Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ദിലീപിനൊപ്പം ?

dileep-sebastian-paul

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസവും ന്യായീകരിക്കപ്പെടണമെന്ന് മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍.  ദിലീപിനെ ജയിലിലിട്ടതുകൊണ്ട് കേസില്‍ എന്തുപുരോഗതിയാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കണം. താന്‍ ഇരയാക്കപ്പെട്ട നടിക്ക് എതിരാണെന്നത് പ്രചാരണമാണെന്നും അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. 

Interview with Dr Sebastian Paul in Nerechovve | Manorama News

പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത്. പൊലീസ് പറ‍ഞ്ഞതുമാത്രം അടിസ്ഥാനമാക്കി ദിലീപിനെപ്പൊലൊരാളോട് കേരളത്തിലെ പൊതുസമൂഹം ഈ മട്ടില്‍ പെരുമാറുന്നതില്‍ വിയോജിപ്പുണ്ട്. ആ വിയോജിപ്പാണ് രേഖപ്പെടുത്താന്‍ ശ്രമിച്ചത്. ഒരാള്‍ തടവറയില്‍ ആകുന്നതോടെ അയാളെ ഇരുട്ടിലേക്ക് തള്ളരുത്. പ്രതിക്കും അവകാശങ്ങളുണ്ട്, അയാള്‍ക്ക് വേണ്ടിയും ചോദ്യങ്ങളുയരണം. വിവാദമായ ലേഖനത്തിന്റെ താന്‍ സംഘടിതമായി ആക്രമിക്കപ്പെട്ടു. അതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്ന് സംശയമുണ്ട്. അക്കാര്യത്തില്‍ ഖേദമില്ലെന്നും എന്നാല്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം മനസ്സിലാക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറ‍ഞ്ഞു. 

സംസ്ഥാനത്ത് ദിലീപിനെതിരായ വികാരം സൃഷ്ടിക്കാന്‍ സംഘടിത ലോബിയിങ് നടന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇതില്‍ താന്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സഥാപനത്തില്‍ ഉണ്ടായിരുന്നവരും ഇതര മാധ്യമസ്ഥാപനങ്ങളിലുള്ളവരും പങ്കുചേര്‍ന്നതായി സംശയിക്കുന്നതായും സെബാസ്റ്റ്യന്‍ പോള്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. 

എന്റെ സ്ഥാപനത്തില്‍ ദിലീപിനെ നിശിതമായി വിമര്‍ശിച്ച് 65 ലേഖനങ്ങള്‍ വന്നു. ദിലീപിനായി ചോദ്യങ്ങളുയര്‍ത്തി പേരുവെച്ച് മുഖ്യപത്രാധിപരായ ലേഖനമെഴുതാന്‍ എനിക്ക് പത്രാധിപസമിതിയുടെ അനുമതി വേണമെന്ന് കരുതുന്നില്ല.  പത്രാധിപസമിതിയിലെ ആരും നേരിട്ടോ അല്ലാതെയോ തന്നെ വിയോജനം അറിയിച്ചിരുന്നില്ല. വിയോജിച്ച് ലേഖനമെഴുതിയാല്‍ അതും പ്രസിദ്ധീകരിക്കാമായിരുന്നു. ഫെയ്സ്ബുക്കിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും പോയി എന്നില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്.  സ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നു. എന്തുകൊണ്ട് അവര്‍ സ്ഥാപനം ഉപേക്ഷിച്ചുപോയി എന്നറിയില്ല- അദ്ദേഹം പറ‍ഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ താങ്കള്‍ വല്ലാതെ ആക്രമിക്കപ്പെട്ടു. പലരും അപ്പോള്‍ ചിന്തിച്ച ഒരു കാര്യമുണ്ട്. സെബാസ്റ്റ്യന്‍ പോളിന് ഇതെന്തുപറ്റി എന്ന്. ഞാന്‍ അത് ആവര്‍ത്തിക്കുന്നു. സെബാസ്റ്റ്യന്‍ പോളിന് ഇതെന്തുപറ്റി ?

