഞ്ഞെടുപ്പുകാലത്ത് അത്യാവശ്യം വോട്ടു മറിക്കാൻവരെ ഈ സംഘത്തിനു സാധിച്ചിരുന്നു.

ബെനാമി പേരുകളിൽ സ്‌ഥലം വാങ്ങി വീടും കെട്ടിടങ്ങളും നിർമിച്ചു വിൽക്കുന്ന ചിലർ ചലച്ചിത്രരംഗത്തുണ്ട്. ഇത്തരം സിനിമാക്കാർക്കു ചില രാഷ്‌ട്രീയനേതാക്കളുടെയും അവരുടെ മക്കളുടെയും പിന്തുണയുള്ളതായി ചലച്ചിത്രരംഗത്തുള്ളവർ പറയുന്നു. രാഷ്‌ട്രീയക്കാരെയും പൊലീസ് ഉദ്യോഗസ്‌ഥരെയും പങ്കാളികളാക്കിയാൽ പിന്നെ ബിസിനസിന് ആരിൽനിന്നും ഭീഷണി ഉണ്ടാവില്ലെന്നു സിനിമാക്കാർക്കു നന്നായി അറിയാം.

ഇതു നമ്മുടെ പൊലീസ് !

പൊലീസ് നമ്മുടെയാളാണെന്നു സിനിമാക്കാർ പറയുന്നതിൽ തെറ്റില്ല. ഒരു കൊല്ലം മുമ്പ് സമൂഹ മാധ്യമത്തിൽ പ്രചരിച്ച ഫോട്ടോ തന്നെ തെളിവ്. മൂന്നാർ ദേവികുളത്തു വൈകിട്ട് ആനയുടെ പടം എടുക്കാൻ നോക്കിയിരിക്കുന്ന ചെറുപ്പക്കാരുടെ മുന്നിലേക്കു പൊലീസ് ജീപ്പ് വന്നു നിർത്തുന്നു. മുൻസീറ്റിൽ പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഇരിക്കുന്നതു സിനിമാ താരം. അൽപം ലഹരിയിലായിരുന്ന താരം നാട്ടുകാർക്കൊപ്പം നിന്നു ഫോട്ടോയും എടുത്തു.

കഥ തീരുന്നില്ല. താരത്തിനു ഹൈറേഞ്ചി‍ൽ സ്ഥലമുണ്ട്. അയൽക്കാരനുമായി അതിർത്തിത്തർക്കവും. കുറച്ചുനാൾ മുമ്പ് അയൽക്കാരനെ താരം സിനിമാ സ്റ്റൈലിൽ വിരട്ടിയിരുന്നു. അയൽക്കാരൻ പരാതി കൊടുത്തു. പരാതി നൽകിയവർക്കുള്ള തുറന്ന സന്ദേശമായിരുന്നു താരത്തിന്റെ പൊലീസ് ജീപ്പിലെ സഞ്ചാരം.

വില്ലൻ വേഷങ്ങൾ ചെയ്‌തിരുന്ന ഒരു മുൻ നടനു സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ക്വാറികളുണ്ട്. സംസ്‌ഥാന പൊലീസിലെ ഉന്നത ഐപിഎസ് ഓഫിസറാണു ബിസിനസ് പങ്കാളി. ഇവർ ഇരുവരും ചേർന്നു തായ്‌ലൻഡിൽ ടൂറിസ്‌റ്റ് റിസോർട്ടും നടത്തുന്നു.

വേഷം ഒറിജിനലാണ് 

പൊലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലുള്ളവരിൽ ചിലരെങ്കിലും സിനിമയുടെ മായികവലയത്തിൽ വീഴുന്നതു പതിവാണ്.

എഡിജിപി മുതൽ സിവിൽ പൊലീസ് ഓഫിസർ വരെ സിനിമയിൽ തല കാണിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങിവച്ചിരിക്കുകയാണ്. പല സിനിമകളിലും അതിഥിതാരങ്ങളായി വരുന്ന പൊലീസ് ഓഫിസർമാരിൽ ഒറിജിനലുകളുമുണ്ട്.  പതിവായി സിനിമയിൽ തല കാണിച്ചു സായൂജ്യമടയുന്ന എസ്ഐമാരും ഡിവൈഎസ്പിമാരും ഇപ്പോഴും സർവീസിലുണ്ട്. ഇതിനൊക്കെ പ്രത്യുപകാരം പലരീതിയിലാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നെടുമ്പാശേരി എയർപോർ‌ട്ടിൽനിന്നു പതിവായി പൊലീസ് വാഹനത്തിൽ കൊച്ചിയിലേക്കു വരുന്ന താരങ്ങളുണ്ടെന്ന് എത്രപേർക്കറിയാം!

അവർ കഥയെഴുതുകയാണ് !

മലയാളത്തിലെ പ്രമുഖ സംവിധായകൻ ജയിലിൽ ചിത്രീകരണത്തിനു ചെന്നു. ജയിലിലെ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടുവന്നു സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ വീട്ടിലേക്കു വിളിച്ചു സദ്യയും നൽകി. 

ഈ സ്നേഹത്തിനു പിന്നിൽ എന്താണാവോ എന്ന് ആലോചിച്ചിരിക്കുമ്പോൾ ഉദ്യോഗസ്ഥൻ കാര്യം പറഞ്ഞു: ‘ഭാര്യ ഒന്നാംതരം കഥ എഴുതിയിട്ടുണ്ട്. ഒന്നു സിനിമയാക്കണം!’ സംവിധായകൻ അന്തംവിട്ടു. 

നാളെ: 

താരങ്ങൾ ‘മണ്ണിലിറങ്ങുമ്പോൾ’