Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീല റിലീസ് ദിവസം മനുഷ്യത്വമുള്ളവര്‍ക്ക് കരിദിനം; ശാരദക്കുട്ടി

ramaleela-sarada

ഒരു കലാസൃഷ്ടിയുടെ പൂർണ്ണ അവകാശം ആർക്കാണ്? പകർപ്പകാശം സ്രഷ്ടാവിന് സൃഷ്ടിയുടെ മേൽ അവകാശം അനുവദിച്ചു കൊടുക്കുന്നുണ്ട് എന്നത് സത്യം. എന്നാൽ ഒരു കഥ, കവിത, സിനിമ, നാടകം എന്തുമാകട്ടെ അത് ആസ്വാദകന്റെ മുമ്പിൽ എത്തുന്ന നിമിഷം മുതൽ അത് ആസ്വാദകന്റേതാണ്. ഒരു കലാസൃഷ്ടിക്ക് വ്യാഖ്യാനങ്ങൾ പോലും ആവശ്യമല്ല എന്നു വേണമെങ്കിൽ പറയാം. അത് ആസ്വാദകൻ വായിക്കട്ടെ, അവന്റെ അനുഭവ പരിസരങ്ങളിൽ നിന്ന്. ആസ്വാദകന്റെ അനുഭവപരിസരങ്ങൾ ഒരു കൃതിയുടെ വായനയെ, ഒരു ചലചിത്രത്തിന്റെ ആസ്വാദനത്തെ സ്വാധീനിക്കുമെന്ന് ഉറപ്പ്.

സിനിമ എന്ന കല സംവിധായകന്റേതാണ് എന്ന് പറയാറുണ്ട്. എഴുത്തുകാരെ നോക്കി പുസ്തകങ്ങളും, സംവിധായകരെ നോക്കി സിനിമകളും തിരഞ്ഞെടുക്കുന്ന പതിവും കുറവല്ല. എല്ലാ ദിലീപ് ചിത്രങ്ങളും പോലെ തിയറ്ററുകളിൽ എത്തി കടന്നുപോകേണ്ട ഒരു സിനിമയായിരുന്നു ദിലീപിന്റെ രാമലീലയും, എന്നാൽ നടന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സിനിമ കാണണോ വേണ്ടയോ എന്നതാണ് സമൂഹമാധ്യമങ്ങളിൽ ചൂട് പിടിക്കുന്ന ഒരു പ്രധാന ചർച്ച. ആക്രമണത്തിന് ഇരയായ സ്ത്രീക്ക് ഒപ്പമാണ് സമൂഹം നിലകൊള്ളേണ്ടത് എന്ന കാര്യത്തിൽ ബഹുപൂരിപക്ഷത്തിന് സംശയങ്ങളില്ലെങ്കിലും സിനിമ കാണണമോ എന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായമാണുള്ളത്.

ഫെയ്സ്ബുക് കുറിപ്പിലൂടെ സിനിമയെ ശക്തമായി എതിർക്കുകയാണ് എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ശാരദക്കുട്ടി. ദിലീപിന്റെ ചലച്ചിത്രം പുറത്തിറങ്ങുന്നദിവസം മനുഷ്യത്വമുള്ളവര്‍ക്കും കലാസ്‌നേഹികള്‍ക്കും കരിദിനമാണെന്ന് ശാരദക്കുട്ടി. സഹപ്രവര്‍ത്തകയെ നഗ്‌നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ട നടന്റെ രണ്ടര മണിക്കര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികളെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ–

'സഹപ്രവർത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. രണ്ടര മണിക്കർ ദൈർഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികൾ മറന്നു കൊണ്ട് 28–ാം തീയതി തിയറ്ററിലേക്ക് പോകാൻ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികൾ. ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ " കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം" എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചിൽ നമ്മുടെ തല പിളർക്കണം. സെപ്തംബർ 28 കരിദിനമാണ് മനുഷ്യ സ്നേഹികൾക്ക്. കലാ സ്നേഹികൾക്ക്.'

എന്നാൽ സിനിമ എന്ന കലയെയും അതിൽ അഭിനയിച്ചിരിക്കുന്ന നടന്റെ സ്വഭാവമെന്ത് എന്നതിനെയും രണ്ടായി തന്നെ കാണണമെന്നാണ് എഴുത്തു ലോകത്തു നിന്ന് ദിലീപ് രാജിന്റെ പക്ഷം.

ദിലീപ് രാജിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ–

'അതിപ്പോ കുറ്റവാളികളെ പോലും അഭിനയിപ്പിക്കുന്നത് തെറ്റല്ല എന്നാണ് കേട്ടോ എന്റെ ഒരിത്.. അയാൾടെ അഭിനയത്തെ ഒന്ന് അഭിനന്ദിച്ചു പോയാൽ പോലും അയാളോടുള്ള നിലപാടിനെ അത് (ഞാനറിയാതെ) മാറ്റുകയൊന്നുമില്ല .

അതോണ്ട്, ആ സിൽമ കാണുമോ എന്നത് ഏതു സിൽമേം കാണുന്ന കാരണങ്ങളൊക്കെ പോലെ തന്നിരിക്കും ..

എന്റെ ഒരിതാണെ.. ആഹ്വാനമൊന്നുമല്ല,'

സിനിമ എന്ന കല മലയാളത്തിൽ നടന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് കാലം കുറെയായി എന്നതാണ് സത്യം. മലയാളികൾ കാണാൻ പോയത് മോഹൻലാലിന്റെ സിനിമയാണ്, മമ്മൂട്ടിയുടെ സിനിമയാണ്, ദിലീപിന്റെ സിനിമയാണ്. അവിടെ അവൾക്ക് (എല്ലാ നടിമാർക്കും) അനുവദിച്ച് കിട്ടിയ ഇടങ്ങൾ കുറവായിരുന്നു. അതുകൊണ്ട് മാത്രമാണ് മുകൾപറഞ്ഞ ചർച്ചയിലെ ഇരുവാദങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നതും. ഇവിടെ തീരുമാനം പ്രേക്ഷകന് വിടുക മാത്രമേ തരമുള്ളു. തീരുമാനം ഏതാണെങ്കിലും ആ തീരുമാനത്തിന്റെ ശരികൾ ഉൾക്കൊണ്ടാവട്ടെ!.