എനിക്കൊന്നും പറ്റിയിട്ടില്ല. ഒരു ലേഖനം എഴുതി, അത് ഇത്രയ്ക്ക് അനുകൂലമായോ പ്രതികൂലമായോ പ്രത്യാഘാതം ഉണ്ടാക്കും എന്ന് ഞാന്‍ കരുതിയില്ല. അതിനര്‍ഥം ഞാന്‍ ഉന്നയിച്ച പല കാര്യങ്ങളും പ്രസക്തമാണ് എന്നതാണ്. ആ ലേഖനം എഴുതി പ്രസിദ്ധപ്പെടുത്തുന്നതിന് മുന്‍പ് തന്നെ എന്‍റെ സഹപ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുണ്ടായി. അതില്‍നിന്നുതന്നെ എനിക്ക് മനസ്സിലായി ഇത് നല്ല രീതിയിലുള്ള ആക്ഷേപങ്ങള്‍ക്ക് കാരണമാകും എന്ന്. എങ്കിലും അത് പറയണമെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. 

താങ്കളുടെ ഉദ്ദേശ്യം ദിലീപിനെ സഹായിക്കുക എന്നതായിരുന്നോ ?

ദിലീപിനെ സഹായിക്കുക എന്ന ഉദ്ദേശ്യം പ്രത്യക്ഷത്തില്‍ എനിക്കില്ലായിരുന്നു, ഇനി പരോക്ഷമായി അത് സഹായകമായോ എന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. സംവിധായകന്‍ വിനയന്‍റെയും ദീദീ ദാമോദരന്‍റെയും പ്രസ്താവനകള്‍ ആണ് എന്നെ കാര്യമായിട്ട് പ്രകോപിപ്പിച്ചത്. 'തന്‍റെ മകനായാല്‍പ്പോലും ജയിലില്‍ കാണാന്‍ പോകില്ല' എന്ന് വിനയന്‍ പറഞ്ഞതും 'ജയില്‍ എന്താ തീര്‍ഥയാത്രയ്ക്കുള്ളതാണോ' എന്ന ദീദീ ദാമോദരന്‍റെ പ്രസ്താവനയും കണ്ടപ്പോള്‍ എനിക്ക് തോന്നി ഇതുശരിയല്ല. ഒരാളെ അറസ്റ്റ് ചെയ്താല്‍ അയാളെ ഒറ്റപ്പെടുത്തി വിസ്മൃതിയില്‍ തള്ളേണ്ട കാര്യമില്ല, അത് ശരിയായ പോക്കല്ല, അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ലേഖനം എഴുതിയത്. 

ഈ കേസില്‍ എന്തിനാണ് താങ്കള്‍ പൊലീസിനെ വിമര്‍ശിക്കുന്നത് ?

കുറ്റം സംശയാതീതമായി തെളിയിക്കപ്പെടണം, സംശയത്തിന്‍റെ ആനുകൂല്യം പ്രതിക്ക് നല്‍കണം. തെളിവ് ഹാജരാക്കുന്നത് പൊലീസാണ്. പൊലീസിന്‍റെ തെളിവുകള്‍, കുറ്റപത്രം എന്നിവ പ്രാഥമിക ഘട്ടത്തിലെങ്കിലും കോടതി പൂര്‍ണമായി വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ നമ്മുടെ നിയമവ്യവസ്ഥ പറയുന്നത് പൊലീസിനെ വിശ്വസിക്കണം എന്നല്ല, വിശ്വസിക്കരുത് എന്നാണ്. ആ തത്വം ഈ കേസിലും ബാധകമാണ്. ദിലീപിനെ വിമര്‍ശിക്കുന്നവര്‍, ആക്രമിക്കുന്നവര്‍, ഒറ്റപ്പെടുത്തുന്നവര്‍ പൊലീസിന്‍റെ ഭാഗം മാത്രമെ കണ്ടുള്ളു. അങ്ങനെ കാണുന്നത് ശരിയല്ല എന്ന നിലപാടാണ് ആ ലേഖനത്തിലൂടെ വ്യക്തമാക്കിയത്. 

ആക്രമിക്കപ്പെട്ടത് ഒരു സ്ത്രീയും പ്രതിസ്ഥാനത്തുള്ളത് സമൂഹത്തില്‍ വളരെ സ്വാധീനശക്തിയുള്ള ഒരു നടനുമാണ്. അപ്പോള്‍ ഇരയുടെ പക്ഷത്ത് നില്‍ക്കണം എന്നത്, സാമാന്യ യുക്തിക്ക് തോന്നുന്ന കാര്യമല്ലേ ? 

