Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെത്താൻ സണ്ണി വാങ്ങിയ പ്രതിഫലം !

sunny-leone-kochi-images-17

14 ലക്ഷം രൂപയും മുംബൈയിൽ നിന്നുള്ള രണ്ടു ബിസിനസ് ക്ലാസ് ടിക്കറ്റും നിലത്തിറങ്ങുമ്പോൾ ആരാധകരെ തള്ളിയിടാൻ 10 ബൗൺസർമാരെയും ഒരുക്കി നിർത്തിയാൽ സണ്ണി ലിയോൺ ഇനിയും ഉദ്ഘാടനങ്ങൾക്കായി പറന്നുവരും, കൊച്ചിയിൽ എന്നല്ല, കേരളത്തിൽ എവിടെയും! 

സിനിമാ താരങ്ങൾക്ക് അഭിനയം പോലെയോ അല്ലെങ്കിൽ അതിനേക്കാൾ മുകളിലോ പ്രതിഫലം നൽകുന്ന മേഖലയാണ് ഉദ്ഘാടനം. അത് കൈകാര്യം ചെയ്യാനായി വമ്പൻ സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനികൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. ഷാരൂഖ് ഖാനെയോ സണ്ണി ലിയോണിനെയോ ഉദ്ഘാടനത്തിന് വിളിക്കുന്നവർക്ക് അവരെ കണ്ടുപരിചയം പോലും ഉണ്ടാവേണ്ട ഒരു കാര്യവും ഇല്ല. ഇവരുടെ പൊതുപരിപാടികളുടെ കരാറെടുത്ത  കമ്പനികളുമായി ചർച്ച നടത്തിയാൽ മതി. ബാഹുബലി താരം റാണ ദഗ്ഗുബാട്ടി മുതൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വരെ ഇത്തരം കമ്പനികൾ നടത്തുന്നുണ്ട്. എല്ലായിടത്തെയും പോലെ മലയാളത്തിലും ഉദ്ഘാടന മാർക്കറ്റിൽ വൻ ഡിമാൻഡ് സിന‌ിമാ താരങ്ങൾക്ക് തന്നെയാണ്. ഒരു ഉദ്ഘാടനത്തിന് 30–40 ലക്ഷം രൂപ വരെ വാങ്ങുന്ന മെഗാസ്റ്റാറുകൾ ഉണ്ട്. 

‘കോട്ടയം കുഞ്ഞച്ചൻ’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ‘ജോഷി ചതിച്ചാശാനേ’ എന്ന പ്രശസ്തമായ ഡയലോഗ് ഓർമയുണ്ടോ? കുഞ്ഞച്ചന്റെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനത്തിന് മോഹൻലാൽ വരുമെന്ന് പറഞ്ഞ് ഒടുവിൽ ജോഷി ചതിച്ചാശാനേ... എന്നു പറഞ്ഞ് ഓടി വരുന്ന കുഞ്ഞച്ചന്മാരുടെ കാലമൊക്കെ പോയി. സെറ്റിൽ പോയി ഒരു താരത്തെ കാത്തിരുന്ന് സോപ്പിട്ടും ചാക്കിട്ടും പിടിക്കുന്നതൊക്കെ പഴയ കഥ. സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനികളുമായി ചർച്ച നടത്താതെ ഇന്ന് ഉദ്ഘാടനങ്ങൾക്ക് താരങ്ങളെ കിട്ടാത്ത അവസ്ഥയാണ്. 

വൻ ജ്വല്ലറികളും ടെക്സ്റ്റൈൽ ഷോപ്പുകളുമായിരുന്നു ഒരുകാലത്ത് താരങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് ഇത്തരം സ്ഥാപനങ്ങൾക്കൊക്കെ ബ്രാൻഡ് അംബാസിഡർമാരുണ്ട്. അവരാണ് ഉദ്ഘാടനം നടത്തുന്നത്. ബ്രാൻഡ് അംബാസിഡർമാരായി കരാർ ഒപ്പിടുന്ന വേളയിൽ ഉദ്ഘാടനങ്ങളുടെ ചുമതലയും കരാറിൽ എഴുതിച്ചേർക്കുന്നു. പണ്ടൊക്കെ കടയുടെ ഉദ്ഘാടനത്തിന് വന്ന താരങ്ങൾ അവിടെ നിന്ന് ഇഷ്ടമുള്ള മാലയോ കമ്മലോ വളയോ വസ്ത്രങ്ങളോ എടുത്തിട്ട് ബിൽ കൊടുക്കാതെ പോകുന്ന രീതിയുണ്ടായിരുന്നു. കരാർ വന്നതോടെ ഇപ്പോൾ അതുകൊണ്ട് ഉടമസ്ഥന്മാർക്ക് ഈ പേടിയും ഇല്ല.

