Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്? മറുപടിയുമായി ആഷിക്ക് അബു

mahesh-aashiq

മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിര്‍മിക്കാനായി കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിക് അബു. ശ്രീകാന്ത് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പോസ്‌റ്റോടെ പ്രസിദ്ധീകരിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഷിക് അബു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മഹേഷിന്റെ പ്രതികാരത്തിന്റെ പണമിടപാട് സംബന്ധിച്ചും നിര്‍മാതാവിനെ വ്യക്തിപരമായി ആക്രമിച്ചും സമീപകാലത്തായി അസത്യ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് തന്റെ നിര്‍മാണ കമ്പനിയായ ഡ്രീം മില്‍ സിനിമാസിന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആഷിക് വ്യക്തമാക്കി.

ആഷിക്കിന്റെ കുറിപ്പ് വായിക്കാം–

പ്രസിദ്ധീകരണത്തിന്.

ഞങ്ങളുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഡ്രീം മിൽ സിനിമാസ് നിർമ്മിച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റ പണമിടപാട് സംബന്ധിച്ചും നിർമ്മാതാവിനെ വ്യക്തിപരമായി ആക്രമിച്ചും സമീപകാലത്തായി നടന്നുവരുന്ന അസത്യപ്രചരണങ്ങൾ ദുഷ്ടലാക്കോടെയാണ്.

വൺനസ്സ് മീഡിയ എന്ന കമ്പനിയാണ് ഈ സിനിമയുടെ നിക്ഷേപത്തിൽ ഞങ്ങളോടൊപ്പം പങ്കാളിയായത്. അബുദാബി ഹെക്സ എന്ന എണ്ണ കമ്പനിയുടെ ഉടമ ശ്രീ അബ്ദുൽ റഹ്മാൻ, ദുബായ് വൺനെസ്സ് മീഡിയ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശ്രീകാന്തും ചേർന്നുള്ള പാർട്ണർഷിപ് കമ്പനിയായ വൺനെസ് മീഡിയ 60 ശതമാനം നിക്ഷേപമാണ് ധാരണാപത്രം പ്രകാരം ഒപ്പുവെച്ചത്. പല ഘഡുക്കളായി, സമയബന്ധിതമായി പണം നിക്ഷേപിക്കാം എന്ന ധാരണ ആദ്യം മുതലേ മുടങ്ങുന്ന പരാതി ഞങ്ങൾ അറിയിക്കുകയും പിഴവ് ആവർത്തിക്കില്ല എന്ന് അവർ ഉറപ്പുതരികയും ചെയ്തു.

പക്ഷെ അതാവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ശ്രീ അബ്ദുൽ റഹ്മാൻ കൊച്ചിയിലെത്തി ശ്രീകാന്തിനെ തന്റെ ദുബായ് കമ്പനിയായ വൺനെസ്സ് മീഡിയയിൽ നിന്ന് പുറത്താക്കിയതായും, കൊച്ചിയിലെ ശ്രീകാന്തുമായുള്ള പാർട്ണർഷിപ് കമ്പനി നിലനിൽക്കുന്നില്ലെന്നും അറിയിച്ചു. അതേ പേരിൽ തന്നെയുള്ള മറ്റൊരു പ്രൊപ്രൈറ്റർഷിപ് കമ്പനി അബ്ദുൾ റഹ്‌മാന്റെ സോൾ പ്രോപ്പറേറ്റർഷിപ്പിൽ ആരംഭിക്കുകയും ചെയ്തു. ശ്രീകാന്ത് ഒപ്പിട്ട ധാരണാപത്രം സ്വാഭാവികമായും അസാധുവായി. അബ്ദുൾ റഹ്‌മാൻ പ്രോപ്പറേറ്റർ ആയുള്ള കമ്പനി പുതിയ ധാരണാപത്രം ഒപ്പുവെക്കാം എന്ന വാക്കാലുള്ള ധാരണയിൽ വ്യവഹാരങ്ങൾ അസുഖകരമായ തന്നെ മുന്നോട്ടുപോയി.

