Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പട്ടിണി കിടന്നാണെങ്കിലും ഞാൻ ഒടിയനാകും’

mohanlal-audience

മോഹൻലാലിനെ സ്നേഹിക്കുന്ന ഓരോ മലയാളിയും അദേഹത്തെ നേരിട്ട് കണ്ടാൽ ചോദിക്കാൻ മനസ്സിൽ സൂക്ഷിച്ചുവെച്ചിരുന്ന ചോദ്യങ്ങൾ കാണും. അങ്ങനെയൊരു അവസരം പ്രേക്ഷകർക്കായി മനോരമ ഓൺലൈന്‍ ഒരുക്കിയിരുന്നു. പ്രേക്ഷകരുെട ചോദ്യങ്ങൾക്കെല്ലാം മോഹൻലാൽ സത്യസന്ധമായ ഉത്തരങ്ങളും നല്‍കി...മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന 'വേഷങ്ങൾ' എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലായിരുന്നു അപൂർവ നിമിഷങ്ങൾ.

പ്രേക്ഷകർ–∙ ഇപ്പോൾ ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ശേഷവും അതിലെ കഥാപാത്രങ്ങള്‍ പിന്നീടുള്ള ജീവിതത്തിലും ആ  കഥാപാത്രത്തിന്റെ മാനറിസങ്ങൾ നമ്മളെ പിൻതുടരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും കഥാപാത്രങ്ങൾ ലാലേട്ടനെ പിൻതുടർന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതാണ് കൂടുതൽ പിൻതുടർന്നിട്ടുള്ളത്?  

ഒരുപാട് പേർ ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ സിനിമയിൽ അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ് എന്നാണ് ഞാൻ വിശ്വാസിക്കുന്നത്. പക്ഷേ തുടർച്ചയായ‍ി ഒരേ ക്യാരക്ടർ നാടകത്തിൽ ഒക്കെ ചെയ്യുന്ന ചില നടന്മാരുടെ സ്വഭാവത്തിലും അവരുടെ മാനറിസത്തിലും ഒക്കെ മാറ്റങ്ങൾ വന്നേക്കാം വന്നിട്ടുണ്ട് എന്നൊക്കെയാണ് ചില പഠനങ്ങൾ തെളിച്ചിരിക്കുന്നത്. പക്ഷേ സിനിമ ആക്ടേർസിന് അങ്ങനെ സംഭവിച്ചിട്ടില്ല. അല്ലെങ്കിൽ  ആ ഒരു കഥാപാത്രത്തിനുവേണ്ടി വർഷങ്ങളോളം അയാളായിട്ട് മാറാനുള്ള പരിശ്രമങ്ങളും കാര്യങ്ങളും ചെയ്ത ഏതെങ്കിലും ആക്ടേർസിന് അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. കാരണം സിനിമകഴിഞ്ഞ് സ്വാഭാവികമായി നമ്മൾ അടുത്ത സിനിമയിലക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ ആ കഥാപാത്രം അവിടെ തന്നെ ഇരിക്കും.  

ആർട്ടിസ്റ്റ് നമ്പൂതിരി ∙ സംഗീതഞ്ജനാണെങ്കിലും, ശിൽപികളാണെങ്കിലും  ചിത്രാകാരനാണെങ്കിലും ഇത് ചെയ്യുന്ന അളുകൾ, ഒരു നിമിഷം ചെയ്യുന്ന ചില അത്ഭുതങ്ങൾ, പക്ഷേ അത് പിന്നീട് ‌കാണുമ്പോൾ അത് ഞാൻ ചെയ്തതാണോ എന്ന് സംശയിക്കുന്ന ഒരു ഘട്ടം. ഞാൻ ലാലിനോട് ചോദിക്കുകയാണ് അങ്ങനെ ഏതെങ്കിലും സിനിമ  കാണുമ്പോൾ നമ്മൾ ബോധപൂർവം ചെയ്തത് അല്ലല്ലോ എന്നു തോന്നിയിരിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? 