മലയാളത്തിൽ ദുൽഖർ സൽമാനാണ് ഏറെ പിടിവലിയുള്ള താരമെന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനികൾ പറയുന്നു. വിരലിൽ എണ്ണാവുന്ന ഉദ്ഘാടനങ്ങൾക്കു മാത്രമാണ് ദുൽഖർ പോകാറുള്ളത്. നിവിൻ പോളി ഇതുവരെ ഒരു കമ്പനിയുടെയും ബ്രാൻഡ് അംബാസിഡർ അല്ല. സിനിമയിൽ എത്തിയിട്ടു 10 വർഷത്തിൽ ഏറെയായെങ്കിലും ഈ വർഷമാണ് നയൻതാര ടാറ്റാ സ്കൈയുമായി ബ്രാൻഡ് അംബാസിഡറാകാൻ കരാർ ഒപ്പിട്ടത്. 

മൊബൈൽ കമ്പനികൾ വന്നതോടെയാണ് ഏതു താരത്തെ വേണമെങ്കിലും ഉദ്ഘാടനത്തിന് കൊണ്ടുവരാം എന്ന സ്ഥിതിയുണ്ടായത്. സണ്ണി ലിയോൺ കേരളത്തിൽ എത്തിയതും ഇങ്ങനെ തന്നെയാണ്. സണ്ണി ലിയോണിന് മുൻപ് സമീപകാലത്ത് കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായത് ബോബി ചെമ്മണ്ണൂർ കണ്ണൂരിന്റെ മണ്ണിൽ മറഡോണയെ ഇറക്കി കളിച്ചതാണ്. മറഡോണയുടെ ജനപ്രീതിയായിരുന്നു ഇതിനു പിന്നിൽ. കുറേനാൾ മുമ്പുവരെ കേരളത്തിൽ ഏറെ കടയുദ്ഘാടനങ്ങൾ നടത്തിയിരുന്നത് കാവ്യമാധവൻ ആയിരുന്നു. ഇന്ന് ഈ സ്ഥാനം ഹണി റോസിനും നമിതാ പ്രമോദിനുമാണ്.

അഖിലേന്ത്യാ തലത്തിൽ സ്പോർട്സ് താരങ്ങൾക്കാണ് ഉദ്ഘാടന മാർക്കറ്റിൽ ഏറെ ഡിമാന്റ്. കേരളത്തിലുള്ളവരിൽ ഫുട്ബോൾ താരം സി. കെ. വിനീതാണ് വൻ ഡിമാന്റ് ഉള്ള സ്പോർട്സ് താരം. താരങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഉദ്ഘാടന ദിവസത്തെ ഓളം മാത്രമല്ല ലക്ഷ്യം. ഉദ്ഘാടനത്തിനു മുമ്പ് താരത്തിന്റെ വീഡിയോ പുറത്തിറക്കും. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കും. നാട്ടിലാകെ ഫ്ലെക്സുകൾ. 

സണ്ണി ലിയോണിന്റെ കൊച്ചിയിലെ വരവ് മാർക്കറ്റ് ചെയ്യാനായി വൻതോതിലാണു സമൂഹമാധ്യമത്തെ ഉപയോഗിച്ചത്. സണ്ണി പോയിട്ടും സമൂഹ മാധ്യമങ്ങളിലെ ഓളം അടങ്ങുന്നില്ല. രണ്ടു ദിവസത്തിനിടെ സണ്ണി തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദർശനത്തെപ്പറ്റി ചെയ്തത്. രണ്ടര ലക്ഷം പേരാണ് ട്വിറ്ററിൽ  സണ്ണി ലിയോണിനെ പിന്തുടരുന്നത്. 

കല്യാണത്തിനും പോകും

ഉദ്ഘാടനത്തിനു മാത്രമല്ല മെഗാകല്യാണങ്ങൾക്കും വലിയ പ്രതിഫലം വാങ്ങി താരങ്ങൾ പെയ്ഡ് ഗെസ്റ്റായി പോകുന്ന പരിപാടിയും ഉണ്ട്. സെലിബ്രിറ്റി മാനേജ്മെന്റ് തന്നെയാണ് ഇതും കൈകാര്യം ചെയ്യുന്നത്. ഈയിടെ ഒരു കല്യാണത്തിന് ചെന്ന നടൻ പയ്യന്റെ പിതാവിനെ കെട്ടിപ്പിടിച്ച് ‘എത്ര കാലമായി നമ്മൾ കണ്ടിട്ട്...’ എന്നു പറഞ്ഞു. ഈ ഡയലോഗും കരാറിൽ ഉണ്ടായിരുന്നു. പയ്യന്റെ അച്ഛനെ കെട്ടിപ്പിടിക്കുകയും ചെയ്തു. പക്ഷേ നടന് ഒരു അബദ്ധം പറ്റി. പയ്യന്റെ അച്ഛന്റെ പേരു മാറിപ്പോയി.  പരിപാടി കഴി‍ഞ്ഞ് പ്രതിഫലം കൊടുത്തപ്പോൾ  സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനി ഡയലോഗിന്റെ തുക കട്ട് ചെയ്തു.