Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപും സുനിയും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നോ? അഭിഭാഷകന്റെ വാദങ്ങൾ ഇങ്ങനെ

06-Dileep

കൊച്ചി: നടിയെ ഉപദ്രവിച്ച കേസിൽ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. സിനിമാവ്യവസായവുമായിബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വൻഗൂഢാലോചനയാണ് തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകൾ പ്രചരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. 

ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകളെ സംബന്ധിച്ചു നിർണായക വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ദിലീപിനെ  പ്രതിയാക്കാനും സുനിയുമായി  ബന്ധപ്പെടുത്താനും പൊലീസ് ഹാജരാക്കിയ ‘തെളിവുകൾ’ കെട്ടിച്ചമച്ചതാണെന്ന് സമർഥിക്കാൻ ടവർലൊക്കേഷൻ,മൊബൈൽഫോൺ രേഖകളിലെ പിഴവുകളെയാണ് ദിലീപിന്റെ അഭിഭാഷകർ ആശ്രയിച്ചത്. കേസിലെ നിർണായക ഘടകമായതിനാൽ ഫോൺരേഖകളും ടവർലൊക്കേഷനുമെല്ലാം വരുംദിനങ്ങളിൽ ശക്തമായ വാദപ്രതിവാദങ്ങളുടെ കേന്ദ്രമാകും.

ദിലീപിന്റെ ജാമ്യാപേക്ഷയിലെ പ്രധാന വാദങ്ങൾ:

∙ഒരു വർഷത്തിനിടെ ദിലീപും സുനിയും മൂന്നു തവണ ഒരേ ടവർ ലൊക്കേഷനു കീഴിൽവന്നെന്നു പൊലീസ് പറയുന്നു. രണ്ടുപേർ ഒരു ടവർ ലൊക്കേഷനിൽ വന്നാൽ തെറ്റുചെയ്തെന്ന നിഗമനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയത് എങ്ങനെ? ഗൂഢാലോചന  നടക്കുന്ന സമയം സുനി നടൻ മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇക്കാരണത്താലും ഒരേ ടവർ ലൊക്കേഷനിൽ വരാൻ സാധ്യതയുണ്ട്. ഒരു ടവർ ലോക്കേഷനിൽ മൂന്നോ നാലോ കിലോമീറ്റർ വ്യത്യാസത്തിൽ രണ്ടുപേർ വന്നാൽ അസ്വഭാവികതയെന്താണ്?

∙സിനിമാ താരങ്ങളാൽ നിറഞ്ഞ ഒരു ഹോട്ടലിൽ(അബാദ് ഹോട്ടല്‍) ദിലീപിന് സുനിയുമായി എങ്ങനെ ഗൂഢാലോചന നടത്താൻ കഴിയും. ഒരേ ടവർ ലൊക്കേഷനിൽ വന്ന സമയങ്ങളിൽ ഇരുവരും ഒരിക്കൽപോലും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല

∙ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ നമ്പർ കിട്ടാനാണ് ഒന്നാംപ്രതി സുനി കേസിലെ ഒൻപതാം പ്രതിയായ വിഷ്ണുവിനെ അയച്ചത്. ദിലിപിന്റെയോ അപ്പുണ്ണിയുടെയോ ഫോൺ നമ്പർപോലും പ്രതിക്ക് അറിയില്ലെന്നാണ് ഇതു തെളിയിക്കുന്നത്. നടിക്കെതിരെ ആക്രമണം നടന്നു ദിവസങ്ങൾക്ക്ശേഷമാണ് സുനി പിടിയിലാകുന്നത്. അതുവരെ ദിലീപിനെയോ പരിചയക്കാരെയോ അയാൾക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിയുമായിരുന്നു. ദിലീപുമായി മുൻപരിചയം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അയാൾ പണത്തിനായി ദിലീപിനെയോ അടുപ്പമുള്ളവരെയോ വിളിക്കുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ല. ക്വട്ടേഷൻ ഏറ്റെടുത്ത ആൾക്ക് ക്വട്ടേഷൻ നൽകിയവരുടെ ഫോൺ നമ്പർ അറിയേണ്ടതല്ലേ?

∙ജയിലിൽനിന്ന് ഫോൺ കോൾ അപ്പുണ്ണിക്കും നാദിർഷായ്ക്കും  ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ദിലീപിനെ ഇതിൽ എങ്ങനെ കുറ്റക്കാരനാക്കും?