ഇരയുടെ പക്ഷത്തല്ല നില്‍ക്കുന്നത് എന്ന് പറയുന്നത് ക്രൂരവും ഒപ്പം തെറ്റുമാണ്. ജാമ്യം കൊടുത്ത ജഡ്ജി, ദിലീപിന്‍റെ അഭിഭാഷകന്‍ ഇവരുടെയെല്ലാം മനസ്സില്‍ ഇരയോടുള്ള ഐക്യം ഉണ്ട്. ദിലീപിന്‍റെപേര് ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടില്ല. ഗൂഢാലോചന എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് തന്നെ മഞ്ജു വാരിയര്‍ ആണ്. ഗൂഢാലോചന എന്ന പുതിയ തത്വം വരുകയും അതിനൊടുവില്‍ ദിലീപ് അറസ്റ്റിലാവുകയും ചെയ്തു. ഈ കൃത്യം ദിലീപ് ചെയ്തതാണ് എന്ന് തെളിഞ്ഞാല്‍ ദിലീപ് കുറ്റക്കാരനാണ് വെറുക്കപ്പെടേണ്ടവനാണ് അതില്‍ എനിക്കും സംശയം ഒന്നുമില്ല, അതല്ലാതെ പൊലീസിന്‍റെ ഭാഷ്യം മാത്രം കൊണ്ട് ദിലീപിനെതിരെ തിരിയുന്നത് ശരിയല്ല. 

ഒരു കേസില്‍ കുറ്റാരോപിതനായ ആള്‍ നിരപരാധിയാണെന്ന് വാദിക്കുന്നതും, കുറ്റാരോപിതനെ കുറ്റക്കാരനെന്ന് മുദ്ര ചാര്‍ത്തുന്നതുപോലെ തന്നെ അപകടകരമായ ഒന്നല്ലേ ? 

അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല, ഒരാള്‍ കുറ്റാരോപിതനാവുന്നു എന്ന് പറഞ്ഞാല്‍ അയാളില്‍ പൊലീസ് കുറ്റം ആരോപിക്കുന്നു എന്നാണര്‍ഥം. പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ട് തന്നെയാണല്ലോ അവസാനം വിധി വരുന്നത്. എത്രയോ കേസുകളില്‍ പ്രതിയെ കോടതി വെറുതെവിടുന്നു, അപ്പോഴൊക്കെ കോടതി പറയുന്നത് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നു എന്നാണ്. നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും എപ്പോഴും ശരിയാകണമെന്നില്ല, അതിനപ്പുറത്തും ചില സത്യങ്ങള്‍ ഉണ്ടാകും, ആ സത്യങ്ങളെക്കുറിച്ച് ചില ആളുകള്‍ക്കെങ്കിലും ഉത്കണ്ഠ ഉണ്ടാകണം. 

ആക്ടിവിസ്റ്റുകള്‍ ഉള്ളതുകൊണ്ടും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതും കൊണ്ടുമാണ് പല കാര്യങ്ങളും പുറത്തുവരുന്നത്, അല്ലെങ്കില്‍  പല കാര്യങ്ങളും നടക്കാതിരിക്കുന്നതും അതിനെ താങ്കള്‍ കാണണ്ടേ ? 

മാധ്യമങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ഏറ്റവും ഗുരുതരമായ ആക്ഷേപം 'മാധ്യമ വിചാരണയാണ്'. മാധ്യമ വിചാരണ അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല എന്ന് ഏറ്റവും കൂടുതല്‍  വാദിക്കുന്ന ഒരാളാണ് ഞാന്‍. കാരണം നിയന്ത്രണ അധികാരങ്ങള്‍ കോടതിക്കുണ്ടെങ്കില്‍ത്തന്നെയും ഇത്തരം വിചാരണ മാധ്യമങ്ങള്‍ നടത്തണം. അങ്ങനെ നടക്കുന്നില്ലെങ്കില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടാകും. 

സ്ത്രീ പക്ഷത്ത് നില്‍ക്കാന്‍ ബാധ്യതയുള്ള താങ്കളെപ്പോലെയുള്ള ഒരാള്‍ ഇങ്ങനെ സംശയകരമായ നിലപാട് എടുക്കുന്നത് ശരിയാണോ ?