ഒരു പാട് തവണ ഉണ്ടായിട്ടുണ്ട് 

ആർട്ടിസ്റ്റ് നമ്പൂതിരി ∙സാധാരണ കലാകാരന്മാര്‍ ചെയ്തുകഴിഞ്ഞാൽ‌  എനിക്ക് തോന്നുന്നത് ആ ഒരു സന്ദർഭമാണ് ഏറ്റവും വലിയ ‘ഗ്രേയ്റ്റ്’ എന്നു പറയാവുന്ന ഒരു വാക്ക്. പല മാസ്റ്റേർസിനും ഉണ്ടായിട്ടുണ്ട്. അതുപോലെ പല നടൻമാർക്കും ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ അനുഭവവും. എനിക്കും ചിലപ്പോൾ അന‍ുഭവപ്പെ‌ടാറുണ്ട്. പക്ഷേ നമ്മൾ ഇത് കഴിഞ്ഞ് നോക്കുമ്പോൾ ഇത് ഞാൻ ചെയ്തതാണോ അല്ലെങ്കിൽ  എപ്പോഴാണ് അത്ചെയ്തത് എന്നുള്ള ഒരു സംശയം ? 

ഒരു പാട് തവണ ഉണ്ടായിട്ടുണ്ട്. അത് നമുക്ക് മാത്രം ഉണ്ടാകുന്ന ഒരു അനുഭവമാണ്. ഞാൻ ചെയ്തതായിട്ടല്ല തോന്നുന്നത്, നമ്മൾ അറിയാതെ നമ്മളിലൂടെ ആരോ ചെയ്തതായിട്ടാണ്. 

പ്രേക്ഷകൻ ∙ ചില അഭിമുഖങ്ങളിൽ ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് സിനിമകൾ വിജയിക്കുകയോ പരജയപ്പെടുകയോ ചെയ്യുമ്പോൾ ലാലേട്ടന് പ്രത്യേകിച്ച് സന്തോഷമോ സങ്കടമോ ഒന്നും തോന്നാറില്ല എന്ന് അത് എത്രതോളം ശരിയാണ് ? 

ചെയ്യുന്ന സിനിമ നന്നായി വരണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ് നാമെല്ലാം. ഒരു സിനിമയുടെ പൂജ ചെയ്യുന്ന സമയത്ത് അത് ഏറ്റവും വലിയ ഹിറ്റ് ആകണം എന്നാണ് നമ്മൾ‌ എല്ലാവരും ചേർന്ന് പ്രാർഥിക്കുന്നത്. നമ്മൾ ചെയ്ത സിനിമ മോശമാണ് എന്ന് പറയുമ്പോൾ സങ്കടം തോന്നും അത് മൊമന്ററി ആണ്. അല്ലാതെ ഈ സങ്കടത്തിനെ കൂടെ കൊണ്ട് നടക്കാനാകില്ല. ആ വിജയത്തിന്റെ ആ ഒരു മൊമെന്റിൽ ഒരു സന്തോഷം തോന്നും. അത് അറിഞ്ഞോ അറിയാതെയോ എന്നിൽ ഉണ്ടായ ഒരു പ്രവണതയാണ്. സിനിമയിൽ മാത്രമല്ല ഒരു പാട് കാര്യങ്ങളിൽ അറ്റാച് ഡിറ്റാച്ച്മെന്റ്  എന്നൊക്കെ പറയുന്നപോലെ അറിഞ്ഞോ അറിയാതെയോ സംഭവിച്ച ഒരു പ്രക്രിയയാണ്. അതുകൊണ്ട് ഒരു പാട് നന്മകൾ ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് നമുക്ക് പേടിതോന്നില്ല, ഒരുപാട് സന്തോഷം തോന്നും, ദുഃഖം തോന്നില്ല, അങ്ങനെ ഒരുപാട് കാര്യങ്ങൾ തോന്നാറുണ്ട്. സിനിമ വിജയിക്കുമ്പോൾ തീർച്ചയായിട്ടും ഒരുപാട് സന്തോഷിക്കും ആളുകൾ ദുഃഖങ്ങൾ ചുമലിൽ ഏറ്റി നടക്കാറുണ്ട്. അതുപോലെ ഞാൻ സന്തോഷവും ചുമലിൽ ഏക്കാറില്ലാ.

