Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളെ ഇനിയും വേദനിപ്പിക്കരുത്; പി.സി ജോർജിനെതിരെ സജിത മഠത്തിൽ

sajitha-p

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ പി.സി ജോർജ് തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു. 

ഇപ്പോഴിതാ ഈ വിഷയത്തിൽ പി.സി ജോർജിനെതിരെ നടി സജിത മഠത്തിൽ രംഗത്തെത്തി. ഈ ദിവസങ്ങളിൽ അവൾ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങൾ വില കൊടുക്കേണ്ടി വരുമെന്നും ഇനിയും അവളെ വേദനിപ്പിക്കരുതെന്നും സജിത പറയുന്നു.

സജിതയുടെ കുറിപ്പ് വായിക്കാം–

എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകൾ എന്നവൾ പറയുമ്പോൾ വേദനിക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ മനസ്സുകൂടിയാണ്. ഇരയായി നിശ്ശബ്ദമായി കരഞ്ഞു തീർക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ഞങ്ങളവളെ കാണുന്നത്. ഈ ദിവസങ്ങളിൽ അവൾ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങൾ വില കൊടുക്കേണ്ടി വരും പി.സി.ജോർജ്ജ് ! അവളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനി ഞങ്ങൾ അനുവദിക്കില്ല. സുഹൃത്തുക്കളെ ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുത് , ഞങ്ങൾ കൂടെ ഉണ്ട് എന്നു പറയേണ്ട സമയമാണിത്. ടീച്ചർക്ക്, ഈ കുറിപ്പിന് ഏറെ നന്ദി!

സംഭവത്തിൽ  എഴുത്തുകാരി ശാരദക്കുട്ടിയും തന്റെ നിലപാട് വ്യക്തമാക്കി

ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. 

അത് ചിലപ്പോൾ അവൾക്കു ഒരിക്കൽ നേരിട്ട പീഡാനുഭവത്തെ മുഴുവൻ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെൺകുട്ടി, കേസ് കൊടുക്കാൻ തയ്യാറായപ്പോൾ പ്രബുദ്ധമായ കേരളസമൂഹം അവൾക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു. 

കോടതി ചോദിക്കേണ്ട ചോദ്യങ്ങൾ നിരന്തരം ഇങ്ങനെ ചോദിക്കാൻ, മിസ്റ്റർ പി സി ജോർജ്ജ്, നിങ്ങൾക്ക് അവകാശമില്ല. പക്ഷെ, നിങ്ങൾക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സും ബോധവും. 

പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങൾ. തളയ്ക്കാൻ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവർ ആരായാലും, നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവൾ സമൂഹത്തിനു നൽകിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെൺകുട്ടികൾക്കും ഞങ്ങളെ പോലെ ഉള്ള മുതിർന്ന സ്ത്രീകൾക്കും പകർന്നു തന്ന ഒരു കരുത്തുണ്ട്.അത് ഇത്രയും കാലത്തെ നിങ്ങളുടെ "പൊതുപ്രവർത്തന"ത്തിൽ നിന്ന് , അതിനു അവസരം തന്നെ ജനതയോടുള്ള കടപ്പാടായി പോലും തിരിയെ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യർഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റർ പി സി ജോർജ്.