ഞാന്‍ സ്ത്രീപക്ഷത്ത് നില്‍ക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല, ഞാന്‍ സ്ത്രീപക്ഷ ആക്ടിവിസ്റ്റായി അറിയപ്പെടുന്നില്ല എന്നേയുള്ളു. സ്ത്രീകളോടുള്ള എന്‍റെ സമീപനത്തില്‍ എന്തെങ്കിലും തരത്തിലുള്ള പോരായ്മയുള്ളതായി ഇന്നുവരെ ഒരാക്ഷേപം എനിക്ക് തോന്നിയിട്ടില്ല. അവിവേകമായ ഒരു പെരുമാറ്റം എന്‍റെ ഭാഗത്തുനിന്ന് വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ട് അതിലൊന്നും എന്നെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇവിടെ എന്‍റെ മുന്നിലുള്ള വിഷയം സ്ത്രീയല്ല, ഒരു തടവുകാരന്‍ ആണ്. ആ തടവുകാരനോട് കേരളത്തിലെ സമൂഹം കാണിക്കുന്ന സമീപനം തെറ്റാണ് എന്നാണ് ഞന്‍ പറഞ്ഞത്. 

താങ്കള്‍ 'ഇരയ്ക്കൊപ്പമല്ല' 'പ്രതിക്കൊപ്പമാണ്' അങ്ങനെ കാണുന്നതില്‍ താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ?

തീര്‍ച്ചയായും പ്രശ്നം ഉണ്ട്. പ്രതിക്കൊപ്പമാണ് എന്ന് പറയുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല, എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല, അങ്ങനെയൊരു ആരോപണം ഞാന്‍ സ്വീകരിക്കുന്നില്ല, അതേസമയം പ്രതിക്കൊപ്പം എന്ന് പറഞ്ഞാല്‍ ഞാന്‍ സ്വീകരിക്കുകയും ചെയ്യും. ആക്രമിക്കപ്പെട്ട യുവതി ദിലീപിന്‍റെപേര് പറഞ്ഞിരുന്നെങ്കില്‍ എന്‍റെ നിലപാട് ഇതൊന്നുമാകുമായിരുന്നില്ല, എന്നാല്‍ ദിവസങ്ങള്‍ക്കുശേഷമാണ് ഗൂഢാലോചന പൊങ്ങി വന്നത്. മുഖ്യമന്ത്രിപ്പോലും ആദ്യം പറഞ്ഞത് ഗൂഢാലോചന ഇല്ല എന്നാണ്. സാഹചര്യത്തെളിവുകളില്‍ ചില വിടവുകള്‍ എനിക്ക് കാണാന്‍ പറ്റി, അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യ‌ത്തില്‍ സംശയം ഉടലെടുത്തത്. അതുകൊണ്ടാണ് ആ ലേഖനത്തിലൂടെ ഞാന്‍ പറഞ്ഞത് സമര്‍ഥനായ ഒരു ക്രിമിനല്‍ അഭിഭാഷകന് പൊളിച്ചടുക്കാവുന്ന കാര്യങ്ങളെ ഈ കേസില്‍ ഉള്ളൂ എന്നാണ്. ഇതിനുശേഷം ഹൈക്കോടതിയിലെ ഒരു ജഡ്ജിപോലും പറയുകയുണ്ടായില്ലേ, ആരോ തയാറാക്കുന്ന തിരക്കഥയനുസരിച്ചാണോ പൊലീസ് മുന്നോട്ട് പോകുന്നത് എന്ന്. കേസ് ‍‍ഡയറി കാണുന്ന ജഡ്ജിക്ക് അത്തരം സംശയം ഉടലെടുത്തെങ്കില്‍ എന്‍റെ സന്ദേഹങ്ങള്‍ സാധൂകരിക്കപ്പെട്ടു. അന്വേഷണം കൃത്യമായി നടക്കണം എന്നാവശ്യപ്പെട്ടാല്‍ അത് ദിലീപിനെ സഹായിക്കല്‍ അല്ല. 

അഭിഭാഷകന്‍ എന്ന നിലയില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ കേസ് എങ്ങോട്ട് പോകും ? 

കേസിന്‍റെ പോക്ക് ഇപ്പോഴും അത്ര ആശാസ്യമായ രീതിയില്‍ അല്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്. ദിലീപിനെ ജയിലില്‍ ഇട്ട ഓരോ ദിവസവും ന്യായീകരിക്കപ്പെടണം, അത് എന്‍റെയൊരു ബോധ്യമാണ്. എന്തിന് അയാളെ ജയിലില്‍ പാര്‍പ്പിച്ചു, പാര്‍പ്പിച്ചിട്ട് എന്ത് നേട്ടമുണ്ടായി, ഈ കേസില്‍ എന്ത് പുരോഗതിയുണ്ടായി ഇതൊക്കെ നമ്മള്‍ അറിയേണ്ടതല്ലേ, അറിയണം എങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കണം. അതുകൊണ്ടുതന്നെയാണ് ആ ലേഖനത്തിന്‍റെ തലക്കെട്ട് 'ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ചോദിക്കണം' എന്ന് എഴുതിയത്. 

