Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ അത്ഭുതം, മമ്മൂട്ടി ചങ്ക്: ജോജു

joju

ഒരു സിനിമാനടൻ ആയിരുന്നില്ലെങ്കിൽ ജോജു മറ്റാരുമാവില്ലായിരുന്നു. കാരണം സിനിമ മാത്രമായിരുന്നു ജോജുവിന്റെ ആഗ്രഹം. തന്റെ മുഖമൊന്നു സിനിമയിൽ കാണിക്കുക എന്ന ലക്ഷ്യത്തോടെ ജോജു സഞ്ചരിച്ചതു വർഷങ്ങളാണ്. ജോജുവുമായി കുട്ടികൾ നടത്തിയ അഭിമുഖം.

സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യം സഫലമാവുന്നതിന് എത്രനാളു വേണ്ടിവന്നു?

സിനിമ എന്റെ പാഷൻ ആണ്. ആഗ്രഹവും ജീവിത ലക്ഷ്യവും എല്ലാം സിനിമ തന്നെ. സിനിമാഭ്രാന്ത് തലയ്ക്കു പിടിച്ചു വർഷങ്ങളോളം നടന്നു. സിനിമാ ഭ്രാന്തിനു മനഃശാസ്ത്ര ഡോക്ടറെ കാണാൻ പോയ സിനിമാ നടൻ ഒരു പക്ഷേ, ഞാൻ മാത്രമായിരിക്കും. ഇവനെ നോക്കേണ്ട– ഒന്നുകിൽ ഇവൻ സിനിമയിൽ രക്ഷപ്പെടും, ഇല്ലെങ്കിൽ ഒന്നുമാകില്ല എന്നാണു ഡോക്ടർ അന്നു പറഞ്ഞത്. 20–ാം വയസ്സിലാണു സിനിമയിൽ ആദ്യമായി ഒരു ഡയലോഗ് പറയുന്നത്. 1999ൽ ദാദാസാഹിബിൽ.

ജോജുച്ചേട്ടന്റെ ആഗ്രഹങ്ങൾ?

ആദ്യം സിനിമയിൽ മുഖം കാണിച്ചാൽ മതിയെന്നായിരുന്നു ആഗ്രഹം. പിന്നെ ഡയലോഗ് വേണമെന്നായി. പിന്നെ ഒരു പേരുള്ള കഥാപാത്രം വേണമെന്നായി. അപ്പോൾ പോസ്റ്ററിൽ മുഖംവരണം, ടീസറിൽ വരണം, നീണ്ട കഥാപാത്രങ്ങൾ കിട്ടണം. ഇങ്ങനെ പോകുന്നു, ആഗ്രഹങ്ങൾ. സിനിമയിൽ എത്തിയിട്ട് 20 വർഷമാകുന്നു. പരിശ്രമവും പലരുടെയും പിന്തുണയും ദൈവസഹായവും ഉള്ളതുകൊണ്ട് ഇവിടെ വരെ എത്തി. 

ചേട്ടന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവങ്ങൾ?

അത്.... അതൊരുപാടുണ്ട്. ആദ്യമായി ഞാൻ മമ്മൂക്കയെ കണ്ടതു മറക്കാനാകാത്ത അനുഭവമാണ്. കാരണം അത്രയ്ക്കായിരുന്നല്ലോ സിനിമയോടും സിനിമാക്കാരോടുമുള്ള ഭ്രാന്ത്. പിന്നെ ഇരട്ടക്കുട്ടികൾ ഉണ്ടായത്... അങ്ങനെയങ്ങനെ.   

ജോജുച്ചേട്ടന്റെ ഹോബികൾ എന്തൊക്കെയാണ്?

എന്റെ പ്രധാന ഹോബി, ദേ.. ഈ വയറു കണ്ടില്ലേ.. ഭക്ഷണം തന്നെ.   

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം? 

ഇഷ്ട ഭക്ഷണം ബ്രഡ്ഡും സ്റ്റ്യൂവുമാണ്. ഒരു പായ്ക്കറ്റ് ബ്രഡ് അല്ലെങ്കിൽ ടേബിളിൽ എടുത്തുവച്ച കറി തീരുന്നതുവരെ കഴിക്കും. ഇത് അത്ര നല്ലശീലമല്ലെന്ന് അറിയാം. എങ്കിലും എനിക്ക് അത്ര കൺട്രോൾ ഇല്ല.

ലാലേട്ടനും മമ്മൂക്കയും ചേട്ടന് എങ്ങനെയാണ്?

മോഹൻലാൽ എനിക്ക് എന്നും ഒരു അത്ഭുതമാണ്. ലാലേട്ടൻ മാത്രമല്ല പലരുമുണ്ട് ഈ വിഭാഗത്തിൽ. മമ്മൂക്ക എന്റെ ചങ്ക് അല്ലേ... 

നായകനായി വേഷം ലഭിക്കുകയാണെങ്കിൽ ആരാവണം നായിക?

