Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ മെഡിക്കൽ റിപ്പോർട്ട് വ്യാജമല്ല; വെളിപ്പെടുത്തലുമായി ഡോക്ടർ

Dileep

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ആക്രമണം നടന്ന ദിവസങ്ങളില്‍ ചികിത്സ തേടിയെന്ന് വ്യാജരേഖയുണ്ടാക്കിയെന്ന  റിപ്പോര്‍ട്ടിനെ തള്ളി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍. ദിലീപിനു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് ഡോക്ടര്‍ ഹൈദര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. 

ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സ തേടിയിരുന്നു. അഡ്മിറ്റ് ചെയ്തുവെങ്കിലും വൈകുന്നേരം ദിലീപ് വീട്ടില്‍ പോകുമായിരുന്നു. വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ.ഹൈദര്‍ അലി വ്യക്തമാക്കി.

ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് ദിലീപ് ചികിത്സ തേടിയാണ്. മുന്‍പും അസുഖവുമായി അഡ്മിറ്റ് ചെയ്യുമ്പോള്‍ വൈകുന്നേരം വീട്ടില്‍ പോകുന്ന പതിവ് ദിലീപിന് ഉണ്ടായിരുന്നുവെന്നും ഡോ.ഹൈദര്‍ അലി ചൂണ്ടിക്കാട്ടി. 

നേരത്തെ നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്നു വരുത്തി തീർക്കാൻ വ്യാജരേഖയുണ്ടാക്കാൻ ദിലീപ് ശ്രമിച്ചിരുന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് താൻ ചികിൽസയിൽ ആയിരുന്നുവെന്നാണ് ദിലീപിന്റെ മൊഴി. ഇതു തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഹാജരാക്കി. എന്നാൽ ഇവ വ്യാജമാണെന്നും സംഭവസമയത്ത് ദിലീപ് സിനിമാ ലൊക്കേഷനുകളിൽ എത്തിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ടാണ് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ തന്നെ രംഗത്തെത്തിയത്.