പ്രേക്ഷകൻ ∙ഷൂട്ടിന്റെ ഇടയിൽ നിന്ന് വന്ന് ഞങ്ങളുടെ കൂടെ ഫോട്ടോ എടുത്തിരുന്നു. ഞങ്ങൾ ഒരു ശല്യമായി എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഫോട്ടോ എടുക്കുക എന്നത് ഇപ്പോൾ പുതിയതായിട്ട് വന്ന ഒരു പ്രക്രിയയാണ്.  ക്യാമറയിൽ എടുത്തു തുടങ്ങി ഇപ്പോൾ മൊബൈൽ ക്യാമറയിൽ എടുക്കുന്നു. അത് സെൽഫികളായി. നമുക്ക് പറ്റുന്ന സമയങ്ങളിൽ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിൽ കുഴപ്പമില്ല. ഒരു പരിചയവുമില്ലാത്ത ആൾക്കാർ രാത്രിയിൽ വന്നിട്ട് പെട്ടെന്ന് സെൽഫി എന്നൊക്കെ പറയുമ്പോൾ, നമ്മുടെ കൂടെ ഉള്ളവർ വേണ്ട എന്നു പറയും . പക്ഷേ നമുക്ക് പറ്റുന്ന സമയത്തൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ നേരത്തെ പറഞ്ഞപോലെ അയ്യോ എന്തിനാണ് എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് പടം എടുത്തുകൊടുത്തിട്ടുമുണ്ട്, കള്ളം പറയുവല്ല.

Mohanlal Interacts with the Audience

പ്രേക്ഷകൻ ∙ ഇപ്പോഴത്തെ കുട്ടികളുടെ ജീവിതരീതികളെ കുറിച്ച് എന്തെങ്കിലും ഒരു നിർദേശം?

ഞാൻ അ‍‍‍ഡ്വൈസ് ചെയ്യ‍ാൻ ഒരു നല്ല ആളല്ല. ആദ്യം ഞാൻ ശരിയാകട്ടെ. അവർക്ക് അവരുടേതായിട്ടുള്ള എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉണ്ട്. പക്ഷേ എന്തു ചെയ്യണം എന്നത് അവരാണ് തീരുമാനിക്കുന്നത്. അതായത് എന്റെ മകൻ എന്താകണമെന്ന് ചോദിച്ചപ്പോൾ, ഞാൻ മറുപടി പറഞ്ഞത് അവൻ എന്താകരുത് എന്നാണ് ഞാൻ പ്രാർഥിക്കുന്നതെന്നാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്ത ഒരു പയ്യൻ എന്താകരുത് എന്നാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത് 

എന്താകണം എന്നത് അവർ നോക്കിക്കൊള്ളും‌ം. അതുകൊണ്ട് സ്വയം കണ്ടെത്തുക  രാവിലെ നമ്മൾ നമ്മളോട് തന്നെ ചോദിക്കുക നമ്മൾ ചെയ്യുന്നത് ശരിയാണോ ഈ ദിവസം നമ്മൾ എങ്ങനെയാണ് കൊണ്ടുനടക്കേണ്ടത്. കുറച്ച് കഴിയുമ്പോൾ അതിമനോഹരമായ ഒരു ഉത്തരം നിങ്ങൾക്ക് കിട്ടുന്നതാണ്. അതുകൊണ്ട് കുട്ടികൾ സ്വന്തമായി ചോദ്യങ്ങൾ ചോദിക്കുക സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്തുക. മറ്റുളള ആൾക്കാരെ ഫിസിക്കൽ ആയിട്ടോ മെന്റല്‍ ആയിട്ടോ സ്പിരിച്യുൽ ആയിട്ടോ ഉപദ്രവിക്കാതിരിക്കുക.