ഈ നിലപാടിനുശേഷം താങ്കള്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ് ചെയ്തത്. സഹപ്രവര്‍ത്തകര്‍, ശിഷ്യന്‍മാര്‍, മകന്‍പോലും താങ്കളെ തള്ളിപ്പറഞ്ഞില്ലേ, എന്നിട്ടും താങ്കള്‍ക്ക് തെറ്റ് പറ്റിയതായി തോന്നുന്നില്ലേ?

തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല, ശരിയുടെ  പക്ഷത്തുനിന്നു എന്നു തന്നെയാണ് ഇപ്പോഴും എന്‍റെ ബോധ്യം. ഞാന്‍ സമ്പൂര്‍ണമായി ഒറ്റപ്പെടുത്തപ്പെട്ടു എന്ന് കരുതുന്നവര്‍ ഏറെയുണ്ടാകാം, എന്നാല്‍ അത് ശരിയല്ല, കേരളത്തിലെ പൊതുസമൂഹം മാത്രമല്ല, നമ്മള്‍ ആദരിക്കുന്ന കുറെയധികം ആളുകള്‍ എന്നെ വിളിച്ച് എന്‍റെ നിലപാടിലുള്ള അഭിനന്ദനം എന്നെ അറിയിക്കുകയുണ്ടായി. 

താങ്കള്‍ പത്രാധിപരായിരിക്കുന്ന മാധ്യമത്തില്‍ ഈ ലേഖനം പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിച്ചപ്പോള്‍ പത്രാധിപസമിതി ഒന്നടംങ്കം എതിര്‍ത്തിട്ടും താങ്കളുടെ ഏകാധിപത്യം നടപ്പാക്കി, മാധ്യമ ധര്‍മത്തെപ്പറ്റി പറയുന്ന താങ്കള്‍ക്ക് ചേര്‍ന്നതാണോ അത് ?‌

പത്രാധിപരുടെ ഏകാധിപത്യം എന്ന് പറയുന്നതിനോടൊന്നും ഞാന്‍ യോജിക്കുന്നില്ല, പത്രാധിപര്‍ക്ക് സ്വന്തം പേര് വച്ച് സ്വന്തം സ്ഥാപനത്തില്‍ എഴുതണമെങ്കില്‍ മറ്റാരുടെയും അനുവാദം വേണ്ട. 64/65 വാര്‍ത്തകള്‍ ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വന്നിട്ടുണ്ട്. അതില്‍ ഒരെണ്ണം പോലും ഞാന്‍ എതിര്‍ത്തിട്ടില്ല, ഞാന്‍ എഴുതിയ ലേഖനത്തോട് വിയോജിപ്പ് അവര്‍ക്കുണ്ടായിരുന്നെങ്കില്‍ അത് എഴുതിയിരുന്നെങ്കില്‍ അത് പ്രസിദ്ധപ്പെടുത്തുന്നതിനും എനിക്ക് പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ചെയ്തത് പുറത്തുപോയി മറ്റ് മാധ്യമങ്ങളിലൂടെ എനിക്കെതിരെ അവിശ്വാസം പ്രകടിപ്പിക്കുകയും ആരോപണം ഉന്നയിക്കുകയുമാണ്. പത്രാധിപര്‍ രാജിവയ്ക്കണം എന്നൊക്കെ ആവശ്യപ്പെട്ടിട്ടും ഞാന്‍ ഒന്നും ചെയ്തില്ല. അവര്‍ അവരുടെ മനഃസാക്ഷിക്ക് നിരക്കുന്ന രീതിയില്‍ പിരിഞ്ഞുപോയി. മറ്റൊരു സ്ഥാപനത്തിലും കൊടുക്കാത്ത അത്ര പ്രവര്‍ത്തനസ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എന്തുകൊണ്ട് സ്ഥാപനത്തെ ഉപേക്ഷിച്ചുപോയി എന്നുള്ളത് എനിക്കറിഞ്ഞുകൂടാ. 