ദുബായ് കമ്പനിയിൽ ശ്രീകാന്ത് ഉണ്ടാക്കിയ കോടികളുടെ നഷ്ട്ടം വരുത്തിവെച്ച കനത്ത സാമ്പത്തിക പ്രശ്നത്തിന്റെ ചൂണ്ടിക്കാട്ടി പിന്നീട് പലതവണ അബ്ദുൽ റഹ്‌മാൻ പണം കൃത്യസമയത്തു എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും വാക്കാലുള്ള ധാരണപ്രകാരം തരേണ്ട നിക്ഷേപതുക മുഴുവനായി തരാതിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അബ്ദുൽ റഹ്മാന്റെ ബാക്കി നിക്ഷേപം പ്രതീക്ഷിക്കാതെ തന്നെ ചിത്രത്തിന്റെ നിർമാണം ഞങ്ങൾ പൂർത്തിയാക്കി. രൂപീകരിക്കപ്പെട്ട പുതിയ പ്രൊപ്രൈറ്റർഷിപ് കമ്പനിയുമായി പുതുക്കിയ ധാരണാപത്രം ഒപ്പിടുന്നത് പുതിയ സാഹചര്യത്തിൽ നടന്നിട്ടില്ല. ശ്രീകാന്ത് ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്ത ഒന്നാണ്.

ഇതുവരെ അബ്ദുൾ റഹ്‌മാനെന്നയാൾ നിക്ഷേപിച്ച തുകയത്രയും തന്നെ തിരികെ അയാളുടെ എറണാകുളം axis ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ വർഷം ഒക്ടോബറോടെ തിരിച്ചെത്തിയെന്ന് ബാങ്ക് രേഖകൾ തെളിയിക്കുന്നു. 20 ലക്ഷം രൂപയോളം നികുതിയും അടിച്ചിട്ടുള്ളതാണ്. ഈ ഇടപാടിൽ തുടക്കം മുതലുള്ള കല്ലുകടികൾ തീർക്കണമെന്നും മാറിയ സാഹചര്യത്തിൽ പുതുതായി അബ്ദുൾറഹ്മാൻ തുടങ്ങിയ പ്രൊപ്രൈറ്റർ കമ്പനിയുടെ പേരിൽ പുതുക്കിയ ധാരണപത്രം തയ്യാറാക്കുവാനും അബ്ദുൾ റഹ്‌മാനോട് നേരിട്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ നേരിട്ടെത്താൻ ഇതുവരെ അബ്ദുൾ റഹ്‌മാന്‌ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ അബ്ദുൽ റഹ്മാൻ പിരിച്ചുവിട്ട ശ്രീകാന്ത് എന്നയാൾ മുൻപ് ഒപ്പിട്ട, യാതൊരു സാധുതയുമില്ലാത്ത ധാരണപത്രത്തിന്റെ പേരിൽ നിർമാതാവിനെ വിളിച് ഭീഷണിപ്പെടുത്താനും അയാൾക്ക് പണം കൈമാറാൻ ആവശ്യപ്പെടുകയുംചെയ്തു. തുടക്കത്തിൽ ആ ഭീഷണി ഞങ്ങൾ അവഗണിച്ചു. അതിനെ തുടർന്ന് വിവിധരീതിയിൽ പ്രകോപനപരവും നിന്ദ്യവുമായ ഭീഷണികൾ ശ്രീകാന്ത് തുടർന്നുപോന്നു. ഇടപാടിൽ പ്രശ്നങ്ങളുണ്ടെന്നും അതിനെ കുറിച്ച് സംസാരിക്കാനും പുതിയ ധാരണാപത്രം ഒപ്പുവെച്ചു കച്ചവടം അവസാനിപ്പിക്കാനും കൊച്ചിയിൽ നേരിട്ടെത്താൻ പല തവണ അബ്ദുൽ റഹമാനെ നേരിട്ടും അയാൾ അയച്ച ആളുകളേയും അറിയിക്കുകയുണ്ടായി. എന്നാൽ അയാൾ നേരിട്ടെത്തിയില്ല.

ഇതിനിടയിലാണ് ശ്രീകാന്ത്, ആദ്യം ഒപ്പിട്ട, സാധുതയില്ലാത്ത ധാരണാപത്രത്തിന്റെ ആദ്യ പേജ് മാത്രം വെളിപ്പെടുത്തി, തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ ആക്രമണം നടത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഈ ഭീഷണിയെ ശക്തമായി നേരിടും. ഇടപാടിൽ യാതൊരുവിധ പങ്കാളിത്തവുമില്ലാത്ത, പണം നിക്ഷേപിക്കാത്തയാൾ, തെറ്റിധാരണ പരത്തുകയും ഞങ്ങളുടെ കമ്പനിയേയും നിർമ്മാതാവിനേയും അപകീർത്തിപെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ശ്രീകാന്ത് എന്നയാൾക്കെതിരെയും ഭീഷണിക്കും അസത്യപ്രചാരണത്തിനും കൂട്ടുനിന്ന ചിലർക്കെതിരെയും ശക്തമായ നിയമ നടപടികൾക്കായി എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും ഡി ജി പിക്കും പരാതി നൽകും.

Aashiq Abu Santhosh Kuruvila
Managing director Chairman