∙സുനിയുമായോ സുനി പറഞ്ഞതനുസരിച്ച് സംവിധായകൻ നാദിർഷായെ വിളിച്ച വിഷ്ണുവുമായോ ഒരു തവണപോലും ദിലീപ് ഫോണിൽ സംസാരിച്ചിട്ടില്ല. അവർ ദിലീപിനെ ഇങ്ങോട്ടുവിളിക്കുകയോ അങ്ങോട്ടു വിളിക്കുകയോ ചെയ്തില്ല. സുനിക്കുവേണ്ടി വിഷ്ണുവിന്റെ ഇടപെടൽ ഉണ്ടായപ്പോൾതന്നെ ഡിജിപി ലോക്നാഥ് ബഹ്റയെ വിവരമറിയിച്ചു. 20 ദിവസങ്ങൾ കഴിഞ്ഞാണ് പരാതി നൽകിയതെന്നവാദം തെറ്റ്. അറസ്റ്റു ചെയ്യപ്പെടുന്നതിന് മുൻപു തന്നെ ഗൂഢാലോചനയെക്കുറിച്ചു ദിലീപ് രേഖകൾ സഹിതം പരാതി നൽകി. എന്നാൽ, അന്വേഷണം ഉണ്ടായില്ല

∙2013ൽ ഗൂഢാലോചന ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ടത് 2017ൽ. നാലുവർഷത്തിനുശേഷം ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടത്തി എന്നു പറയുന്നത് വിശ്വസനീയമല്ല. മാത്രമല്ല, സുനി നേരത്തെയും നടികളെ ആക്രമിച്ച കേസിലെ പ്രതിയാണ്. അയാളുടെ വാക്കുകളെ വിശ്വസിക്കാൻ കഴിയില്ല. സുനി നേരത്തെ ഉൾപ്പെട്ട കേസുകളിൽ മറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടായിരുന്നില്ല,സുനി ഒറ്റയ്ക്കായിരുന്നു. അന്ന് സുനിക്കെതിരെയുള്ള പരാതിയിൽ അന്വേഷണംപോലും നടന്നില്ല

∙സുനിയുമായി ജീവിതത്തിൽ ഒരു തവണപോലും ദിലീപ് കൂടികാഴ്ചനടത്തുകയോ,സംസാരിക്കുയോ ചെയ്തിട്ടില്ല

∙കേസിലെ പ്രധാന തെളിവായ മൊബൈൽഫോൺ,മെമ്മറികാർഡ് എന്നിവ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഫോണുമായി ദിലീപിനെ ബന്ധപ്പെടുത്തുന്ന തെളിവുകളില്ല

∙ സുനി പൊലീസിനെതിരെ മാർച്ച് 24ന് പരാതി നൽകിയിരുന്നു. ഇതിൽ ഒരു ഭാഗത്തും ദിലീപിനെക്കുറിച്ചോ ഗൂഢാലോചനയെക്കുറിച്ചോ പരാമർശിക്കുന്നില്ല

∙ചോദ്യം ചെയ്യലിനിടെ, കേസിൽ ശ്രീകുമാർമോനോന്റെ ഇടപെടലുകളെക്കുറിച്ചു ദിലീപ് പറഞ്ഞപ്പോൾ എഡിജിപി സന്ധ്യ ക്യാമറ ഓഫ് ചെയ്തു. അതുവരെ ചോദ്യം ചെയ്യൽ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയായിരുന്നു

∙ആക്രമിക്കപ്പെട്ട നടി ഒരു തവണപോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല

∙സിനിമയിലെ പ്രമുഖരായ നാലുപേർ ദിലീപിനെതിരെ പൾസർ സുനിയെ ഉപയോഗിക്കുന്നുവെന്നാണ് വിഷ്ണു നാദിർഷയോട് ഫോണിൽ പറഞ്ഞത്. ആ നാലുപേരുടെ പേരും വെളിപ്പെടുത്തി. അതിൽ രണ്ടു നടന്മാരുടെയും നടിയുടെയും നിർമാതാവിന്റെയും പേരുണ്ടായിരുന്നു. എന്നാൽ, അതിൽ നാദിർഷ സംസാരിച്ച അവസാനഭാഗം റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. കൃത്യമായ തെളിവ് വേണ്ടതിനാൽ നാദിർഷ വീണ്ടും അതേ ഫോണിലേക്ക് വിളിച്ച് അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റെക്കോർഡ് ചെയ്തു. എന്നാൽ, പിന്നീട് അവരുടെ ഫോൺ കോള്‍ നാദിർഷ സ്വീകരിച്ചിട്ടില്ല. അവരുമായി ബന്ധപ്പെട്ടിട്ടില്ല

