Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരില്‍ കത്തി വച്ചു, സെക്‌സി ദുര്‍ഗ ഇനി എസ് ദുര്‍ഗ

sanal-sexy-durga

രാജ്യാന്തരതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ സനല്‍കുമാര്‍ ശശിധരന്‍റെ ഏറ്റവും പുതിയ ചിത്രം സെക്സി ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്‍റെ കത്തി. സിനിമയുടെ പേരിലുള്ള സെക്സ് എന്ന വാക്ക് ഒഴിവാക്കാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. തുടർന്ന് ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയായിരുന്നു. 

ചിത്രത്തിന്‍റെ ടൈറ്റില്‍ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ‌

പേര് മാറ്റിയതോടെ യു-എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പേര് മാറ്റം മാത്രമല്ല 21 ഇടങ്ങളില്‍ ബീപ്പ് ശബ്ദം നല്‍കി നിശബ്ദമാക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ ചിത്രത്തിലെ ഒരു രംഗം പോലും സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ അറിയിച്ചു

‘എസ് എന്ന അക്ഷരം എന്തിന്റെ ചുരുക്കെഴുത്ത് ആണെന്നത് പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കാം. സെക്‌സി ദുര്‍ഗ എന്ന പേര് പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ് പോയതാണ്. ഇതൊരു രാജ്യാന്തര ചിത്രമാണ്. ഇന്ത്യയില്‍ തിയറ്റര്‍ റിലീസിനുള്ള പേരാണ് എസ് ദുര്‍ഗ എന്നാക്കി മാറ്റിയത്. ചിത്രം കെട്ടിപ്പടുത്ത സ്വത്വം ഇല്ലാതാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാധിക്കില്ല. ഭാവനയ്ക്ക് കത്തിവയ്ക്കാന്‍ അവര്‍ക്കാകില്ല. ’സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. തിയറ്റര്‍ റിലീസിന് മാത്രമായിരിക്കും സെന്‍സറിംഗ് ബാധകമാകുക. ഓണ്‍ലൈനില്‍ യാതൊരു സെന്‍സറിംഗും ഇല്ലാതെയാകും ചിത്രമെത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.