Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയനെ പരിചയപ്പെടുത്തി മോഹൻലാൽ; ദുരൂഹതയുമായി ഒരു കാളയും

odiyan-teaser

ഒടിയന്റെ വിശേഷങ്ങളുമായി വീണ്ടും മോഹന്‍ലാല്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഒടിയന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. തേങ്കുറിശ്ശിക്കാരനായ മാണിക്യന്‍ നാട് വിട്ട് കാശിയിലെത്തുന്നതും അവിടെ കുറെ നാള്‍ തങ്ങിയ ശേഷം നാട്ടിലേക്ക് തിരിച്ചു പോവുന്നതിനെക്കുറിച്ചുമാണ് മോഹന്‍ലാല്‍ വീഡിയോയിലൂടെ പറയുന്നത്. 

‘ഒടിയന്‍ മാണിക്യന്റെ കഥ പറയാന്‍വേണ്ടിയാണ് ഞങ്ങള്‍ കാശിയില്‍ എത്തിയത്. ഒടിയന്‍ മാണിക്യന്റെ കഥ നടക്കുന്നത് കാശിയിലല്ല. അത് നാട്ടിലാണ്. തേന്‍കുറിശ്ശിയില്‍. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഈ ഗംഗയുടെ തീരത്തും ഇവിടുത്തെ തിരക്കേറിയ നഗരങ്ങളിലുമായി അദ്ദേഹം അനേകവര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. പക്ഷേ ഇപ്പോള്‍ മാണിക്യന് തേന്‍കുറിശ്ശിയിലേക്ക് പോയേ പറ്റൂ. ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് സംഭവവികാസങ്ങളും മാണിക്യനെ കാത്ത് തേന്‍കുറിശ്ശിയില്‍ ഇരിപ്പുണ്ട്. അതുകൊണ്ട് മാണിക്യന്‍ തിരിച്ചുപോവുകയാണ്. മാണിക്യനെ ക്യാമറയിൽ അവതരിപ്പിക്കുന്നത് ഷാജി കുമാർ ആണ്, സംഘട്ടനങ്ങൾ പീറ്റർ ഹെയ്ൻ, എഴുതിയിരിക്കുന്നത് ഹരികൃഷ്ണൻ, സംവിധാനം ശ്രീകുമാർ മേനോൻ. നിങ്ങളെപ്പോലെ എനിക്കും ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു കഥാപാത്രമാണ് മാണിക്യന്‍. ഇനിയും ഒടിയന്റെ വിശേഷങ്ങളുമായി ഞാൻ നിങ്ങൾക്ക് മുന്നിലെത്തും–മോഹൻലാൽ പറഞ്ഞു. 

ടീസറിൽ ഒരു കൊമ്പിലാത്ത കാളയെയും കാണിക്കുന്നുണ്ട്. ഒടിയന്മാർക്ക് പെട്ടന്ന് സ്വീകരിക്കാൻ പറ്റിയ രൂപമാണ് കാള. ഒടിയന്മാർ സ്വീകരിക്കുന്ന രൂപത്തിന് ഇതുപോലെ കുറവുകൾ ഉണ്ടാകും. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം ഇല്ലാതെയാകും ഒടിയൻ ഇവയുടെ രൂപം സ്വീകരിക്കുക. ടീസറിൽ ഇങ്ങനെയൊരു കാളയെ കാണിക്കുന്നതിന് പിന്നിലും പ്രേക്ഷകരിൽ ആകാംക്ഷ വർധിപ്പിക്കുകയാകാം ഉദ്ദേശം.