∙നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ ഫോൺ ദിലീപിന്  നൽകിയെന്നാണ് ആരോപണം. പക്ഷേ തെളിവില്ല

∙ സുനി ദിലീപിന് എഴുതിയതെന്നു പറയുന്ന കത്തിലെ വാചകങ്ങൾ മറ്റാരുടേതോ ആണ്. കത്ത് എഴുതിയതും മറ്റൊരിടത്തുനിന്ന്. കത്തിലെ വാചകങ്ങൾ ഒരു ക്രിമിനലായ സുനിയ്ക്ക് എഴുതാൻ കഴിയുന്ന തരത്തിലുള്ളതല്ല. ജയിൽ അധികാരികൾ അറിയാതെ കത്ത് പുറത്തെത്തില്ല 

∙ ഗൂഡാലോചനയെക്കുറിച്ച് സംഭവം നടന്ന ആദ്യ ദിവസങ്ങളിൽ നടി മഞ്ജു വാര്യർ‌ പറഞ്ഞത് സംശയകരമാണെന്നും പരാതിക്കാരി തന്റെ പേര് പറയാതിരുന്നിട്ടും പ്രതിയാക്കപ്പെട്ടെന്നും ജാമ്യാപേക്ഷയിൽ ദിലീപ് വാദിക്കുന്നു. 

ജാമ്യാപേക്ഷയിലെ പ്രധാന വെളിപ്പെടുത്തലുകൾ ഇപ്രകാരമാണ്. 

കേസിലെ ക്രിമിനൽ ഗൂഢാലോചനയുടെ കിങ്പിൻ താനല്ല. മാധ്യമങ്ങളുടെയും ചില പൊലീസ് അധികാരികളുടെയും ഇടയിൽ അകപ്പെട്ടുപോയ നിർഭാഗ്യവാനായ ഇരയാണ് താൻ. 140 സിനിമകളില്‍ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കി. ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഏഴ് പേരിൽ നിന്നും ഒരാളുടെ പേര് മനഃപൂർവം നീക്കിയിട്ടുണ്ട്. 

ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ ഏതെങ്കിലും സാക്ഷികളോ പറഞ്ഞിട്ടില്ല. നിലപാടുകളിൽ ഉറച്ച നിൽക്കുകയും ആരുടെയും താൽപര്യത്തിനു വഴങ്ങുകയും ചെയ്യാത്ത ആളാണ് താൻ. ചില തീരുമാനങ്ങൾ ശത്രുക്കളെ ഉണ്ടാക്കി. സിനിമാ ഇൻഡസ്ട്രിയിൽ തന്നെയുള്ള ചില ആളുകൾ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. ഇവർ തന്നെ വീഴ്ത്താന്‍ തക്കം പാർത്തിരിക്കുകയായിരുന്നു. അവർ പ്രതികാരം ചെയ്യുകയാണ്.

ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു. 2016 –ലെ സിനിമാ സമരത്തിന് തടയിടാൻ കാരണമായത് തന്റെ ഇടപെടലുകളായിരുന്നു. ബഷീർ സ്വകാര്യ സ്വത്തായി കൊണ്ടുനടന്നിരുന്ന സംഘടനയായിരുന്നു കേരള എക്സിബിറ്റേർസ് ഫെഡറേഷൻ. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി അവർ സമരം നടത്തി. തന്റെ ഇടപെടൽ മൂലം ആ സമരം പൊളിഞ്ഞതോടെ വിദ്വേഷമായി. ചാനൽ ചര്‍ച്ചകളിൽ ‘അവൻ’ എന്നാണ് ലിബർട്ടി ബഷീർ തന്നെ വിളിച്ചിരുന്നത്.

നടിക്കെതിരായ ആക്രമണത്തിന് ശേഷം അമ്മ അംഗങ്ങൾ ദർബാൾ ഹാളിൽ യോഗം ചേർന്നിരുന്നു. അന്ന് മഞ്ജു വാര്യർ അവരുടെ പ്രസംഗത്തിൽ ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും പറഞ്ഞു. അന്ന് പല മാധ്യമങ്ങളും ഈ പ്രസംഗത്തെ വളച്ചൊടിച്ച് തനിക്ക് നേരെ തിരിച്ചു. ചില വ്യക്തികളുടെ സ്വകാര്യതാൽപര്യങ്ങൾക്ക് തന്നെ കരുവാക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയിരുന്നു. പരാതി മെയ്ൽ ആയി അയക്കുകയും പിന്നീട് നേരിട്ട് ചെന്ന് കൊടുക്കുകയും ചെയ്തു.

