Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യുടെ പണം ഇടപാടുകളിൽ ക്രമക്കേടു കണ്ടെത്തി

amma-meeting-2017-aparna-4

നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വിഭാഗം ക്രമക്കേടു കണ്ടെത്തി. ഇവരുടെ സ്റ്റേജ് ഷോകളിലൂടെ ലഭിച്ച വരുമാനത്തിലാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ തുക വരവുവച്ചു ക്രമക്കേടു നടത്തിയെന്നാണ് ആദായ നികുതി വിഭാഗത്തിന്റെ നിലപാട്. 

നിയമനടപടികൾക്കെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചില നടീനടന്മാർ അമ്മയിൽനിന്നു ലഭിച്ച തുകയുടെ കണക്കു വകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാൽ, ഇവർക്കു നൽകിയതായി അമ്മയുടെ കണക്കിൽ പറയുന്ന തുകയും നടീനടന്മാരുടെ വെളിപ്പെടുത്തലുമായി ഒത്തുപോവുന്നില്ല. 

മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമ്പത്തിക ഇടപാടുകൾ ഒട്ടും സുതാര്യമല്ലെന്നാണു നികുതി വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. കേരളത്തിലെ പല ചലച്ചിത്ര പ്രവർത്തകരുടേയും ശരിയായ ആസ്തി അവർക്കു സിനിമയിൽനിന്നു ലഭിച്ചതായി പറയുന്ന തുകയുടെ പല മടങ്ങാണെന്നാണു സൂചന.

പ്രദർശന നഷ്ടം സംഭവിച്ച സിനിമകളുടെ വരുമാനത്തിൽ വൻലാഭം കാണിച്ചതിന്റെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.