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ‌തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ അഭിഭാഷകനായിരുന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു െസബാസ്റ്റ്യന്‍ പോള്‍. ഇപ്പോള്‍ മാധ്യമങ്ങള്‍ താങ്കളെ വിമര്‍ശിക്കുമ്പോള്‍ വീണ്ടുവിചാരം ഉണ്ടോ ?, ഇത്ര നന്ദികെട്ട വര്‍ഗമാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന് തോന്നുന്നുണ്ടോ ? 

പത്രക്കാര്‍, പൊലീസുകാര്‍, പുരോഹിതന്‍മാര്‍ അവരെ ആശ്രയിക്കരുത്, വിശ്വസിക്കാന്‍ കൊള്ളില്ല അങ്ങനെ കേട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ യുക്തിക്ക് നിരക്കുന്ന കാര്യത്തിനൊപ്പം നില്‍ക്കാം. ദിലീപിന്‍റെ കാര്യത്തില്‍ എല്ലാ മാധ്യമങ്ങളും ദിലീപിനെതിരാണ്, അത് പറയുന്നതിനോട് എനിക്ക് മടിയൊന്നുമില്ല, ദിലീപിനെതിരെ നില്‍ക്കുന്ന മാധ്യമങ്ങള്‍ ദിലീപിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്കും എതിരായിരിക്കും. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ എനിക്കെതിരായത്. 

റിയല്‍ എസ്റ്റേറ്റ് ഇടപാടിനെത്തുടര്‍ന്നുണ്ടായ കൊലപാതകത്തിന്‍റെ അന്വേഷണം താങ്കളുടെ സുഹൃത്തായ അഡ്വ. ഉദയഭാനുവിലേക്കും നീളുകയാണ്. ഈ കേസിനെപ്പറ്റി താങ്കളുടെ അറിവും ബോധ്യവും എന്താണ് ? 

ഈ കേസില്‍ ഒരു ബോധ്യം രൂപപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ഒരു അന്വേഷണം എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല‌. ഒരു കൊലപാതകം നടന്നു, കേട്ട വിവരങ്ങള്‍വച്ച് നോക്കുമ്പോള്‍ ഉദയഭാനുവിനെ പ്രതിയാക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞുവരുന്നുണ്ട്. അതിന് എനിക്ക് ആക്ഷേപം ഒന്നുമില്ല. സി.പി.ഉദയഭാനു അന്ന് മാധ്യമങ്ങള്‍ക്കൊപ്പം മാത്രമല്ല, എനിക്കൊപ്പവും നിന്നയാളാണ്. അതുകൊണ്ട് മാത്രം എനിക്ക് എല്ലാവരെയും ന്യായീകരിക്കാന്‍ കഴിയില്ല. പറയണ്ട ഒരു സാഹചര്യം വന്നാല്‍ ഉദയഭാനുവിനുവേണ്ടിയും ഒരു നല്ല വാക്ക് ഞാന്‍ പറഞ്ഞെന്നിരിക്കും.  

ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഒരു അനുഭവം ഈ സമയത്തുണ്ടായെങ്കില്‍ അത് എന്താണ് ?

എനിക്ക് പൊതുവെ ഇത്തരം കാര്യങ്ങളില്‍ വേദനകള്‍ ഒന്നും ഉണ്ടാകുന്ന ഒരാളല്ല, എല്ലാ പരാമര്‍ശങ്ങളും ഞാന്‍ ഇപ്പോഴും വായിച്ചിട്ടുമില്ല, പക്ഷേ ചില കാര്യങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് തോന്നിപ്പോകും. മാധ്യമപ്രവര്‍ത്തകയായ എന്‍റെ വിദ്യാര്‍ഥി കൂടിയായ ഷാഹിന എഴുതിയത് ആ ഗുരുസ്ഥാനം ഞാന്‍ നിഷേധിക്കുന്നു, ഇനിമേല്‍ ഞാന്‍ സര്‍, എന്ന്് വിളിക്കില്ല, ആദരാഞ്ജലികള്‍, ഇതൊക്കെ കേള്‍ക്കുമ്പോള്‍ വേദനയാണോ എന്ന് ചോദിച്ചാല്‍ വേദനയല്ല അങ്ങനെയൊക്കെ പറയുന്നല്ലോ എന്ന തോന്നല്‍ ഉണ്ടാകുന്നു.