Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരവൻ സ്വപ്നത്തിൽ പോലുമില്ല: അപ്പാനി ശരത്

sarath-appani-ravi

അങ്കമാലി ഡയറീസ് എന്ന സിനിമയിലെ  'അപ്പാനി രവി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശരത്. ഇതിനുശേഷം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന പാട്ടും നൃത്തവും ശരത്തിനെ പ്രശസ്തിയിലെത്തിച്ചു. എന്നാൽ, അടുത്തിടെ ശരത്ത് പുതിയ സിനിമയുടെ സെറ്റിൽ കാരവൻ ചോദിച്ചു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. നടന്റെ സ്വഭാവം ആകെ മാറിയെന്നും ആദ്യ ചിത്രങ്ങളുടെ വിജയം ശരത്തിനെ അഹങ്കാരിയാക്കിയെന്നുമൊക്കെയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെക്കുറിച്ച് ശരത് മനോരമ ന്യൂസ് ഡോട്ട് കോമിനോടു പ്രതികരിക്കുന്നു. 

ഞാൻ ചെയ്യുന്നത് സിനിമയാണ്, കലയാണ്. ഇത്തരം ആരോപണങ്ങൾക്ക് സിനിമ മറുപടി കൊടുക്കും. എന്റെ അച്ഛൻ കൂലിപ്പണിക്കാരനാണ്. എനിക്ക് 27 വയസേ ഉള്ളൂ. ആളുകളോട് ശരിക്കും സംസാരിക്കാൻ പോലും അറിയില്ല. 120 തെരുവു നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന റോഡിൽ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വെയിലൊന്നും എന്നെ ബാധിക്കില്ല. കാരവനൊന്നും സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല. എന്നെ അറിയാവുന്നവർക്കൊക്കെ ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത്. പറയുന്നവർ തെളിവു സഹിതം പറയട്ടെ. ഏത് സിനിമയുടെ ലൊക്കേഷനാണെന്നും പറയട്ടെ, ഞാൻ സിനിമാ ജീവിതം അവസാനിപ്പിക്കാം.

അഞ്ച് സിനിമകളിൽ ഇതുവരെ അഭിനയിച്ചു. ആദ്യസിനിമ റോഡിലും ഇറച്ചിക്കിടയിലും കിടന്നാണ് അഭിനയിച്ചത്. അതിൽ കാരവൻ പോലും ഇല്ലായിരുന്നു. അത് ഹിറ്റായപ്പോഴാണ് വെളിപാടിന്റെ പുസ്കതത്തിൽ വിളിച്ചത്. അതിൽ രണ്ട് കാരവൻ ഉണ്ടായിരുന്നു. ഞാനൊന്നും ആഭാഗത്തേക്ക് പോകാറേ ഇല്ല. അരുണും ഞാനും കമ്പനിയടിച്ച് വല്ലിടത്തും പോയിരിക്കും. വെളിപാടിന്റെ പുസ്തകവും പോക്കിരി സൈമണും തമ്മിൽ ഡേറ്റ് ക്ലാഷ് വന്നിരുന്നു. അതുകൊണ്ട് രാവിലെ വെളിപാടിന്റെ പുസ്തകവും രാത്രി പോക്കിരിസൈമണും അഭിനയിച്ച് തീർക്കുകയായിരുന്നു. രണ്ടാഴ്ച ഉറങ്ങിയിട്ടില്ല. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമ ഒരു തുരുത്തിലാണ് ഷൂട്ട് ചെയ്തത്. ആ ലൊക്കേഷനിൽ ഒരു ബൈക്ക് തന്നെ കയറാനുള്ള വഴി കഷ്ടിയായിരുന്നു. അമല എന്ന സിനിമ കുടുംബം പോലായിരുന്നു. അവസാനം സ്വന്തം കയ്യിലെ കാശിട്ടാണ് പടമിറക്കിയത്.

എന്റെ കൂട്ടുകാരൊക്കെ ഇൗ വാർത്തകണ്ട് വിളിച്ചു. എന്താടാ പ്രതികരിക്കാത്തത് എന്ന് ചോദിച്ചു. എന്റെ പടവും വച്ച് എനിക്കെതിരെ വാർത്ത കൊടുത്തിട്ട് അവർക്ക് എന്ത് ലാഭം കിട്ടാനാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വാർത്തകളൊന്നും തളർത്തില്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത്. നീ വല്ല്യ ആളായിപ്പോയല്ലോ എന്ന് തമാശയ്ക്ക് ചോദിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുമായോ ഫേസ്ബുക്ക് പോസ്റ്റിടുന്നവരുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. അവരെ അറിയുകയുമില്ല.

നുറോളം ഒാഡിഷനിൽ പങ്കെടുത്തിട്ടുണ്ട്. ഹോർലിക്സും ബൂസ്റ്റുമൊക്കെ കഴിച്ച് വളര്‍ന്ന നല്ല ബോഡിയുള്ള നടനൊന്നുമല്ല ഞാൻ. നാടകത്തിൽ അഭിനയിക്കുമ്പോൾ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്. വല്ല പണിക്കും പോയ്ക്കൂടെ എന്ന് ചോദിച്ചിരുന്നു. അവർക്കെല്ലാമുള്ള മറുപടിയായിരുന്നു സിനിമാ പ്രവേശനം. ലിജോ ചേട്ടനും (ലിജോപെല്ലിശേരി) ചെമ്പൻ ചേട്ടനുമൊക്കെയാണ് സിനിമയിലേക്കുള്ള അവസരം തന്നത്. അവർ എന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസിലേക്ക് വിളിച്ചത്. എന്റെ ജീവിത ലക്ഷ്യമായിരുന്നു സിനിമ. ഇപ്പോ അത് നേടി.

എന്റെ ജീവിത രീതിയിൽ വന്ന ഒരേ ഒരു മാറ്റം ഞാൻ ഒരു കാർ വാങ്ങി എന്നതാണ്. നേരത്തെ ബസിൽ സഞ്ചരിച്ചിരുന്ന ഞാൻ ഇപ്പോൾ കാറിലാണ് യാത്ര ചെയ്യുന്നത്. മാസം 17,000 രൂപ കാറിന് ലോണും അടയ്ക്കുന്നുണ്ട്. ഇത്തരം വാർത്തകളൊന്നും എന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തേയും ഒട്ടും ബാധിച്ചിട്ടില്ല. ഇനി ബാധിക്കുകയുമില്ല. 

സണ്ടക്കോഴി 2 വിൽ വിശാലിനൊപ്പം  അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ. അതിനായി കളരിയൊക്കെ പഠിക്കണം, അതിനുള്ള പരിശീലനത്തിലാണ്. ആദ്യത്തെ തമിഴ് സിനിമയാണ്. ഇൗ മാസം 27 ന് ചിത്രീകരണം തുടങ്ങും. ശരത് മനോരമ ന്യൂസ് ഡോട്ട് കോമിനോടു  പറഞ്ഞു.