Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ പുറത്താക്കിയത് ഒരാളുടെ തീരുമാനമല്ല; രമ്യ നമ്പീശൻ

remya-dileep

മലയാളനായികമാരിൽ സ്ത്രീപക്ഷത്തുനിന്ന് ചങ്കൂറ്റത്തോടെ നിന്ന് സംസാരിക്കുന്ന നടിയാണ് രമ്യ നമ്പീശൻ. വനിതാസംഘടനയായ ഡബ്ലുസിസിയുടെ കോർമെംബറും കൊച്ചിയിൽ അക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്തുമാണ് രമ്യ. കൂടാതെ ‘അമ്മ’ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവുമാണ് രമ്യ.

ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് രമ്യ നമ്പീശൻ പറയുന്നു. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രമ്യയുടെ മറുപടി. ‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാൾ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാൻ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളിൽ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ അത് പുറത്തറിയിച്ചത്.’–രമ്യ പറഞ്ഞു.

‘ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണം.–രമ്യ പറഞ്ഞു.

‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന വാർത്ത തെറ്റാണെന്നും രമ്യ അറിയിച്ചു. ‘വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. അമ്മയിൽ സ്ത്രീപങ്കാളിത്തം നല്ല രീതിയിൽ വരണമെന്നതാണ് ഇതിന്റെ ലക്ഷ്യം. അവർ ഇത് ചർച്ച ചെയ്യുമെന്ന് എന്നോട് അറിയിച്ചിട്ടുണ്ട്.’ –രമ്യ പറഞ്ഞു.

‘വനിതാസംഘടനയുടെ ഭാഗമായതിനാൽ മലയാളസിനിമയിൽ അരിക്ചേർക്കപ്പെട്ട് പോയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. മലയാളസിനിമാമേഖലയില്‍ നിന്ന് ആരുടെ ഭാഗത്തുനിന്നും നേരിട്ടൊരു ഭീഷണി സ്വരം ഉണ്ടായിട്ടില്ല.–രമ്യ പറഞ്ഞു.

‘വുമൻ ഇൻ കലക്ടീവ് എന്ന ആശയം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ ഒരു സുഹൃത്തിന് തന്നെ ഇങ്ങനെയൊരു ക്രൂരമായ അനുഭവം ഉണ്ടായപ്പോൾ അതിന്റെ രൂപീകരണത്തിനുള്ള നീക്കങ്ങൾ വേഗപ്പെടുത്തി. സിനിമയിലെ സ്ത്രീകൾക്ക് പേടികൂടാതെ പ്രവർത്തിക്കാനാകുക എന്നതാണ് ഞങ്ങളുടെ ദൗത്യം.  ഇത് ഞങ്ങളുടെ ഇടമല്ല, സുരക്ഷിതത്വമല്ല എന്ന തോന്നൽ തുടച്ചുനീക്കി, സ്ത്രീകൾക്ക് സിനിമാമേഖലയിൽ ജോലി സുരക്ഷ ഉറപ്പുവരുത്തകയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’–രമ്യ പറഞ്ഞു.