Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന്റെ എൻട്രി കണ്ടപ്പോൾ നിയന്ത്രണം വിട്ടു; ‘വില്ലൻ’ പകർത്തി കുടുങ്ങിയ ജോബിഷ് പറയുന്നു

jobish-villain-movie ജോബിഷ്

കണ്ണൂർ∙ മോഹൻലാൽ പടം മൊബൈൽ ഫോണിൽ പകർത്തിയ കുറ്റത്തിന് അഞ്ചാറു മണിക്കൂർ പൊലീസ് സ്റ്റേഷനിലിരിക്കേണ്ടി വന്നെങ്കിലെന്താ, മോഹൻലാലിന്റെ പേരിൽ താനും ചെറിയൊരു താരമായതിന്റെ സന്തോഷത്തിലാണു മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ  ചെമ്പന്തൊട്ടിയെന്ന കർഷക ഗ്രാമത്തിലെ ജോബിഷ് തകിടിയേൽ (33). ഇഷ്ടതാരത്തിന്റെ കാരുണ്യത്താൽ കേസിൽ നിന്ന് ഒഴിവായിക്കിട്ടിയതു മാത്രമല്ല, സന്തോഷത്തിന്റെ കാരണം. തന്റെ ആരാധനയെക്കുറിച്ചു ലാലേട്ടൻ അറിഞ്ഞല്ലോ, തന്നെക്കുറിച്ചു ലാലേട്ടൻ ആരോടൊക്കെയോ സംസാരിച്ചല്ലോ എന്നൊക്കെ ആലോചിക്കുമ്പോൾ, താരത്തിനു നേരിട്ടു കൈകൊടുത്ത പോലുള്ളൊരു ത്രില്ല്. 

മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലിൽ പകർത്തിയതിനാണു ജോബിഷിനെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണ്ണൂർ  സവിതാ തിയറ്ററിൽ നിന്നു ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ലാലേട്ടൻ ക്ഷമിച്ചതായി’ തിരുവനന്തപുരത്തു നിന്ന് ഉച്ച തിരിഞ്ഞ് അറിയിപ്പു കിട്ടിയതോടെ പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. 

ആ ദിവസത്തെക്കുറിച്ചു ജോബിഷ് പറയുന്നു: ‘ലാലേട്ടന്റെ  എല്ലാ പടവും റിലീസ് ദിവസം ആദ്യത്തെ ഷോ തന്നെ കാണും. കഴിഞ്ഞ​ 18 കൊല്ലമായുള്ള ശീലമാണ്. 2000 ജനുവരി 26നു ‘നരസിംഹം’ കണ്ട ശേഷം ഇതുവരെ ലാലേട്ടന്റെ ഒരു പടവും ആദ്യത്തെ ഷോ കാണാതിരുന്നിട്ടില്ല. അക്കാലത്തു കണ്ണൂർ ടൗണിൽ മാത്രമേ റിലീസ് ഉണ്ടാവൂ. അങ്ങനെയാണു കണ്ണൂരിലേക്കു വരാൻ തുടങ്ങിയത്. ഇപ്പോൾ തളിപ്പറമ്പിലും പടങ്ങൾ റിലീസ് ചെയ്യാറുണ്ട്. എന്നാലും കണ്ണൂരിൽ വന്നു പടം കാണാനാണ് ഇഷ്ടം. അടുത്ത കാലത്തായി രാവിലെ ഏഴു മണിക്കോ എട്ടോ മണിക്കോ ഒക്കെ ആദ്യ ഷോ തുടങ്ങും. തലേ ദിവസം തന്നെ ഫാൻസ് അസോസിയേഷൻകാരുമായി ബന്ധപ്പെട്ടു സമയം അറിഞ്ഞു വയ്ക്കും. പുലർച്ചെ വീട്ടിൽ നിന്നിറങ്ങും. മാരുതി സർവീസ് സെന്ററിലാണു ജോലി. ലാലേട്ടന്റെ പടം  ഇറങ്ങുന്ന ദിവസം ജോലിക്കു പോവില്ല. എനിക്കു ലാലേട്ടനോടുള്ള ആരാധനയെപ്പറ്റി വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം അറിയാം. മോഹൻലാ‍ൽ ഫാൻസ് അസോസിയേഷൻകാർക്കും അറിയാം. 

