Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിലാലിന്റെ രണ്ടാംവരവിനൊരു കാരണമുണ്ട്; അമൽ നീരദ് പറയുന്നു

bilal-2-amal-neerad

പ്രേക്ഷകർ മാത്രമല്ല മലയാളതാരങ്ങളും ആവേശത്തോടെയാണ് ബിലാലിന്റെ രണ്ടാം വരവിനെ ഏറ്റെടുത്തത്. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ബിഗ് ബി 2വിന് ലഭിച്ചത്. 

ആദ്യഭാഗം പുറത്തിറങ്ങി പത്ത് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ബിലാലിന്റെ രണ്ടാം വരവിനെക്കുറിച്ച് അമല്‍ നീരദ് പറയുന്നു.

‘ഇത്ര വലിയ വരവേല്‍പ്പിന് വളരെയധികം നന്ദി, അതിനൊപ്പം തന്നെ ഉത്തരവാദിത്തവും വര്‍ധിച്ചിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നിലനിൽപിന് വേണ്ടിയാണ് ബിഗ് ബി നിർമിച്ചത്. ഇന്നും ഈ സിനിമയ്ക്ക് മലയാളികളുടെ ഹൃദയത്തില്‍ വലിയൊരു സ്ഥാനം ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു. ’–അമൽ നീരദ് പറഞ്ഞു.

‘ആദ്യ ഭാഗത്തേക്കാൾ മികച്ച രീതിയില്‍ ‘ബിലാലി’നെ കൊണ്ട് വരാനാണ് ഞാന്‍ ശ്രമിക്കുന്നത്. സിനിമ പ്ലാന്‍ ചെയ്യാന്‍ കുറച്ചു സമയം എനിക്ക് വേണം. ‘ബിഗ് ബി’യിലെ ചില കഥാപാത്രങ്ങള്‍ ‘ബിലാലി’ലും ഉണ്ടാകും എന്നുള്ളല്ലാതെ മറ്റൊന്നും ഇത് വരെ തീരുമാനമായിട്ടില്ല.’ 

‘2018ല്‍ തന്നെ ‘ബിലാല്‍’ സംഭവിക്കും. ഒരു രണ്ടാം ഭാഗം എടുക്കണം എന്ന പദ്ധതി ഉണ്ടായിരുന്നെങ്കില്‍ അത് എനിക്ക് നേരത്തെ തന്നെ ചെയ്യാമായിരുന്നു. ആദ്യ ഭാഗം മാസ്സായി ആഘോഷിക്കപ്പെട്ടത് കൊണ്ട് മാത്രം ആ സിനിമയുടെ രണ്ടാം ഭാഗം എടുക്കണം എന്ന് ആലോചിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ ആദ്യ ഭാഗത്തിന്റെ സൗന്ദര്യം കൂടി ഇല്ലാതാക്കാം എന്നേയുള്ളു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബിലാലിനെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള കാരണം മറ്റൊന്നുമല്ല. രണ്ടാം ഭാഗത്തിന് വേണ്ടി ഒരു മികച്ച കഥാതന്തു ലഭിച്ചു.’–അമൽ നീരദ് പറഞ്ഞു.

‘സിനിമയുടെ പ്രി പ്രൊഡക്ഷൻ ആരംഭിച്ചെങ്കിലും ഞാനിപ്പോള്‍ ഫഹദ് ചിത്രമായ ട്രാൻസിന്റെ തിരക്കിലാണ്. ഈ സിനിമ പൂർത്തിയായതിന് ശേഷമേ ബിലാലിലേയ്ക്ക് കടക്കൂ.’–അമൽ നീരദ് പറഞ്ഞു.

നേരത്തെ ഗോപിസുന്ദറിന്റെ കുറിപ്പിൽ ബിഗ് ബി ആദ്യഭാഗത്തിലെ അതേ ആളുകള്‍ തന്നെ രണ്ടാം ഭാഗത്തിലും വരുന്നുവെന്ന് കുറിച്ചിരുന്നു. അതെക്കുറിച്ച് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും അമൽ പറഞ്ഞു. ഫഹദിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. അമൽ നീരദ് ആണ് ഛായാഗ്രഹണം.