28–3–17 നാണ് തന്റെ അടുത്ത സുഹൃത്തായ നാദിർഷയ്ക്ക് ഒരു ഫോൺകോൾ വരുന്നത്. നാദിർഷായെ നേരിട്ട് കാണണമെന്നായിരുന്നു പേരുവെളിപ്പെടാത്ത ആ വ്യക്തി പറഞ്ഞത്. സിനിമാക്കാരനായതിനാൽ ഇതുപോലെ ഒരുപാട് കോളുകള്‍ വരുന്നതുകൊണ്ട് കാര്യമായി എടുത്തില്ല. എന്നാൽ 10–4–17ന്രണ്ടുകോളുകൾ വരുകയും നാദിർഷയെയും ദിലീപിനെയും നേരിട്ട് കാണണമെന്ന് പറയുകയും ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യമാണ് നേരിട്ട് പറയാനുള്ളതെന്നും ഫോണിലൂടെ നാദിർഷയോട് പറഞ്ഞു. ഇതില്‍ പന്തികേടുണ്ടെന്ന് തോന്നിയ നാദിർഷ ഇക്കാര്യം തന്നോട് പറയുകയും ചെയ്തു. എന്നാൽ ഫോണിൽ റെക്കോർഡിങ് ഇല്ലാത്തതിനാൽ ആ കോൾ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നില്ല., അപ്പോൾ നാദിർഷയുടെ കൂടെ ഉണ്ടായിരുന്ന നസീർ എന്ന ആളുടെ ഫോണിൽ നാദിർഷ തന്റെ സിം ഇടുകയും അതേ ഫോണിലേക്ക് വീണ്ടും വിളിക്കുകയും ചെയ്തു. വിഷ്ണു എന്നാണ് വിളിക്കുന്ന ആളുടെ പേരെന്നും സുനി പറഞ്ഞിട്ട് വിളിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. 

സിനിമയിലെ പ്രമുഖരായ നാലുപേർ ദിലീപിനെതിരെ പൾസർ സുനിയെ ഉപയോഗിക്കുന്നുവെന്നാണ് വിഷ്ണു പറഞ്ഞത്. ആ നാലുപേരുടെ പേരും വെളിപ്പെടുത്തി. അതിൽ രണ്ടു നടന്മാരുടെയും നടിയുടെയും നിർമാതാവിന്റെയും പേരുണ്ടായിരുന്നു. ഈ കോൾ പിന്നീട് താൻ കേള്‍ക്കുകയുണ്ടായി. എന്നാൽ അതിൽ നാദിർഷ സംസാരിച്ച അവസാനഭാഗം റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. കൃത്യമായ തെളിവ് വേണ്ടതിനാൽ നാദിർഷ വീണ്ടും അതേ ഫോണിലേക്ക് വിളിക്കുകയും അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റെക്കോർഡ് ചെയ്തു. എന്നാൽ പിന്നീട് അവരുടെ ഫോൺ കോള്‍ നാദിർഷ അറ്റെൻഡ് ചെയ്തിട്ടില്ല. അവരുമായി ബന്ധപ്പെടാനും പോയിട്ടില്ല. 

ഇതിന് ശേഷം ഈ തെളിവുമായി പൊലീസ് മേധാവി ബെഹ്റയെ ദിലീപ് വിളിക്കുകയും ഭീഷണി കോൾ വന്ന രണ്ടു നമ്പറും റെക്കോർഡിങും വാട്ട്സാപ്പിലൂടെ നൽകി. അതിന് ശേഷം ഡിങ്കന്‍ സിനിമയുടെ പൂജ സമയത്ത് വച്ച് തന്റെ മാനേജർ അപ്പുണ്ണിയ്ക്കും നാദിർഷയ്ക്കും ഭീഷണി കോൾ വന്ന കാര്യം ബെഹ്റയോട് നേരിട്ട് പറഞ്ഞു. അപ്പോൾ ഇനിയും കോള്‍ റെക്കോർഡിങ്സ് വേണമെന്നും പരാതി എഴുതി തരണമെന്നും അദ്ദേഹം പറയുകയുണ്ടായി. 