‍‘വില്ലൻ്’ ഇറങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കുള്ള ഷോ കാണാൻ ചെമ്പന്തൊട്ടിയിലെ വീട്ടിൽ നിന്നു പുലർച്ചെ‍  ആറിന് ഇറങ്ങി. ഫാൻസ് അസോസിയേഷൻകാരിൽ നിന്നാണു ടിക്കറ്റ് കിട്ടിയത്. പടം തുടങ്ങിയപ്പോൾ തിയറ്ററിൽ വലിയ ആർപ്പു വിളിയും ബഹളവുമായിരുന്നു. സ്ക്രീനിൽ ലാലേട്ടന്റെ എൻട്രി വന്നപ്പോൾ ആവേശം നിയന്ത്രിക്കാനായില്ല. ആളുകൾ പൂക്കൾ വാരി വിതറുന്നതും മറ്റും  ആവേശത്തോടെ മൊബൈലിൽ പകർത്തിയതാണ്. പടം പകർത്തുകയാണെന്ന് ആർക്കോ സംശയം തോന്നി. അങ്ങനെയാണു പൊലീസൊക്കെ വന്നത്. മോഹൻലാലിനോടുള്ള ആരാധന കൊണ്ടു ചെയ്തതാണെന്നു പൊലീസുകാർക്ക് ആദ്യമേ മനസ്സിലായി. അവർ മാന്യമായാണു പെരുമാറിയത്. എന്റെ ഫോൺ പരിശോധിച്ചപ്പോഴും അവർക്കു കാര്യം മനസ്സിലായിരുന്നു‌. എങ്കിലും  വിതരണക്കാരിൽ നിന്നു പരാതി കിട്ടിയിട്ടുള്ളതിനാൽ പരാതി പിൻവലിക്കാതെ എന്നെ വിടാൻ പറ്റില്ലല്ലോ. പൊലീസുകാർ സംവിധായകനെ ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ടായിരു‍ന്നു. സംവിധായകൻ ലാലേട്ടനോടു സംസാരിച്ചിട്ടു തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി അറിഞ്ഞു. 

എനിക്കു ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ആരാധന കൊണ്ട് അൽപം ആവേശം കൂടിപ്പോയതാണ്. ലാലേട്ടൻ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. (എന്നെ അറസ്റ്റ് ചെയ്തെന്നു ചില ടിവി ചാനലുകളിൽ പേരു സഹിതം വാർത്ത വന്നതു വീട്ടുകാ‍രെ വിഷമിപ്പിച്ചിരുന്നു. ഞാൻ കാര്യം പറഞ്ഞപ്പോൾ അവർക്കു മനസ്സിലായി). 

ലാലേട്ടന്റെ തീരുമാനവും കാത്തു ഞാൻ പൊലീസ് സ്റ്റേഷനിലിരുന്നു. ഒടുവിൽ ഉച്ച കഴിഞ്ഞ് ഞാൻ കാത്തിരുന്ന ആ വിളി വന്നു: ലാ‍‍ലേട്ടൻ എന്നോടു ക്ഷമിച്ചിരിക്കുന്നു! അപ്പോൾ തോന്നിയ സന്തോഷം! കേസിൽ നിന്നു രക്‌ഷപ്പെട്ടതിലല്ല, ലാലേട്ടൻ എനിക്കു വേണ്ടി ഇടപെട്ടതിലായിരുന്നു സന്തോഷം’. 

(ഇത്ര വലിയ ആരാധകനാണെങ്കിലും ജോബിഷിന് ഇതുവരെ മോഹൻലാലിനെ നേരിട്ടു ശരിക്കൊന്നു കാണാൻ കഴിഞ്ഞിട്ടില്ല. ‘അയാൾ കഥയെഴുതുകയാണ്’ എന്ന പടത്തിന്റെ ഷൂട്ടിങ് കണ്ണൂരിൽ നടക്കുമ്പോൾ ദൂരെ നിന്ന് ഒരു നോക്കു കണ്ടിട്ടുണ്ട്).