Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റ്: ‘ദൂരം’ മികച്ച ചിത്രം, അനന്തകൃഷ്ണൻ മികച്ച സംവിധായകൻ

CSFF

തൃശൂർ ∙ ഉഴവൂർ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ അണിയിച്ചൊരുക്കിയ  ‘ദൂരം’ എന്ന ചിത്രത്തിന് മനോരമ ഓൺലൈൻ - കാഡ് സെന്റർ ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റ് സീസൺ 5 പുരസ്കാരം. ദൂരം ഒരുക്കിയ അനന്തകൃഷ്ണൻ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. 

തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥികൾ ഒരുക്കിയ ‘അങ്കവാലനും അറബിനാടും’ മികച്ച രണ്ടാമത്തെ ചിത്രവും രാമപുരം മാർ അഗസ്തീനോസ് കോളജ് വിദ്യാർഥികളുടെ ‘പ്രകൃതി’ മൂന്നാമത്തെ ചിത്രവുമായി. ഷഫൻ നാസർ ആണ് മികച്ച നടൻ (ചിത്രം–വലിയ മോഹങ്ങൾ), മികച്ച നടി രാജശ്രീ നായർ (ചിത്രം–പ്രകൃതി). ഏറ്റവും മികച്ച ഒന്നാമത്തെ ചിത്രത്തിന് 70,000 രൂപയും സർട്ടിഫിക്കറ്റും രണ്ടാമത്തെ ചിത്രത്തിന് 50,000 രൂപയും സർട്ടിഫിക്കറ്റും, മൂന്നാമത്തെ ചിത്രത്തിന് 25,000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം.

വിശ്വജ്യോതി എൻജിനീയറിങ് വിദ്യാർഥികൾ ഒരുക്കിയ ‘യാത്രാ മംഗളങ്ങൾ’ ഏറ്റവും കൂടുതൽ പ്രേക്ഷകവോട്ട് നേടിയ ചിത്രമായി. തൃശൂർ ഡിൈവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസിലെ വിദ്യാർഥികൾ ഒരുക്കിയ ‘വലിയ മോഹങ്ങൾ’ സ്പെഷൽ ജൂറി പുരസ്കാരം നേടി. 

തൃശൂർ റീജനൽ തിയറ്ററിൽ നടന്ന ചടങ്ങിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശരത്കുമാർ (അങ്കമാലി ഡയറീസ്) എന്നിവർ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. മൽസരത്തിന്റെ അവസാന റൗണ്ടിലെത്തിയ 18 ചിത്രങ്ങളുടെ പ്രദർശനവും നടന്നു. 

ചടങ്ങിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ, തിരക്കഥാകൃത്ത് നവീൻ ഭാസ്ക്കർ, കാഡ് സെന്റർ ട്രെയിനിങ് സർവീസസ് വൈസ് പ്രസിഡന്റ് എൻ. സുബ്രഹ്മണ്യൻ, മലയാള മനോരമ തൃശൂർ യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, മനോരമ ഓൺലൈൻ കണ്ടന്റ് കോ ഓർഡിനേറ്റർ‌ ജോവി എം. തേവര, മനോരമ ഓൺലൈൻ മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ എന്നിവർ പങ്കെടുത്തു. 

‘ഫെയർവെൽ’ എന്ന വിഷയത്തെ ആസ്പദമാക്കി നാനൂറോളം ഹ്രസ്വചിത്രങ്ങൾ മൽസരത്തിൽ പങ്കെടുത്തിരുന്നു. നടൻ സിദ്ദിഖ്, അനിൽ രാധാകൃഷ്ണ മേനോൻ, നവീൻ ഭാസ്ക്കർ എന്നിവരായിരുന്നു വിധികർത്താക്കൾ. 

മത്സരത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നടത്തിയ സിനിമാ പരിശീലന ക്ലാസ്സുകൾക്ക് രഞ്ജി പണിക്കർ, രഞ്ജിത് ശങ്കർ, മഹേഷ് നാരായണൻ, ഉണ്ണി ആർ, സജീവ് പാഴൂർ തുടങ്ങിയവർ നേതൃത്വം നൽകി.

2013 ൽ ആരംഭിച്ച ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പായിരുന്നു ഇത്. സീസൺ ഒന്നിലെ വിജയികളായ റോജിൻ തോമസും ഷാനിൽ മുഹമ്മദും ഇപ്പോൾ മലയാളസിനിമയിലെ ശ്രദ്ധേയരായ സംവിധായകരാണ്.