Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ റജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റും; ഫഹദ് ഫാസില്‍

fahad-car

നികുതിവെട്ടിച്ച് ആഡംബര കാർ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഫഹദ് ഫാസിൽ. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ ഒ സി ലഭിച്ചാലുടന്‍ റജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു. 

വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത് ഉടമകൾ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത 10 വാഹനങ്ങളുടെ ഉടമകൾക്കു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ട‌ിസ് നൽകി. നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ചില കാറുകളുടെ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഉടമകൾ സ്ഥലത്തില്ലെന്ന മറുപടിയാണു ലഭിച്ചത്. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ് ഉടമകൾക്കു കൈമാറാൻ അയൽവാസികളെ ചുമതലപ്പെടുത്തിയിരുന്നു. 

നടി അമലാ പോള്‍, നടനും എം പിയുമായ സുരേഷ് ഗോപി എന്നിവരുടെ വാഹനങ്ങളും നികുതി ഇളവു ലഭിക്കാന്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു.

പത്തു ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്കു ലഭിച്ച നിർദേശം. ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന ഇൻസ്പെക്ടർ സെയ്ഫി ലാൽ, അസി. മോട്ടോർ വാഹന ഇൻസ്പെക്ടർ ജഗൻലാൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.