അങ്ങനെ പ്രത്യേകിച്ച് ആരും വേണമെന്നില്ല. പക്ഷേ, അഭിനയിക്കാൻ അറിയാവുന്ന ആളാകണം എന്ന് ആഗ്രഹം ഉണ്ട്. അത്രയുള്ളൂ. ഗ്രൗണ്ടിൽ വണ്ടിയോടിക്കുന്നതും റോഡിൽ വണ്ടിയോടിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. റോഡിൽ വണ്ടിയോടിക്കാൻ അറിയുന്ന ആളാകണം. അതായത് നന്നായി അഭിനയിക്കാൻ അറിയണം അത്ര തന്നെ. 

20–ാം വയസ്സിലല്ലേ സിനിമയിലെത്തുന്നത്, വേറെ ജോലി ഒന്നും ചെയ്തിട്ടില്ലേ?

joju-george-family

ഉണ്ട്. സിനിമയിൽ വരുന്നതിനു മുൻപു ഹോട്ടലിൽ പണിയെടുത്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിട്ടുണ്ട്. ഹോട്ടൽ നടത്തിയിട്ടുണ്ട്. അങ്ങനെ കുറേ ജോലികൾ.

അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

ങും.... എല്ലാവരും പറയുന്ന ഡയലോഗ് തന്നെ പറയാം. എല്ലാ സിനിമയും ഇഷ്ടമാണ്. ഹ..ഹ..ഹ.. 

സീരിയസ് കഥാപാത്രമാണോ കോമഡി കഥാപാത്രമാണോ ഇഷ്ടം?

കഥാപാത്രത്തെയാണ് ഇഷ്ടപ്പെടുന്നത്. അല്ലാതെ കോമഡി, സീരിയസ് എന്നു നോക്കില്ല. ഓരോ കഥാപാത്രത്തിനും ഓരോ സ്വഭാവ സവിശേഷതകളാണ്. 

യാത്ര പോവാറുണ്ടോ? ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്?

കാനഡയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അടിപൊളി.

നിറയെ സിനിമകൾ, ചേട്ടനിപ്പോ വലിയ സൂപ്പർ സ്റ്റാറാ...

യ്യോ..... അങ്ങനെയൊന്നൂല്ല. 

ഓടാനൊക്കെ പോവാറുണ്ടോ?

ങും. ആരെങ്കിലും ഓടിച്ചാൽ മാത്രം. 

ഈ കുടവയറ്...

അത് നിങ്ങളിപ്പോൾ കാണുന്നില്ലേ... കുറഞ്ഞു. അല്ല, കുറച്ചോണ്ടിരിക്കുവാ...ആഹാരം ഇഷ്ടപ്പെട്ടു കഴിക്കുന്ന ഒരാളാണു ഞാൻ. സിനിമയിലൊക്കെ നല്ല സൂപ്പർ ഫുഡ്ഡാണ്. 

വീട്ടിലൊക്കെ ദേഷ്യപ്പെടാറുണ്ടോ?

ഞാനും നിങ്ങളുടെ വീട്ടിലുള്ള ഒരാളെപ്പോലെ തന്നെയാണ്. ദേഷ്യപ്പെടും, കളിക്കും ചിരിക്കും. 

പാചകം ചെയ്യാറുണ്ടോ?

അത്യാവശ്യം നാടൻ വിഭവങ്ങളെല്ലാം ഉണ്ടാക്കും. 

സിനിമയിൽ വരുന്നതിനു മുൻപ് ഷോർട് ഫിലിം ഒക്കെ എടുത്തിട്ടുണ്ടോ?...

ആ സംസ്കാരമൊക്കെ ഇപ്പോഴല്ലേ വരുന്നത്. 20 വർഷം മുൻപൊക്കെ ഇതിനു പകരം മിമിക്രിയായിരുന്നു. മിമിക്രിയിലൂടെ തന്നെയാണ് ഒട്ടുമിക്ക ആളുകളും സിനിമയിൽ എത്തുന്നത്. 

ചേട്ടനെ ട്രോളുകളിൽ മിക്കപ്പോഴും കാണാറുണ്ടല്ലോ?

പിന്നെ അതിനൊന്നും ഒരു ക്ഷീണവും ഇല്ല. കൂടുതലും ആക്‌ഷൻ ഹീറോ ബിജുവിലെ കഥാപാത്രത്തെ വച്ചാണ്. പിന്നെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലുക്കാചുപ്പി, രാജാധിരാജ ഒക്കെ ട്രോളൻമാർ എടുക്കാറുണ്ട്. നിങ്ങൾക്കും സന്തോഷം. ഞങ്ങൾക്കും സന്തോഷം. 

ബാഹുബലിയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ ആരാവാനാണ് ആഗ്രഹം.