പ്രേക്ഷകൻ ∙ ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടും ഇത്രയും കാലം കഴിഞ്ഞിട്ടും ആ പണ്ടുണ്ടായിരുന്ന എനർജിയും ആ യൂത്ത് ഒക്കെ എങ്ങനെ കണ്ടുനടക്കുന്നത്?

ഞാൻ ചെയ്യുന്ന ജോലിയോട് എനിക്ക് വളരെയധികം സ്നേഹമുണ്ട്. നമ്മൾ ചെയ്യുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഒരുപാട് പേർക്ക് വേണ്ടിയാണെന്നുളള ബോധം ഉണ്ടാകുന്നു. ആ ബോധത്തിൽ നിന്നാണ് എനർജി ഉണ്ടാകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ തീ അണയാതെ കൊണ്ടുനടക്കാൻ കുറെക്കാലം കൂടി ഞാൻ ശ്രമിക്കുന്നതാണ്.

പ്രേക്ഷകൻ ∙ആരാധകരെപറ്റിയാണ്  ചോദിക്കാൻ ഉള്ളത്. പല ലൊക്കേഷനിൽ വരുമ്പോഴും ലാലേട്ടൻ ആരാധകരെപറ്റി ഒരു കമന്റ് പറഞ്ഞിട്ടുണ്ടായിരുന്നു എന്നെ ഏട്ടാ എന്ന് ചേർത്ത് വിളിക്കുമ്പോൾ ഞാൻ അവരെ അനിയൻമാരായി കാണേണ്ടേ എന്നായിരുന്നു ലാലേട്ടൻ അന്ന് പറഞ്ഞിരുന്നത് . അതുപോലെ തന്നെ ലാലേട്ടന്റെ മകൻ പ്രണവ് സിനിമയിൽ വന്നപ്പോഴും അത്രതന്നെ  ആരാധകരും സ്നേഹവും പ്രണവിനോടുമുണ്ട്. ഈ ആരാധകുടെ സ്നേഹത്തെപ്പറ്റി ലാലേട്ടന് എന്താണ് പറയാൻ ഉള്ളത്?

സ്നേഹം എന്ന വികാരം ഒരു വലിയ കാര്യം തന്നെയാണ്. ഞാൻ എവിടെയോ പറയുകയോ വായിക്കുകയോ ചെയ്തിട്ടുണ്ട് ആരാധകർ എന്നു പറയുന്നത് ഭാര്യയെപോലെയാണ്. നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒരു ചെറിയകാര്യം ചെയ്താൽ ‘നിങ്ങൾ ഇങ്ങനെ എന്നോട് ചെയ്തല്ലോ’ എന്ന് ചോദിക്കുക. എന്നു പറഞ്ഞാൽ അത്ര സെൻസിറ്റീവ് ആണ് ആരാധകർ, അവരുടെ സ്നേഹം. അതുകൊണ്ട് നമ്മൾ അത് മനസിലാക്കി സ്നേഹിക്കുന്നു. അതുപോലെ ഞങ്ങൾ നിങ്ങളെയും സ്നേഹിക്കുന്നു. അത് ഇങ്ങനെ തന്നെ പോകട്ടെയെന്ന് പ്രാർഥിക്കുന്നു. 

പ്രേക്ഷകൻ ∙ 35 വർഷത്തെ അഭിനയ ജീവിതത്തിൽ‌ താങ്കളെ ഏറ്റവും അധികം സ്വാധീനം  ചെലുത്തിയ ഒരു വ്യക്തി. ആ സ്വാധീനം താങ്കളുടെ അഭിനയജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ? 

