Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലനെ പ്രശംസിച്ച് ഋഷിരാജ് സിങ്

lal-rishi

മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലനെ പ്രശംസിച്ച് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും പതിവുപോലെ മോഹൻലാല്‍ അദ്ദേഹത്തിന്റെ വേഷം മികച്ചതാക്കിയെന്നും ഋഷിരാജ് സിങ് പറഞ്ഞു.

‘ആദ്യമായായിരിക്കും ജീവിതം ദുരന്തപൂർണമായ ഒരു നായകനെ ഇത്ര വ്യത്യസ്തമായ സ്വഭാവ സവിശേഷതകളോടെ ഒരു ചിത്രത്തിൽ അവതരിപ്പിച്ചത്. വില്ലൻ നമുക്ക് നൽകുന്നത് പുതുമയുള്ള ഒരു സിനിമാനുഭവം ആണ്.– ഋഷിരാജ് സിങ് പറയുന്നു.

‘തന്റെ ജീവിതം തകർത്തവരോട് കൊല്ലും കൊലയുമായി പ്രതികാരം ചെയ്യുന്ന നായകന്മാരെ കണ്ടു ശീലിച്ച നമുക്ക് മുന്നിലേക്ക്, അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായ എല്ലാം മറക്കാനും പൊറുക്കാനും ശ്രമിക്കുന്ന നായകനെയാണ് ബി ഉണ്ണികൃഷ്ണൻ ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. പ്രതികാരം ഒന്നിനും ഒരു പരിഹാരം അല്ലെന്നും നമ്മളോട് തെറ്റ് ചെയ്തവരോട് പോലും ക്ഷമിക്കാൻ പഠിക്കണം എന്നുള്ള വലിയ സന്ദേശം കൂടി ഈ ചിത്രം നൽകുന്നുണ്ട്.– ഋഷിരാജ് സിങ് പറഞ്ഞു. 

‘വളരെ പ്രസക്തിയേറിയ നീതിന്യായ വിഷയങ്ങൾ ഈ ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മോഹൻലാൽ വളരെ സ്വാഭാവികമായി മാത്യു മാഞ്ഞൂരാൻ എന്ന പൊലീസ് ഓഫീസർ ആയി അഭിനയിച്ചു. അതുപോലെ തന്നെ മഞ്ജു വാര്യർ, വിശാൽ, ഹൻസിക, രാശി ഖന്ന, ചെമ്പൻ വിനോദ് എന്നിവരുടെ പ്രകടനവും മികച്ചത് തന്നെ.– ഋഷിരാജ് സിങ് പറഞ്ഞു. 

ഒരു ആക്​ഷൻ സിനിമ എന്ന നിലയിലും വില്ലൻ മികച്ച നിലവാരം പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നുവെന്നും ഈ ചിത്രത്തിന്റെ കഥ പറഞ്ഞു പോയ വേഗതയയും തനിക്ക് ഇഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.