ചോദിക്കാനുണ്ടോ! ബാഹുബലി തന്നെ. ഇതിപ്പോ 1 കോടിയും 2 കോടിയും മുന്നിൽ വച്ചാൽ, ഏയ് എനിക്ക് 1 കോടി മതീന്നേ, മതിയായിട്ടാ... എന്നൊക്കെ  ആരെങ്കിലും പറയുമോ? ഹഹഹ... ഹഹഹ... 

പുറത്തിറങ്ങുമ്പോൾ ആരാധകർ കൂടാറുണ്ടോ?

ഓ.. അങ്ങനെയൊന്നുമില്ല. എങ്കിലും ആരാധകരുടെ കാര്യത്തിൽ പണ്ടു മമ്മൂട്ടി പറഞ്ഞൊരു കാര്യമുണ്ട്. ജീവിത വിജയങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ പഠിക്കണം. ജീവിത വിജയങ്ങളെ കൃത്യമായി കൈകാര്യം ചെയ്തതുകൊണ്ടു തന്നെയാണു മമ്മൂട്ടിയും മോഹൻലാലും ഇങ്ങനെയിരിക്കുന്നത്. ഉദാഹരണത്തിന് ഒരാൾക്ക് 50 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചാൽ ങാ... ലോട്ടറി അടിച്ചെന്നോർത്തു കിളിപോയി ഭ്രാന്തായാൽ അതോടെ തീർന്നില്ലേ. ആ 50 ലക്ഷം കൃത്യമായി പ്ലാൻ ചെയ്തു കൈകാര്യം ചെയ്യാൻ പഠിക്കണം. 

പുസ്തകം വായിക്കാറുണ്ടോ. ഏതാണ് ഇഷ്ടപ്പെട്ട പുസ്തകം?

വായിക്കാറുണ്ട്, സമയം കിട്ടുമ്പോൾ. പക്ഷേ ഒരുപാടൊന്നും വായിക്കാറില്ല. വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാമൂഴമാണ്. 

ഇത് ആത്മകഥ എഴുത്തുകാരുടെ കാലമാണല്ലോ. അങ്ങനെ വല്ല പ്ലാനുമുണ്ടോ?

എഴുതാനൊന്നും പ്ലാനില്ല. പക്ഷേ, കേൾക്കുന്നവർക്കു ബോറടിക്കാത്ത തരത്തിൽ കുറെയേറെ അനുഭവങ്ങളുണ്ടു ജീവിതത്തിൽ. സിനിമയിൽ അവസരം തരാമെന്നു പറഞ്ഞ് ഒരു വർഷം മുഴുവൻ ശമ്പളം പോലുമില്ലാതെ ഓഫിസ് ജോലി എടുപ്പിച്ചിട്ടുണ്ട് ഒരു മഹാൻ. 

ഇപ്പോഴത്തെ തലമുറയെപ്പോലെ സെൽഫി ഭ്രാന്തുണ്ടോ?

സെൽഫി ഒക്കെ എടുക്കാറുണ്ട്. അതൊക്കെ ഇൻസ്റ്റഗ്രാമിൽ ഇടും. കുറേ ഫോളോവേഴ്സും ഉണ്ട്. ഫോട്ടോ ഇടുന്നതൊക്കെ ഒരു രസമല്ലേ. 

മക്കളെ സിനിമയിൽ കൊണ്ടുവരാൻ പ്ലാനുണ്ടോ?

അവർക്കങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും പിന്തുണയ്ക്കും. ഇപ്പോൾ മൂന്നു വയസ്സുള്ള ഇളയകുട്ടി രണ്ടു സിനിമകളിൽ പാടിക്കഴിഞ്ഞു. 

ഈ താടിയൊക്കെ സിനിമയ്ക്കു വേണ്ടി കളയേണ്ടി വരുമ്പോൾ സങ്കടമുണ്ടോ?

താടിയാണ് എന്റെ കോൺഫിഡൻസ്. താടി മാറ്റിയാൽ കവിളൊക്കെ ചാടിയിരിക്കും. പക്ഷേ, സിനിമയ്ക്കു വേണ്ടി എന്തും ചെയ്യും. ഒരു പൊലീസ് വേഷം വരുന്നുണ്ട്. താടി വടിക്കണം...

ജോജു ജോർജ് 1995 ൽ മഴവിൽക്കൂടാരമെന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം. കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി. ഇപ്പോൾ നടനും നി‍ർമാതാവും. ലുക്കാച്ചുപ്പിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഒരു സെക്കൻഡ് ക്ലാസ് യാത്ര, 1983, ലോഹം, മിലി, രാജാധിരാജ, ആക്‌ഷൻ ഹീറോ ബിജു, ആംഗ്രി ബേബീസ്, ഹോട്ടൽ കാലിഫോർണിയ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാമന്റെ ഏദൻതോട്ടം, ഉദാഹരണം സുജാത എന്നിങ്ങനെ ഒട്ടേറെ സിനിമകൾ.