Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെതിരെ സാക്ഷിയാകുന്നവർ ഇവരൊക്കെ; ഷോൺ ജോർജ് വെളിപ്പെടുത്തുന്നു

shone-dileep

ദിലീപിനെതിരെ പൊലീസ് വൃത്തികെട്ട കളി കളിക്കുന്നുവെന്ന് ഷോൺ ജോർജ്. ദിലീപിനെതിരെ ഒരു പൊലീസുകാരനെ മാപ്പുസാക്ഷിയാക്കുന്നതിലൂടെ അയാൾ ചെയ്ത ഗൗരവകരമായ തെറ്റിനെ മറച്ചുവയ്ക്കുകയാണെന്ന് ഷോൺ മനോരമ ന്യൂസിനോട് പറഞ്ഞു.

ഷോണിന്റെ വാക്കുകൾ–

നാൽപത്തഞ്ചാം ദിവസം ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോഴാണ് ഇപ്പോൾ മാപ്പുസാക്ഷിയെന്ന് പറയപ്പെടുന്ന ഈ പൊലീസുകാരനെ കൊണ്ടുവരുന്നത്. ഈ പൊലീസുകാരൻ ചെയ്ത ജോലിയെന്താണ്, പൾസർ സുനിയെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ് സുരക്ഷയ്ക്കായി നിയോഗിച്ച ഈ പൊലീസുകാരനോട് ദിലീപിന്റെ പേര് പറഞ്ഞെന്നാണ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ ഭാഗമായി ദിലീപിന്റെ ജാമ്യാപേക്ഷയും തള്ളുകയുണ്ടായി.

Actress attack case -Shon George reaction

ഏഴ് മാസം മുമ്പ് നടന്നൊരു ക്രൈമിന് വേണ്ടി ഏഴ് മാസത്തിന് ശേഷം സർവീസിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കി അയാളെ മാപ്പുസാക്ഷിയാക്കുകയാണ്.  അയാളെ വീണ്ടും സംരക്ഷിക്കുകയാണ്. ഇത് തന്നെ ഏറ്റവും ഗൗരവകരമായ തെറ്റല്ലെ. പ്രതിയെ സഹായിക്കാൻ വേണ്ടി കാര്യങ്ങൾ നടത്തിയിട്ട് അയാളെ സർവീസിൽ നിന്ന് പിരിച്ച് വിടാനോ ശിക്ഷ വാങ്ങിച്ച് കൊടുക്കാനോ ശ്രമിക്കാതെ പൊലീസ് വൃത്തികെട്ട കളി കളിക്കുകയാണ്. 

ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് ബോധ്യപ്പെട്ടിട്ട് അയാൾക്ക് നീതിലഭിക്കണമെന്ന് ആഗ്രഹിച്ച് രംഗത്തിറങ്ങിയവരാണ് ഞങ്ങളെല്ലാവരും. ഒരു തെളിവെങ്കിലും പൊലീസ് കാണിച്ച് തരൂ. സാക്ഷികൾ കൂറുമാറുമെന്ന് പൊലീസ് പറയുന്നു. ദിലീപ് സ്വാധീനിച്ചെങ്കിൽ അത് നേരത്തെ പറയാമായിരുന്നില്ലേ. ദുബായിയ്ക്ക് പോകുവാൻ വേണ്ടി ദിലീപ് ഒരു അപേക്ഷ കൊടുത്തപ്പോൾ മാത്രമാണ് ഇങ്ങനെയൊരു നീക്കവുമായി പൊലീസ് എത്തിയത്. ദിലീപിന് അനുകൂലമായി കോടതി വിധിച്ചത് തന്നെ അത്യപൂർവമായ കാര്യമാണ്.

ദിലീപിനെ ഈ കേസിൽ ശിക്ഷിക്കാൻ സാഹചര്യതെളിവുകൾ മാത്രം മതി. എന്നാൽ കേസിനാസ്പദമായ സംഭവത്തിലേക്ക് വിരൽ ചൂണ്ടുന്ന സാഹചര്യതെളിവുകൾ ഉണ്ടാകണം. അതായത് ഈ നടിയെ പീഡിപ്പിക്കുവാൻ ദിലീപ് ആ വ്യക്തിക്ക് ക്വട്ടേഷൻ നൽകിയെന്ന് തെളിയിക്കണം. അല്ലാതെ മൂന്നുവർഷം മുമ്പ് അവിടെവച്ച് കണ്ടിട്ടുണ്ട് പതിനായിരം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട് എന്ന് പറഞ്ഞാൽ എന്ത് കാര്യം. 

ലോകത്ത് ആദ്യത്തെ സംഭവമായിരിക്കും ഒന്നരകോടിക്ക് പതിനായിരം രൂപ അഡ്വാൻസ് കൊടുക്കുന്നത്. ഈ സംഭവം കഴിഞ്ഞിട്ട് ബാക്കി പൈസയ്ക്ക് വേണ്ടി പൾസർ സുനിയുടെ ഒരാള് പോലും ദിലീപിനെ സമീപിച്ചതായി പൊലീസ് പറയുന്നില്ല. ഇതൊക്കെ വിശ്വസിക്കാൻ ലോജിക്ക് പ്രകാരം എനിക്ക് സാധിക്കില്ല.

സിനിമാമേഖലയിൽ നിന്നുള്ള 50 സാക്ഷികളിൽ കുറച്ചുപേരുകളുടെ പേരുകൾ ഞാൻ പറയാം. ഒന്ന് ബൈജു കൊട്ടാരക്കര, എം എ നിഷാദ്, ലിബർട്ടി ബഷീർ. സിനിമയ്ക്കകത്തെ രാഷ്ട്രീയം എനിക്ക് കൃത്യമായി അറിയില്ല. ദിലീപ് ജയിലിൽ കിടന്ന സമയത്ത് കഴിഞ്ഞ 85 ദിവസവും ചാനൽ ചർച്ചയിൽ വന്നവരെല്ലാം സാക്ഷികളായേക്കാം. 

മഞ്ജു വാരിയർ സാക്ഷിയാകുമെന്നത് അത്ഭുതകരമായ കാര്യമൊന്നുമല്ല. ഇവര്‍ തമ്മിലുള്ള വിരോധം തെളിയിക്കാൻ എളുപ്പമായ കാര്യമാണ്. ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതാണോ ക്വട്ടേഷനിലേക്ക് വഴിവെച്ചതെന്ന് കോടതി വിലയിരുത്തേണ്ട കാര്യമാണ്. എന്നാൽ ഇത്തരമൊരു കേസിൽ അകപ്പെട്ട ഒരാൾക്ക് വിദേശത്ത് പോകാൻ അനുമതി ലഭിക്കുക അപൂർവങ്ങളിൽ അപൂർവമാണ്. കോടതിക്ക് വ്യക്തമായ ബോധ്യം വന്നതുകൊണ്ടാണ് അങ്ങനെയൊരു വിധി പുറപ്പെടുവിച്ചതും.