ഇത് എന്റെ 40ാം വർഷമാണ്. അങ്ങനെ സ്വാധീനം എന്ന് ഒരാളെ പറയാൻ പറ്റില്ല.  ഇത്രയും വർഷത്തിന് ഇടയിൽ ഒരുപാട് പേര്‍ എന്നെ അറിഞ്ഞോ അറിയാതെയോ  സ്വാധീനിച്ചിട്ടുണ്ട്. ഒരു വ്യക്തിയെന്ന് പറയാൻ പറ്റില്ല. അത് ചിലപ്പോൾ മാതാപിതാക്കൾ ആകാം എന്റെ സുഹൃത്തുക്കൾ ആകാം, ബന്ധുക്കൾ ആകാം, സഹപ്രവര്‍ത്തകർ ആകാം. അവരുടെയെല്ലാംകൂടി ചേർന്നിട്ടുളള ഒരു കോൺഗ്രസിലാണ് ഞാൻ.

പ്രേക്ഷകൻ ∙ ലാലേട്ടന്റെ അടുത്ത സിനിമ ഒടിയൻ ആണ്. അതിന് ഒരുപാട് ഫിസിക്കല്‍ പ്രിപ്പറേഷന്‍സ് ഉണ്ട് ചലഞ്ചസ് ഉണ്ട് അപ്പോൾ അതിന്റെ ചേയ്ഞ്ചസിനുവേണ്ടി എന്ത് തരത്തിലുള്ള പ്രയത്നമാണ് എടുത്തിരിക്കുന്നത്?

രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന സിനിമയാണ്. പ്രസന്റിലും പിന്നെ പത്ത് മുപ്പത് വർഷം പുറകോട്ടും. അപ്പോൾ ആ മുപ്പതു വർഷം നമ്മൾ എങ്ങനെ മാറ്റാം അങ്ങനെ പറഞ്ഞാൽ ഒാരോ വർഷം കൂടുന്തോറും ഒരാള്‍ ശരീരം വണ്ണം വെച്ച് പോവാണെങ്കിൽ തിരിഞ്ഞുനോക്കുമ്പോൾ ആ ശരീരം വളരെ കുറയുകയും ആ ഒരു ചെറുപ്പത്തില്‍ അദ്ദേഹം എങ്ങനെ ഉണ്ടായിരുന്നു എന്നുളളതിന്റെ ഒരു കണ്‍സെപ്റ്റും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തീർച്ചയായിട്ടും ആ സമയത്ത് പട്ടിണി കിടന്നെങ്കിലും അങ്ങനെ ആക്കിയെടുക്കും.

പ്രേക്ഷകൻ ∙ ലാലേട്ടൻ, സത്യൻഅന്തിക്കാട്, ശ്ര‍ീനിവാസൻ ഒന്നിക്കുന്ന നടോടിക്കാറ്റ് പട്ടണപ്രവേശം പോലുളള ഒരു ഫുൾ ടൈം കോമഡി സിനിമകൾ പോലെയുള്ള സിനിമകൾ ഇനിയും പ്രതിക്ഷിക്കാമോ?

ഞാനും അത് പ്രതീക്ഷിച്ച് ഇരിക്കുകയാണ്. പക്ഷേ പ്രതീക്ഷിക്കുക എന്നത് നമ്മുടെ ധർമ്മമാണ് സംഭവിക്കുകയെന്നത് വേറൊരു ക്രിയയാണ് അതുകൊണ്ട് തീർച്ചയായിട്ടും അവർ അതിന്റെ പുറകിൽ കുറച്ചു കാലമായിട്ട് ജോലി ചെയ്യുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഞങ്ങൾ അതിന്റെ പുറകിലുണ്ട് അത്തരത്തിൽ ഒരു സിനിമ സംഭവിക്കട്ടെ . ഈ പറഞ്ഞ സിനിമകളേക്കാളും മുകളിലാണ് ആ സിനിമ വരേണ്ടത്. ഇപ്പോള്‍ അതിനു വേണ്ടിയിട്ടുളള ഒരു ശ്രമമാണ്. നല്ല സിനിമയല്ലെങ്കിൽ ഈ പറഞ്ഞവർ തന്നെ നിങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലായിരുന്നോ മര്യാദയ്ക്ക് ഇരുന്നാൽ പോരായിരുന്നോ എന്നു ചോദിക്കും . അതുകൊണ്ട് അതിലും മുകളിൽ വരുന്നൊരു സിനിമയെപ്പറ്റി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് . എനിക്ക് ഭാഗ്യം ഉണ്ടെങ്കിൽ അത്തരത്തിൽ ഒരു സിനിമ നടക്കട്ടെ

