Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമങ്ങൾ മുഖം തിരിച്ചു, പ്രേക്ഷകർ വാരിപ്പുണർന്നു

ramaleela-poster

ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ രാമലീലയെ ചില മുഖ്യധാരാ മാധ്യമങ്ങൾ സ്വീകരിച്ചത് തണുപ്പൻ മട്ടിൽ. ഒപ്പമിറങ്ങിയ ചിത്രങ്ങളെ വാഴ്ത്തി പാടിയപ്പോഴും രാമലീലയെ അംഗീകരിക്കാൻ ആദ്യം പലരും തയ്യാറായില്ല. പിന്നീട് പ്രേക്ഷക പ്രതികരണം ചിത്രത്തിനനുകൂലമായതോടെ അവരിൽ ചിലർ നിലപാടു മാറ്റുകയും ചെയ്തു.

അടുത്ത കാലത്ത് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത പ്രചരണമാണ് ഒട്ടും പണംമുടക്കില്ലാതെ രാമലീലയ്ക്കു ലഭിച്ചത്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന നടൻ ദിലീപ് നായകനാകുന്നുവെന്ന കാരണത്താൽ ചില ചാനലുകളിലെ പ്രൈം ടൈം ചർച്ചകളിൽ പോലും രാമലീല സ്ഥാനം പിടിച്ചു. ചിത്രത്തിന്റെ റിലീസിനു തലേന്ന് രാമലീല കേരളം കാണണോ എന്ന തലക്കെട്ടോടെ ചർച്ച നടത്തിയ ചാനലുകൾ റിലീസിനു ശേഷം കേരളം ആർക്കൊപ്പം എന്നാണ് ചർച്ച ചെയ്തത്. ചിത്രത്തിനു കുപ്രസിദ്ധി നേടിക്കൊടുക്കാനായിരുന്നു പലരുടെയും ശ്രമമെങ്കിലും ഒടുവിൽ അത് സുപ്രസിദ്ധിയായി അവസാനിച്ചു.

റിലീസ് ചെയ്ത് ആദ്യ ഷോ പിന്നിട്ടതോടെ ആളില്ലാതെ രാമലീല എന്നൊക്കെ ഒാൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നു തുടങ്ങി. ആൾത്തിരക്കിന്റെ വിഡിയോയും ചിത്രങ്ങളും വന്നു തുടങ്ങിയതോടെ സ്ത്രീപ്രേക്ഷകർ ദിലീപിനെ കയ്യൊഴിഞ്ഞെന്നായി പ്രചരണം. ഒപ്പം മറ്റു ചിത്രങ്ങൾ രാമലീലയെക്കാൾ മികച്ചതാണെന്ന വാർത്തകളും വന്നു തുടങ്ങി. എന്നാൽ നിഷ്പക്ഷ മാധ്യമങ്ങളും പ്രേക്ഷകരും സിനിമയ്ക്കൊപ്പം നിന്നതോടെ മറ്റുള്ളവർ വെട്ടിലായി. ദിലീപിന്റെ മുഖ്യ ശത്രുവെന്ന് ദിലീപ് ആരാധകർ ആരോപിക്കുന്ന ലിബർട്ടി ബഷീർ പോലും രാമലീല തന്റെ തീയറ്ററിൽ ഹൗസ് ഫുൾ ആയി ഒാടുന്നെന്ന് തുറന്നു സമ്മതിച്ചതോടെ സിനിമയെ തകർക്കാൻ നടന്നവർ പോലും തിരിഞ്ഞു. 

താരങ്ങളല്ല സിനിമയാണ് വലുതെന്ന് മലയാളികൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് രാമലീല. നായകൻ ജയിലിലാണെന്നു വച്ച് സിനിമ ബഹിഷ്ക്കരിക്കണമെന്ന വാദമൊക്കെ ബാലിശമാണെന്ന് തിരിച്ചറിഞ്ഞ് സിനിമ കാണാനെത്തിയ പ്രേക്ഷകരാണ് യഥർത്ഥ താരങ്ങൾ. മലയാള സിനിമയ്ക്കു ഇൗ സംഭവം നൽകുന്ന തിരിച്ചറിവ് ചെറുതല്ല.