Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജാത കലക്കിയെന്ന് പ്രേക്ഷകർ

udhaharanam-sujatha-manju

മഞ്ജു വാരിയർ നായികയായി എത്തിയ ഉദാഹരണം സുജാതയ്ക്ക് തിയറ്ററുകളിൽ മികച്ച റിപ്പോർട്ട്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. 

സിനിമ കണ്ടിറിങ്ങയവരുടെ പ്രതികരണം

രാഹുൽ രാജൻ– അതി ‘ഗംഭീര’ ഉദാഹരണം സുജാത

നവീൻ മോഹന്‍– അമ്മയാണ്, മറക്കരുത്...

ഫസ്റ്റ് ഹാഫ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ചെറിയൊരു നിരാശ പിടികൂടാതിരുന്നില്ല. ചിത്രം നിറയെ സുജാതയാണ്. അതിരാവിലെ എഴുന്നേറ്റ് കീ കൊടുത്ത ഒരു പാവയെപ്പോലെ ഓടി നടക്കുന്ന സുജാത. അന്നേരമൊന്നും ആതിരയെ ശ്രദ്ധിച്ചതു പോലുമില്ല. കുതിരമാഷ് പറയും പോലെ 'ഒരു ഉഴപ്പി പെൺകുട്ടി'. ആ കൊച്ചിനെയൊന്ന് പത്താം ക്ലാസ് ജയിപ്പിക്കാനാണ് ഇനിയുള്ള ഒരു വർഷം സുജാതയുടെ ഓട്ടം. ആ ഓട്ടത്തിന് ഇനിയൊന്ന് വേഗത കൂട്ടിയേ തീരൂ. പത്ത് കഴിഞ്ഞാൽ പിന്നെ അവളെ പഠിപ്പിക്കാൻ ഈ കാശൊന്നും പോരാതെ വരും. എന്നിട്ടും ഒരു പാതിരാമയക്കത്തിനിടെ ആതിര പറഞ്ഞത് പിന്നീടങ്ങോട്ട് എല്ലാ രാത്രിയും സുജാതയുടെ ഉറക്കം കളയാൻ പോന്നതായിരുന്നു.

ആ കൊച്ച് പറഞ്ഞത് ശരിയാണ്, പക്ഷേ... ആ പക്ഷേയിൽ തട്ടി നിന്ന സുജാതയുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു ജോർജ് സാറും പിന്നെയും കുറച്ച് പേരും ഒപ്പമുണ്ടായിരുന്നു. സുജാതയുടെയും ആ കുറച്ച് പേരുടെയും കഥയാണ് ' ഉദാഹരണം സുജാത '

അച്ഛൻ മാസം 4000 രൂപ ശമ്പളം വാങ്ങുന്ന കാലത്താണ് ഞാൻ മാസം 2250 രൂപ ഹോസ്റ്റൽ ഫീസും പിന്നെ അല്ലറ ചെലവുമായി തിരുവനന്തപുരത്ത് പഠിക്കാൻ പോകുന്നത്. 3 വർഷം അതൊരിക്കൽ പോലും മുടങ്ങിയിട്ടില്ല. വൈകിയപ്പോൾ എന്താ ഇത്ര വൈകുന്നതെന്ന് ചോദിച്ചിട്ടുമില്ല. അമ്മയാണ്...ആ ഹോസ്റ്റൽ ഫീസിനു വേണ്ടി ഒരു മാസം ഓടുന്ന ഓട്ടത്തിനിടെ കാല് വച്ച് വീഴ്ത്തുന്ന പോലെയായിരിക്കും എന്റെ ആ ചോദ്യം.

ഇന്നിപ്പോൾ അമ്മ സ്വസ്ഥമായിട്ട് വീട്ടിലിരിക്കുമ്പോൾ ഇതാദ്യമായിട്ട് തോന്നാണ്, ഈ സിനിമ അമ്മയേം കൂട്ടി പോയി ഒന്നൂടെ കാണണം.

കാണും...

ആതിരയും അമ്മയും എപ്പോഴും വഴക്കായിരുന്നു. ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളിലൂടെ അമ്മയുടെ നെഞ്ചിൽ കോമ്പസ് മുന കൊണ്ട് കീറി മുറിക്കാൻ വരെ ശ്രമിച്ചു ഒരിക്കലവൾ.

‌ആ രാത്രി കണ്ണീരേറ്റ് കവിൾത്തടങ്ങൾ പൊള്ളുമ്പോഴാണ് ആദ്യമായി സുജാത ഭർത്താവിന്റെ ഫോട്ടോയിലേക്കു വരെ ഒന്നു നോക്കുന്നത്. മങ്ങിയ കാഴ്ചയാണ് മുന്നിൽ. ഒറ്റയ്ക്കാണെന്നറിഞ്ഞിട്ടും അടുത്ത് ആരുമില്ലെന്നറിഞ്ഞിട്ടും വെറുതെ ആ ഫോട്ടോയിൽ നോക്കി കരഞ്ഞു കൊണ്ടേയിരുന്നു അവൾ.

പക്ഷേ അമ്മമാരുടെ മനസ്സിടിഞ്ഞാൽ പിന്നെ മക്കൾക്കാരുണ്ട്...?

ആ രാത്രിയ്ക്കപ്പുറം ആതിരയ്ക്കും മനസിലാകുന്നുണ്ട്- അമ്മയെന്ന യന്ത്രം ഒന്നു കാലിടറി വീഴുന്നിടത്ത് തീരാവുന്നതേയുള്ളൂ ഏതൊരു പിണക്കത്തിന്റെയും നീർകുമിളകൾ..പിന്നെ അമ്മയ്ക്കൊപ്പമേ ആതിര നിന്നുള്ളൂ..അമ്മയ്ക്കൊപ്പം, അമ്മയുടെ സ്വപ്നങ്ങൾക്കൊപ്പം, പിന്നെ അമ്മയുടെ സ്വപ്നങ്ങൾക്ക് ചിറകു കൊടുത്തവർക്കൊപ്പം..അതീവ മനോഹരമായ, ഒപ്പം ഞെട്ടിപ്പിക്കുന്ന, ദൃശ്യങ്ങൾക്കും ലാളിത്യമുള്ള തിരക്കഥയ്ക്കും സംവിധാനത്തിനും A Must Watch മാർക്ക് തന്നെ കൊടുക്കുന്നു.