തേനിയിൽ നിന്നും രാവിലെ ഷൂട്ടിങ് കഴി‍ഞ്ഞ് എത്തിയപ്പോഴാണ് ആലുവ പൊലീസ് സൂപ്രണ്ട് തന്നോട് ആലുവ പൊലീസ് ക്ലബില്‍ വരണമെന്ന് ആവശ്യപ്പെടുന്നത്. 28–6–16 നാണ് സംഭവം. ബി സന്ധ്യയ്ക്ക് കാണമമെന്നും  ദിലീപ് ഡി.ജി.പിയ്ക്കു നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നായിരുന്നു പറഞ്ഞത്. ഇതേ കാര്യം ആവശ്യപ്പെട്ട് നാദിർഷയേയും വിളിപ്പിക്കുകയുണ്ടായി. ഒരു ചോദ്യം ചെയ്യലിനെ കുറിച്ച് അപ്പോൾ ചിന്തിച്ചിരുന്നില്ല. പക്ഷേ പൊലീസ് ക്ലബിലെത്തിയപ്പോൾ കാര്യങ്ങള്‍ കീഴ്മേൽ മറിയുകയാണുണ്ടായത്. എഡിജിപി ബി.സന്ധ്യ,എസ്പി സുദർശൻ, 

പെരുമ്പാവൂർ സർക്കൾ ഇൻസ്പെക്ടർ ബൈജു പൗലോസ് എന്നിവർ ചേർന്ന് ചോദ്യം ചെയ്യുകയാണുണ്ടായത്. ചോദ്യം ചെയ്യുകയാണെന്ന വിവരം ചോർന്നതോടെ  വൻ  മാധ്യമ സംഘം അവിടേയ്ക്കെത്തുകയും ചെയ്തു. വൈകുന്നേരത്തോടു കൂടി എല്ലാ ചാനലുകളും ദിലീപിനേയും നാദിർഷയേയും പൊലീസ് ചോദ്യം ചെയ്യുകയാണെന്ന വിവരം തത്സമയം ആലുപ പൊലീസ് ക്ലബിൽ നിന്ന് റിപ്പോർട്ട് ചെയ്യാനാരംഭിക്കുകയുമുണ്ടായി. ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ പിറ്റേ ദിവസം പുലർച്ചെ 1.30 വരെ, തുടർച്ചയായ 13 മണിക്കൂറിലേറെ സമയം നീണ്ടു നിന്നു. ഈ സമയമത്രയും ദൃശ്യമാധ്യമങ്ങളും ഓൺൈലൈൻ പ്രസിദ്ധീകരണങ്ങളും ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന തരത്തിൽ നിരന്തരം വാർത്തകൾ നൽകിക്കൊണ്ടേയിരുന്നു. ഈ കേസുമായി ദിലീപിനും നാദിര്‍ഷയ്ക്കും ബന്ധമുണ്ടെന്ന സംശയം പൊതു ജനങ്ങൾക്കിടയിലുണ്ടാക്കാൻ പ്രത്യേക അന്വേഷണ സംഘം മനപൂർവ്വം ചെയ്തതാണ് ഇക്കാര്യം. ചോദ്യം ചെയ്യലിനെ അന്നത്തെ ഡിജിപി ടി.പി.സെൻ കുമാർ എതിർത്ത് രംഗത്തെത്തിയിരുന്നു. 

തന്റെ സംരക്ഷണയിലാണ് മകൾ മീനാക്ഷി ഇത്രയും നാൾ വളർന്നത്. മകൾക്ക് പതിനെട്ടു വയസ് പൂർത്തിയാകാന്‍ ഇനി മാസങ്ങളോ ദിവസങ്ങളോ ശേഷിക്കുന്നുള്ളൂ. അങ്ങനെയൊരു മകളുള്ള വ്യക്തിയ്ക്ക് ഒരു സഹതാരത്തെ ഇത്രയും ക്രൂരമായി അപമാനിക്കുന്നതും ഉപദ്രവിക്കുന്നതും ചിന്തിക്കാനോ അല്ലെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കാനോ സാധിക്കില്ല. മഞ്ജു വാര്യരിൽ നിന്ന് ദിലീപ് വിവാഹ മോചനം നേടിയപ്പോൾ മകൾ സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനോടൊപ്പം പോയാൽ മതിയെന്നു തീരുമാനിച്ചത്. ഇതുതന്നെ മതി അദ്ദേഹത്തിന്റെ സ്വഭാവഗുണം വ്യക്തമാക്കാനനെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. 

