Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിക്ക് അബുവിന്റേത് ആളെപ്പറ്റിക്കുന്ന ഇരട്ടത്താപ്പ്; മറുപടിയുമായി ദിലീപ് ഫാൻസ്‌ ചെയർമാൻ

aashiq-riyaz

ആഷിക്ക് അബുവിനെതിരെ ദിലീപ് ഫാൻസ് ചെയർമാൻ റിയാസ്. ആഷിക്ക് അബുവിന്റേത് ആളെപ്പറ്റിക്കുന്ന ഇരട്ടത്താപ്പ് ആണെന്നും ദിലീപിനെതിരെ മലയാള സിനിമ മേഖലയിൽ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ താങ്കൾ ആണോ എന്ന് സംശയിച്ചു പോകുന്നുവെന്നും റിയാസ് പറയുന്നു.  നേരത്തെ ദിലീപിനെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പച്ച സെബാസ്റ്റ്യൻ പോളിനെയും ശ്രീനിവാസനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.

റിയാസിന്റെ കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ട ആഷിക് അബു,

ശ്രീ. സെബാസ്റ്റ്യൻ പോളും ശ്രീ. ശ്രീനിവാസനും ദിലീപേട്ടന് അനുകൂലമായി സംസാരിച്ചത് താങ്കളെ അത്യധികം അലോസരപ്പെടുത്തി എന്ന് താങ്കളുടെ ഫെയ്സ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു. അത് സ്വാഭാവികമാണ്താനും. "നീതിയുടെ ഭാഗത്തു നിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതി പ്രഥമദൃഷ്ട്ട്യാ കേസുണ്ടെന്ന് കണ്ടത് കൊണ്ടാണ് ദിലീപേട്ടന് ജാമ്യം നിഷേധിക്കുന്നത്" എന്നും താങ്കൾ പറയുന്നു. ആയിക്കോട്ടെ, പൊലീസിലും കോടതിയിലും ഉള്ള താങ്കളുടെ അചഞ്ചലമായ വിശ്വാസത്തയും അഭിനന്ദിക്കുന്നു.

പക്ഷെ ശ്രീമാൻ അബു, കുറച്ചു പിന്നിലേക്ക് പോയി താങ്കളുടെ ഒരു പഴയ ഫെയ്സ്ബുക് പോസ്റ്റ് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൃത്യമായി പറഞ്ഞാൽ നടൻ ഷൈൻ ടോം ചാക്കോയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തപ്പോൾ. അത് കേവലം ആരോപണം അല്ലായിരുന്നു. കൈയ്യിൽ 10 ഗ്രാം കൊക്കെയ്‌നും കൂടെ 4 സ്ത്രീകളും ഉണ്ടായിരുന്നു.അതും കൊച്ചു വെളുപ്പാൻ കാലത്തു. എന്നിട്ടും താങ്കൾക്കു അന്ന് ഈ കേരള പൊലീസിനെയും നീതിവ്യവസ്ഥയെയും ഒന്നും വിശ്വാസമില്ലായിരുന്നു. നിങ്ങളെയും നിങ്ങളുടെ ഭാര്യയും ഇന്നത്തെ സ്ത്രീ കൂട്ടയ്മയുടെ മുന്നണി പോരാളിയുമായ റീമ കല്ലിങ്കലിനേയും ഒരു പത്രം ചൊറിഞ്ഞപ്പോൾ പത്രപ്രവർത്തകനെയും ആ പത്രത്തേയും ആവോളം പുലയാട്ടും താങ്കൾ പറഞ്ഞിരുന്നു. അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ. അവനവന്റെ അമ്മക്ക് വരുമ്പോൾ പുരോഗമന പ്രസ്ഥാനക്കാരൻ ആയ ആഷിക് അബുവിനും നോവും. നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയ കഥയും താങ്കൾ അതിൽ ആവർത്തിക്കുന്നു !

പ്രിയ സുഹൃത്തേ, അന്നത്തെ താങ്കളുടെ നിലപാട് പോലെ മാത്രമല്ലേ ഞങ്ങൾ ദിലീപേട്ടന്റെ കാര്യത്തിലും പറയുന്നുള്ളൂ ? താങ്കൾ വീണ്ടും തുടരുന്നു ".......ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപ്പെടും....." താങ്കൾ ഈ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും ശ്രീനിവാസനോ സെബാസ്റ്റ്യൻ പോളോ പറഞ്ഞിട്ടുണ്ടോ...?! ഞങ്ങൾ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?! 

ദിലീപേട്ടൻ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നെ പൊലീസ് പോലും പറയുന്നുള്ളു. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് താങ്കളുടെ സുഹൃത്തിന്റെ കയ്യിൽ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല.... അപ്പോൾ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ ?! അഭിപ്രായം എല്ലാവരും പറയട്ടെ. ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോൾ അത് നീതികേട്‌ എന്ന് താങ്കൾക്കു തോന്നാമെങ്കിൽ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളിനും അത് നീതികേട്‌ ആണെന്ന് തോന്നാൻ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുമോ ശ്രീ. ആഷിക് അബു ?!

ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കരുതെന്ന് ഈ പറഞ്ഞവരോ ഞങ്ങളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പെൺകുട്ടിക്ക് നീതി ലഭിക്കുക തന്നെ വേണം. പക്ഷെ താങ്കളുടെ വരികൾളിൽ ഇരയ്ക്കു നീതിലഭിക്കണം എന്ന ആഗ്രഹത്തിനും മേലെ ദിലീപേട്ടൻ കുറ്റവാളിയായി കാണണം എന്ന ആഗ്രഹം മുഴച്ചുനിൽക്കുന്നതായി എനിക്ക് തോന്നിയാൽ എന്നോട് സദയം ക്ഷമിക്കുക. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ദിലീപേട്ടനെതിരെ മലയാള സിനിമ മേഖലയിൽ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ താങ്കൾ ആണോ എന്ന് ഞങ്ങൾ സംശയിച്ചു പോകുന്നു ശ്രീ ആഷിക് അബു.