Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നസ്രിയ

nazriya

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് നസ്രിയ. മലയാളത്തിനു പുറമേ തമിഴിലും നസ്രിയ അഭിനയിച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഫഹദുമായുള്ള വിവാഹത്തോടെ താരം അഭിനയജീവിതത്തിന് താൽക്കാലിക വിരാമമിടുകയും ചെയ്തു.

ഇതിനിടെ നസ്രിയ സിനിമയിലേയ്ക്ക് തിരിച്ചുവരുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അഞ്ജലി മേനോൻ ചിത്രത്തിലൂടെയാകും നസ്രിയയുടെ തിരിച്ചുവരവെന്നായിരുന്നു വാർത്ത. ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ വാർത്ത സത്യമാണെന്ന് െവളിപ്പെടുത്തി നസ്രിയ തന്നെ രംഗത്ത്.  

‘ബാംഗ്ലൂർ ഡെയ്സ് ചിത്രം കഴിഞ്ഞ ഉടൻ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ‘എന്റെ അടുത്ത ചിത്രമേതെന്ന്’. ഇതാ ഉത്തരം. ഞാൻ വീണ്ടും തിരിച്ചുവരുന്നു. പൃഥ്വിരാജും പാർവതിയും ഞാനും ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.’– നസ്രിയ പറഞ്ഞു.

ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് തിരക്കഥയും സംവിധാനവും ഒരുക്കുന്നത് അഞ്ജലി മേനോനാണ്.  

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പാര്‍വതി, പൃഥ്വിരാജ്, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വിജയരാഘവനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പറവയുടെ കാമറാമാന്‍ ലിറ്റില്‍ സ്വയമ്പാണ് കാമറ. ഊട്ടിയിലാണ് ചിത്രം ആരംഭിക്കുന്നത്. ദുബായ് മറ്റൊരു പ്രധാന ലൊക്കേഷനാണ്. സംഗീതം എം. ജയചന്ദ്രനാണ്. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.