ഒരാളെ ആയാളുടെ ശരിയായ പ്രവർത്തനങ്ങളിൽ നിന്ന് മനസിലാക്കാനുള്ള ഒരു ശ്രമമല്ല ഇവിടെ നടക്കുന്നത്. സിനിമ മേഖലയിലെ സഹതാരങ്ങളേയും മറ്റു വ്യക്തികളെയുമൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന കാര്യങ്ങൾ ചികഞ്ഞെടുത്താണ് ദിലീപിനു മേൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ മാധ്യമങ്ങൾ വിശകലനം ചെയ്യുന്നത്. ഒരു പുകമറ സൃഷ്ടിക്കപ്പെടുകയാണിവിടെ. കുറേ വ്യക്തികൾ ഒരുമിച്ച്  ജോലി ചെയ്യുമ്പോൾ അത് ലോകത്തെവിടെ തന്നെയായാലും  അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഊര്‍ജസ്വലമായ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരെല്ലാം  ആരോപണങ്ങള്‍ നേരിടേണ്ടതായി വരും. ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ സത്യാവസ്ഥയെന്താണെന്ന് അദ്ദേഹവുമായി മുൻപ് എപ്പോഴെങ്കിലുമൊരിക്കൽ അഭിപ്രായ വ്യത്യാസമുണ്ടായ വ്യക്തിയുടെ ഏകപക്ഷീയമായ അഭിപ്രായങ്ങളിലൂടെ തീരുമാനിക്കാനാകില്ല. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത്. സിനിമയിൽ ദിലീപ് അവസരം നഷ്ടപ്പെടുത്തി, വേഷം നൽകരുതെന്നു പറഞ്ഞു എന്നു തുടങ്ങി പൊലീസിന്റെയും  മാധ്യമങ്ങളുടേയും ഒത്താശയോടെ ദിലീപിനെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 

തന്നെ ചോദ്യം ചെയ്തത് പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നതും ദുരൂഹമാണ്. തന്നെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നു. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍. ജയിലില്‍ ആയതിനാല്‍ രാമലീല ഉള്‍പ്പെടെയുളള ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. രാമലീല, കമ്മാര സംഭവം, പ്രൊഫസർ ഡിങ്കൻ എന്നീ സിനിമകൾ മുടങ്ങിക്കിടക്കുയാണ്. കൂടാതെ മറ്റുപല സിനിമകൾക്കും അഡ്വാൻസ് കൈപ്പറ്റിയിട്ടുണ്ട്. 

എഡിജിപി ബി.സന്ധ്യയും മഞ്ജുവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും . അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ തന്നെ ചോദ്യം ചെയ്തത്. മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിക്കുന്നു. ‍

അതേസമയം, സിനിമയിലെ ശക്തരായ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ൈഹക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് ഉയര്‍ത്തുന്നത്. മാധ്യമങ്ങളെയും, പൊലീസിനെയും, രാഷ്ട്രീയ നേതാക്കളെയും ഇവര്‍സ്വാധീനിച്ചെന്നും ദിലീപ് ആരോപിക്കുന്നു. പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയമില്ല. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി നടിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളാണെന്ന ആദ്യകുറ്റപത്രത്തിലെ കണ്ടെത്തലിനു വിരുദ്ധമായാണ് പൊലീസ് തന്നെ പ്രതിചേര്‍ത്തത്. 

പള്‍സര്‍ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണ്. കത്ത് കിട്ടിയ ദിവസം തന്നെ വാട്ട്‌സ്ആപ് വഴി ഡിജിപിക്ക് കൈമാറിയിരുന്നു. പൾസർ സുനി കൊടുത്തയച്ച കത്തിൽ രണ്ടുകോടിരൂപ ആവശ്യപ്പെട്ടിട്ടില്ല. ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി വിളിച്ച ഫോൺ കോളിൽ ഈ തുക പറയുന്നതിനാലാണ് പൊലീസിന് നല്‍കിയ പരാതിയിൽ ഉള്‍പ്പെടുത്തിയത്.

 അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ പ്രതിസന്ധിയിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചെന്നുമുളള വാദവും ജാമ്യാപേക്ഷയില്‍ദിലീപ് ഉയര്‍ത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.