Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം–കണ്ണൂർ 6.45 മണിക്കൂർ; ട്രാഫിക് സിനിമയെ വെല്ലുന്ന സംഭവം

thameem-abulance-driver തമീം, ശ്രീനിവാസൻ

നിസഹായതയും കണ്ടു ശീലിച്ച അവരുടെ ജീവിതത്തിലേക്ക് ചില നിർണായകമായ നിമിഷങ്ങളെത്തും. വിധി എന്താകും എന്നു പോലും ചിന്തിക്കാനാകാതെ അവർ ആ ജീവനുമായി യാത്ര പോകും. യാഥാർഥ്യമാകും എന്ന് ഒരു ശതമാനം പോലും ആരും ഉറപ്പു നൽകാത്ത യാത്ര.  ആ യാത്രയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ട്രാഫിക്. മലയാള സിനിമയുടെ ട്രാഫിക് തന്നെ മാറ്റിയ ചിത്രത്തെ അനുമസ്മരിപ്പിക്കുകയാണ് ദാ ഇവിടെയൊരു ആംബുലൻസ് ഡ്രൈവർ. നമ്മുടെ റോഡു വഴി അ‍ഞ്ഞൂറ് കിലോമീറ്ററാണ് ഈ ഡ്രൈവർ ഏകദേശം ആറു മണിക്കൂറിൽ പൂർത്തിയാക്കിയത്. 

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് സിനിമയിൽ ശ്രീനിവാസൻ ചെയ്ത കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു തമീം എന്ന ഈ ഡ്രൈവറുടെ യാത്ര.14 മണിക്കൂർ വേണം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ‌. ആറെ മുക്കാൽ മണിക്കൂർ കൊണ്ടാണ് തമീം ലക്ഷ്യത്തിലെത്തിയത്. 

KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലൻസിൽ  പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്  ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അൽപ്പ സമയത്തിനകം കണ്ണൂരിൽ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി  വഴിയൊരുക്കി കൊടുക്കാൻ സഹായിക്കുക.  എവിടെയെങ്കിലും റോഡിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെ കുറിച്ച് പൊതുജനങ്ങൾക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്. 

ഇന്നലെ രാത്രി 8:30 ഓടെയാണ്‌ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഒരു മാസം മാത്രം പ്രായമായ ഒരു കൈകുഞ്ഞിനെയും കൊണ്ട്‌ ആംബുലൻസ്‌ തിരുവനന്ദപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ പാഞ്ഞത്‌. ഏകദേശം 500 കിലോമീറ്റർ വഴിദൂരമുള്ള സ്ഥലത്തേക്ക്‌ എത്തിപ്പെടാൻ റോഡിൽ യാതൊരു വിധ തടസ്സങ്ങളുമില്ലെങ്കിൽ പോലും ഏകദേശം 14 മണിക്കൂർ സമയമെടുക്കുന്നിടത്താണ്‌‌ വെറും ആറെ മുക്കാൽ മണിക്കൂർ കൊണ്ട്‌ (8:30 pm - 3:22 am) ലക്ഷ്യസ്ഥാനത്തെത്തിയത്‌.

നാട് മുഴുവനും  ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പലരും സഹായത്തിനെത്തി. പൊലീസും കൈകോർത്തു. പ്രാർഥനയും സഹായവുമായി എല്ലാവരും ഒന്നുചേർന്നതോടെ യാത്ര ലക്ഷ്യത്തിലെത്തി.

ഇതേ കഥയായിരുന്നു ട്രാഫിക് ചിത്രത്തിലും. എറണാകുളത്തു നിന്ന് പാലക്കാട് വരെ നീളുന്ന യാത്ര. യഥാർഥത്തിൽ യാത്രയ്ക്കു വേണ്ട സമയത്തിന്റെ പകുതി പോലും എടുക്കാതെ വേണമായിരുന്നു ലക്ഷ്യത്തിലെത്താൻ. ആംബുലൻസ് ഡ്രൈവർക്കു പകരം ഇവിടെ പൊലീസ് ഡ്രൈവറായിരുന്നു എന്നു മാത്രം. ശ്രീനിവാസൻ കഥാപാത്രം ആ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു വരികയായിരുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു നടത്തേണ്ടിയിരുന്നത്. ഇതേ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മുൻപും സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെ ആറെ മുക്കാൽ മണിക്കൂറിലെത്തിയ തമീം സിനിമയെ വെല്ലുന്ന കഥയാണ് ജീവിതത്തിലെഴുതിയത്.  

thameem-abulance-driver-1