Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ പിന്തുണച്ചെത്തിയവരെ ഞെട്ടിച്ച് റിമ

rima-protest ഫോട്ടോ–ജീസ്‍ ജോൺ ആടുകുഴിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ കാണാൻ താരങ്ങൾ കൂട്ടത്തോടെ ജയിലിൽ എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനചലച്ചിത്ര പുരസ്കാര വേദിയിൽ തങ്ങളുടെ അമർഷം പ്രകടമാക്കി വനിതാസംഘടന.തലശ്ശേരിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്ന് ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദിലീപിന് ലഭിക്കുന്ന പിന്തുണ ആക്രമിക്കപ്പെട്ട നടിക്ക് സിനിമാ രംഗത്ത് നിന്ന് ലഭിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് വനിത കൂട്ടായ്മയുടെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

Women collective protest near state film award location | Manorama News

ചടങ്ങില്‍ നൃത്തം അവതരിപ്പിച്ച നടി റിമ കല്ലിങ്കല്‍ 'അവള്‍ക്കൊപ്പം' എന്നു കുറിച്ചിരിക്കുന്ന ബാനറുമായി വേദയിലെത്തി ഏവരെയും ഞെട്ടിച്ചു. അപ്രതീക്ഷിതമായിരുന്നു റിമയുടെ ഈ പ്രകടനം. സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് റിമയുടെ ഈ നിലപാടിനെ സ്വീകരിച്ചത്.

ആക്രമിക്കപ്പെട്ട യുവനടിക്ക് ഐക്യദാർഢ്യവുമായി വേദിയിൽ ഒപ്പു ശേഖരണവും ഉണ്ടായിരുന്നു. മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) നേതൃത്വത്തിലായിരുന്നു ഒപ്പ് ശേഖരണം. തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാൻവാസ് സ്ഥാപിച്ചാണ് ക്യാംപെയ്ൻ നടത്തിയത്.

ഒപ്പു ശേഖരണ ക്യാംപെയ്ന്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. ഒപ്പ് ശേഖരണത്തിനു നടി സജിത മഠത്തിൽ, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി. ‘കേരളത്തിലെ ജനങ്ങൾ അവൾക്കൊപ്പം’ എന്ന ഹാഷ്ടാഗും പ്രവർത്തകർ പ്രചരിപ്പിച്ചു. ‘ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ’ എന്ന ബോർഡും ഡബ്ല്യുസിസി സ്ഥാപിച്ചിരുന്നു.