Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവനടി ആക്രമിക്കപ്പെട്ടിട്ട് 8 മാസം; ദിലീപിനെതിരെ കുറ്റപത്രം തയാർ

dileep-bail-article

യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം തയാറായി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ  വകുപ്പുകൾ  ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കി.

യുവനടി ഉപദ്രവിക്കപ്പെട്ട് എട്ടു മാസം തികയുന്ന ഇന്നു കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് തീരുമാനിച്ചതെങ്കിലും മജിസ്ട്രേട്ട് അവധിയായതിനാൽ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളി‍ൽ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇരുപതിലേറെ നിർണായക തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, കോടതി മുൻപാകെ നൽകിയ രഹസ്യ മൊഴികൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സൈബർ തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ, സാഹചര്യ തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമർപ്പിക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളകളിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചിരുന്ന വിവരങ്ങളാണിത്.

കേസിന്റെ പ്രാധാന്യവും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും സർക്കാരിനു മുൻപാകെ ഡിജിപി സമർപ്പിക്കും നിർണായക തൊണ്ടി മുതലായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടരും. ഈ മൊബൈൽ ഫോണിലാണു നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികൾ പകർത്തി സൂക്ഷിച്ചതെന്നാണു പൊലീസ് നിഗമനം.