Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഉദയനാണു താര’ത്തിലെ സംഭവം നേരിട്ട് അനുഭവിച്ച തിരക്കഥാകൃത്ത്

‘ഉദയനാണു താര’ത്തിൽ തെങ്ങുംമൂട് രാജപ്പൻ ഉദയഭാനുവിന്റെ തിരക്കഥയെടുത്തു മറിച്ചുകൊടുത്ത കഥ വെറും കെട്ടുകഥയല്ലെന്നറിയാൻ ഇപ്പറയുന്ന സംഭവകഥ വായിക്കുക.‌

വർഷം 2002. എം.സിന്ധുരാജ് അന്നു സിനിമയ്ക്കു തിരക്കഥയെഴുത്തു തുടങ്ങിയിട്ടില്ല. ആദ്യ സിനിമയായ ‘പട്ടണത്തിൽ സുന്ദര’ന്റെ ചർച്ചകൾ നടക്കുകയാണ്. മുൻപ് അഞ്ചാറു പ്രഫഷനൽ നാടകം എഴുതിയതിനാൽ, തിരുവനന്തപുരം ജില്ലയിലെ ഒരു സമിതിക്കുവേണ്ടി ഒരു നാടകമെഴുതാൻ സിന്ധുരാജിനോട് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ഒരു സുഹൃത്താണ്. നാടകസമിതി ഉടമയുടെ വീട്ടിൽ താമസിച്ചാണ് എഴുത്ത്. ഒന്നര മാസത്തെ എഴുത്തുവാസത്തിനിടെ ആ വീട്ടുകാരും ബന്ധുക്കളുമൊക്കെയായി നല്ല അടുപ്പമായി.

പക്ഷേ, എഴുത്തു കഴിഞ്ഞപ്പോൾ സ്നേഹം വഴിമാറി. പണം ചോദിച്ചപ്പോൾ പിണക്കമായി. ചോദിച്ച തുകയൊന്നും കൊടുക്കാതെ സിന്ധുവിനെ സമിതി ഉടമ പറഞ്ഞുവിടുകയും ചെയ്തു. സിനിമയെന്ന മോഹം പേറി നടക്കുന്നൊരു ചെറുപ്പക്കാരൻ ആ വേദനയും കുടിച്ചിറക്കി. പ്രതിഫലം കിട്ടിയില്ലെങ്കിലും തന്റെ പേരിൽ ഒരു നാടകമെങ്കിലും വരുമല്ലോയെന്ന പ്രതീക്ഷയിൽ നാട്ടിലേക്കു മടങ്ങി. പക്ഷേ, ആന്റിക്ലൈമാക്സ് ബാക്കിയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞാണറിഞ്ഞത്, ആ നാടകം മറ്റൊരാളുടെ പേരിൽ റിഹേഴ്സൽ തുടങ്ങിയെന്ന്. എഴുത്തുകാലത്ത് ആ വീട്ടിൽ ഇടയ്ക്കിടെ വന്നിരുന്ന, സമിതി ഉടമയുടെ ബന്ധുവായ പയ്യന്റെ പേരിലാണു സ്ക്രിപ്റ്റ് മറ്റൊരു സമിതിക്കു മറിച്ചുകൊടുത്തതെന്ന ഞെട്ടിക്കുന്ന സത്യം സിന്ധു തിരിച്ചറിഞ്ഞു.

‌കണിച്ചുകുളങ്ങരയിലാണു റിഹേഴ്സൽ ക്യാംപ്. സംവിധായകൻ: ഗീഥാ സലാം. സിന്ധുരാജ് അവിടെച്ചെന്നു സലാമിനോടു സംഭവങ്ങൾ തുറന്നുപറഞ്ഞു. ‘താങ്കൾ പറയുന്നതു ശരിയായിരിക്കും. പക്ഷേ, ഈ നാടകം എന്റെ കയ്യിൽ കിട്ടിയതു മറ്റൊരാളുടെ പേരിലാണ്’ എന്ന നിസ്സഹായാവസ്ഥ സലാം പങ്കുവച്ചു. സ്വന്തം കുഞ്ഞു മറ്റൊരാളുടെ വീട്ടിൽ വളരുന്നതു കാണുന്ന ദുഃഖഭാരത്തോടെ സിന്ധു ആ റിഹേഴ്സൽ ക്യാംപിൽ നിന്നിറങ്ങി. പിന്നീട് ഒരിക്കലും നാടകം എഴുതിയതുമില്ല.

കാലം കടന്നുപോയപ്പോൾ സിന്ധുരാജ് ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായി. സിന്ധു എഴുതിയ ‘ജലോത്സവ’ത്തിൽ ഗീഥാ സലാം മുഴുനീള വേഷം ചെയ്തു. അവസരം തേടി വിളിക്കുന്നവരുടെ കൂട്ടത്തിൽ ഒരു ദിവസം വന്നത്, ആ പഴയ നാടകസമിതി ഉടമയുടെ മകന്റെ ഫോൺ കോളായിരുന്നു! ഫ്ലാഷ്ബാക്കുകൾ മിന്നിമറഞ്ഞ ആ നിമിഷങ്ങളിൽ എന്തും പറഞ്ഞുപോകുന്ന മാനസികാവസ്ഥയിലായിരുന്നു സിന്ധു. പക്ഷേ, ഇത്രമാത്രം പറഞ്ഞു ഫോൺ താഴെവച്ചു: ‘നോക്കട്ടെ. പറ്റുന്ന വേഷം വല്ലതും വരുമ്പോൾ ഞാൻ അറിയിക്കാം’.