Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീശയില്ലാതെ മുപ്പതുകാരൻ മാണിക്യനായി മോഹൻലാൽ

odiyan-newlook

ഒടിയൻ സിനിമയ്ക്ക് വേണ്ടി അതിഗംഭീര മേയ്ക്ക്ഓവറുമായി മോഹൻലാല്‍ എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിലെ ലുക്കിൽ മീശയില്ലാതെ മുപ്പതുകാരനായ മാണിക്യനായാണ് മോഹൻലാൽ ചിത്രത്തിന്റെ 3–ാം ഷെഡ്യൂളിൽ എത്തുന്ന‌ത്. സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ കഴിഞ്ഞ ദിവസം തുടങ്ങിയെന്നും ക്യൂട്ട് ലുക്കിൽ ലാലേട്ടൻ ഡിസംബർ അഞ്ചാം ‌തിയതി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ ട്വിറ്ററിൽ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹൻലാൽ നടത്തുക. കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരമാകും മോഹൻലാൽ കുറയ്ക്കുക. ഇതിന് മുന്നോടിയായി ആശുപത്രിയിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹൻലാലിന്റെ ഫിറ്റ്നെസ് ലെവൽ പരിശോധിച്ച ടീം 35 മുതൽ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള ഈ ടീമിൽ 25 പേരുണ്ട്. പഴയ മോഹൻലാലിനെ വീണ്ടും കാണാനാകും എന്നതാണ് ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്ന മറ്റൊരു കാര്യം.

നിലവിൽ 65–കാരനായ മാണിക്യന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവിനായി 40 ദിവസത്തെ ഇടവേളയും ഒടിയൻ ടീം എടുത്തുകഴിഞ്ഞു. ഒടിയന്‍റെ ക്ലൈമാക്സ്‌ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒടിയന്‍റെ ക്ലൈമാക്സ്‌. രണ്ടു പ്രധാന ചിത്രങ്ങള്‍ മാറ്റി വച്ചാണ് പീറ്റര്‍ ഹെയ്ന്‍ ഒടിയന്‍റെ ആക്ഷന്‍ സംവിധാനം ഏറ്റെടുത്തത് എന്നും ഈ ചിത്രം പീറ്റര്‍ ഹെയ്നിനു മറ്റൊരു ദേശീയ പുരസ്കാരം നേടി കൊടുക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഒടിയന്‍റെ ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന കൂറ്റൻ സെറ്റാണ് ഒടിയന് വേണ്ടി സൃഷ്ടിച്ചത്.