പ്രേക്ഷകൻ∙ സ്ക‍ൂളിൽ പഠിക്കുമ്പോൾ ലലേട്ടന്റെ ഡ്രീം എന്തായിരുന്നോ?

സ്കൂളിൽ പഠിക്കുമ്പോൾ സ്വപ്നങ്ങൾ ബസ് ഒാടിക്കുക പോലുള്ള ചെറിയകാര്യങ്ങൾ ആണ്. പക്ഷേ അങ്ങനെ എന്താകണം എന്ന് ഞാൻ  ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിക്കാത്ത കൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ ആയിത്തീർന്നത്. സത്യമായിട്ടും ആ സമയത്ത് ‍ഡോക്ടറാവണം അല്ലെങ്കിൽ എഞ്ചിനീയറാകണം എന്നൊന്നും ആഗ്രഹിക്കാനുളള സമയം ഞാൻ വേസ്റ്റ് ചെയ്തില്ല. സുഖമായിട്ട് അങ്ങനെ പോയ്ക്കോണ്ടിരുന്നപ്പോൾ നേരെ സിനിമയിലേക്ക് നടന്നു കയറി. സത്യസന്ധമായിട്ട് പറയുകയാണ് ആ സമയത്ത്് ഒന്നും ആഗ്രഹിച്ചിട്ടില്ല. ഇത് തന്നെയാണോ എന്റെ ജോലി എന്ന് ഇപ്പോഴും എനിക്കറിഞ്ഞുകൂടാ.

പ്രേക്ഷകൻ ∙ നമ്മൾ മറ്റുള്ള ഭാഷകളിൽ ഉള്ള നടന്മാർ ഒക്കെ അവർ അവരുടെ സിനിമ വിട്ട് കഴിഞ്ഞാൽ, അവരുടെ യഥാർത്ഥ രൂപത്തിലൊക്കെ നമ്മൾ പുറത്ത് കാണാറുണ്ട്. ലലേട്ടൻ ശരിക്കും ഇങ്ങനെതന്നെയാണോ?

ഞാൻ എന്താണ് എന്ന് ഞാൻ തന്നെ അന്വേഷിച്ചുകൊണ്ട് ഇരിക്കുകയാണ്. ശരിക്കും ഇങ്ങനെയല്ല ഞാൻ. മുൻപ് പറഞ്ഞപോലെ നാണത്തോടെ നടക്ക‍ുക എന്നൊക്കെ. ഇത് എന്താണ് എന്നത് അന്വേഷിക്കാൻ പോയാൽ ഒരു ആവശ്യമില്ലാത്ത കുറെ കാര്യങ്ങളിലേക്ക് പോകും. ഞാൻ ഇങ്ങനെയുള്ളയാളല്ല,  എന്ന് ഞാൻ തന്നെ പറയാൻ പറ്റില്ലല്ലോ. അതു കൊണ്ട് നിങ്ങൾ തന്നെ കണ്ടുപിടിക്കു ഞാൻ എങ്ങനെയുള്ള ഒരാൾ ആണ് എന്ന്. 

വേഷങ്ങൾ ആപ് ഡൗൺലോഡ് ചെയ്യാം